കുറ്റിയാടിയില്‍ വ്യാപാരികളെ അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

Posted on: November 19, 2015 10:03 am | Last updated: November 19, 2015 at 10:03 am
SHARE

കുറ്റിയാടി: എസ് ഡി പി എ പ്രവര്‍ത്തകനടക്കം മൂന്ന് വ്യാപാരികളെ അക്രമിച്ച കേസില്‍ ഒരാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സി പി എം പ്രവര്‍ത്തകനും വളയം ചെറുമോത്ത് ചപ്പാരിച്ചാരുകണ്ടി നാണുവിന്റെ മകന്‍ മനീഷിനെയാണ് കുറ്റിയാടി സി ഐ കുഞ്ഞിമൊയ്തീന്‍ കുട്ടിയും സംഘവും അറസ്റ്റ് ചെയ്തത്. വാണിമേലില്‍ വെച്ചായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതി കുറ്റ കൃത്യത്തില്‍ നേരിട്ട് പങ്കാളിയാണെന്നും നേരത്തെ രണ്ട് ക്രിമിനല്‍ കേസുകളില്‍ കൂടി പ്രതിയാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബൈക്കിലെത്തിയ അക്രമി സംഘം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഫാത്വിമ പര്‍ദ്ദ ഷോപ്പിലേക്ക് ഇരച്ചുകയറി കടയുടമ ചെറിയകുമ്പളത്തെ രയരോത്ത്മീത്തല്‍ നിസാറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അക്രമം നടത്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നടത്തിയ ബോംബേറില്‍ വ്യാപാരികളായ മറ്റ് രണ്ട് പേര്‍ക്കും പരുക്കേറ്റിരുന്നു. സംഭവ ശേഷം പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. കേസിലെ മറ്റ് അഞ്ച് പ്രതികളും ഒളിവിലാണ്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയും ഭക്ഷണവും മറ്റും നല്‍കി സഹായിക്കുകയും ചെയ്തതിന് വാണിമേല്‍ കൂളിക്കുന്ന് ഇരുനിലാട്ടുമ്മല്‍ അനീഷ്, ഭാര്യ ഷൈനി എന്നിവര്‍ നേരത്തേ പിടിയിലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here