Connect with us

Gulf

പഴയ മൊബൈല്‍ ഫോണ്‍ ഒഴിവാക്കരുതെന്ന് പോലീസ്

Published

|

Last Updated

ദുബൈ: ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ കൈമാറുകയോ വില്‍ക്കുകയോ ചെയ്യരുതെന്ന് ദുബൈ പോലീസ് ആവശ്യപ്പെട്ടു. മൊബൈലില്‍ നിന്നു ഡിലിറ്റ് ചെയ്ത ചിത്രങ്ങളും ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുന്നതിലൂടെ ഇല്ലാതാവുന്ന ചിത്രങ്ങളുമെല്ലാം തിരിച്ചെടുക്കാന്‍ സാധിക്കുന്ന ആപ്പുകളും പ്രോഗ്രാമുകളും നിലവിലുള്ളതിനാലാണ് പോലീസ് ഇത്തരം ഒരു ഉപദേശം നല്‍കുന്നത്. സ്വകാര്യതയുടെ ഭാഗമായ ചിത്രങ്ങള്‍ പലരുടെയും മൊബൈലില്‍ സര്‍വസാധാരണമായതാണ് ഇത്തരം ഒരു അഭ്യര്‍ഥന നടത്താന്‍ പോലീസിനെ പ്രേരിപ്പിക്കുന്നതെന്ന് ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി വിഭാഗം തലവന്‍ ലഫ്. കേണല്‍ അഹ്മദ് മത്തര്‍ അല്‍ മുഹൈരി പറഞ്ഞു. ഇപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ തിരിച്ചെടുക്കാവുന്ന നിരവധി പ്രോഗ്രാമുകളാണ് ലഭ്യമായിരിക്കുന്നത്. കുടുംബത്തിന്റെയും വ്യക്തിപരമായതുമായ ചിത്രങ്ങള്‍ പല രീതിയിലും ദുരുപയോഗപ്പെടുത്താന്‍ സാധിക്കുന്നത് മുന്‍നിര്‍ത്തിയാണ് പോലീസ് ഇത്തരം ഒരു ഉപദേശം നല്‍കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം വീഡിയോകളും തിരിച്ചെടുക്കാനാവുമെന്ന് മറന്നുകൂടാ. പലരും ഇത്തരം ചിത്രങ്ങളും വീഡിയോകളും തിരിച്ചെടുക്കുന്നവരില്‍ നിന്ന് ബ്ലാക്ക് മെയിലിംഗ് നേരിടുന്നതും പതിവായിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിതമായി നശിപ്പിക്കുകയോ, സുരക്ഷ ഉറപ്പാക്കുന്ന രീതിയില്‍ പ്രത്യേകമായി സൂക്ഷിക്കുകയോ ആണ് ഉചിതമെന്ന് സംഭവത്തെക്കുറിച്ച് പ്രതികരിക്കവേ ഒരു കൂട്ടം സ്വദേശി സ്ത്രീകള്‍ അഭിപ്രായപ്പെട്ടു. കത്തിച്ച് കളയുന്നതും അഭികാമ്യമാണെന്നും അവര്‍ പറഞ്ഞു. ഓരോ വര്‍ഷവും തങ്ങള്‍ പുതിയ ഫോണുകള്‍ വാങ്ങുക പതിവാണെന്ന് ദുബൈയില്‍ താമസിക്കുന്ന കൗല വ്യക്തമാക്കി. മഞ്ഞുകാലത്ത് മരുഭൂമിയില്‍ ചെലവഴിക്കുന്ന ദിനങ്ങളില്‍ കുടുംബത്തിലുള്ളവരെല്ലാം പഴയവ കത്തിക്കുകയാണ് ചെയ്യാറ്. ഇന്ന് മൊബൈല്‍ കത്തിക്കല്‍ ഓരോ വര്‍ഷവും അനുഷ്ഠാനം പോലെ തുടരുകയാണെന്നും അവര്‍ പറഞ്ഞു. മുമ്പ് പൊട്ടിച്ചു കളയുകയായിരുന്നു പതിവ്. എന്നാല്‍ അവയുമായി ബന്ധപ്പെട്ട് മുറിവേല്‍ക്കാനും മറ്റുമുള്ള സാധ്യതയാണ് കത്തിക്കുകയെന്ന ആശയത്തിന് പ്രാധാന്യം ലഭിക്കാന്‍ ഇടയാക്കിയത്. കുടുംബത്തിലെ സ്ത്രീകളാണ് മൊബൈല്‍ കത്തിക്കുക. പുരുഷന്മാര്‍ പുതിയവ വാങ്ങുമ്പോള്‍ വീട്ടു ഡ്രൈവര്‍മാര്‍ക്കോ, ജോലിക്കാര്‍ക്കോ കൈമാറാറാണ് പതിവെന്നു കൗല പറഞ്ഞു.