സി പി എം അധികാരത്തിനായി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തിയെന്ന് യു ഡി എഫ്‌

Posted on: November 19, 2015 5:55 am | Last updated: November 18, 2015 at 10:55 pm
SHARE

സുല്‍ത്താന്‍ ബത്തേരി: ബത്തേരിയില്‍ ആശയവും ആദര്‍ശവും ബലികഴിച്ച് സി പി എം അധികാരത്തിന് വേണ്ടി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തിയെന്ന് യു ഡി എഫ് മുന്‍സിപ്പല്‍ കമ്മിറ്റി ആരോപിച്ചു.
യു ഡി എഫിനെ വഞ്ചിച്ച കേരളാകോണ്‍ഗ്രസ് എമ്മിനെ യു ഡി എഫില്‍ നിന്ന് പുറത്താക്കണമെന്ന് യു ഡി എഫ് ജില്ലാകമ്മിറ്റിയോട് ആവശ്യപെടുമെന്നും ശിഖണ്ഡിയുടെ സ്വഭാവമാണ് കേരളാകോണ്‍ഗ്രസ് നടത്തിയതെന്നും യു ഡി എഫ് കുറ്റപ്പെടുത്തി.
സുല്‍ത്താന്‍ ബത്തേരി മുന്‍സി്പ്പാലിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ കേരളാകോണ്‍ ഗ്രസ് എം അംഗത്തെ പണം നല്‍കി വശത്താക്കിയതിലൂടെ സി പി എം ആശയവും,ആദര്‍ശവും ബലികഴിച്ചു.ബാര്‍കോഴകേസില്‍ മാണിക്കെതിരെ സംസ്ഥാനതലത്തില്‍ പ്രക്ഷോഭം നടത്തിയ സി പി എം ബത്തേരിയില്‍ കേരളാ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചതിലൂടെ സി പി എമ്മിന്റെ അധികാരമോഹമാണ് പുറത്ത് വന്നിരിക്കുന്നത്.കേരളാകോണ്‍ഗ്രസ്സ് ജില്ലാപ്രസിഡന്റ് കെ ജെ ദേവസ്യയും മുന്‍സിപ്പാലിറ്റി അംഗവും ശിഖണ്ഡിയുടെ പണിയാണ് കാണിച്ചത്.യു ഡി എഫിന്റെ വിപ്പ് ലംഘിച്ച് എല്‍ ഡി എഫിന് വോട്ട് ചെയ്ത കേരളാകോണ്‍ഗ്രസ് അംഗം ടി എല്‍ സാബുവിനെതിരെ മുന്നണികൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കേരളാകോണ്‍ഗ്സ്സ് എം ജില്ലാപ്രസിഡന്റ് മകന്റെ പോസ്റ്റല്‍ വോട്ട് പോലും അസാധുവാക്കിയിട്ട് യു ഡി എഫ് കാലുവാരി എന്നു പറയുന്നതില്‍ അര്‍ഥമില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ഇത്തരത്തിലുള്ള രാഷ്ട്രിയ കുതിരക്കച്ചവടത്തില്‍ പ്രതിഷേധിച്ചാണ് വൈസ്‌ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് യു ഡി എഫ് ബഹിഷ്‌ക്കരിച്ചതെന്നും നേതാക്കളായ എന്‍ എം വിജയന്‍,പി പി അയ്യൂബ്,ഡി പി രാജശേഖരന്‍,ആര്‍ പി ശിവദാസ്,നിസി അഹമ്മദ്,ബാബുപഴിപ്പത്തൂര്‍ തുടങ്ങിയവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here