വിമത വിഭാഗത്തില്‍ പാളയത്തില്‍ പട; കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാന്‍ മഹമൂദിന് സമ്മര്‍ദം

Posted on: November 19, 2015 5:35 am | Last updated: November 18, 2015 at 10:36 pm
SHARE

കാഞ്ഞങ്ങാട്: മുസ്‌ലിം ലീഗ് കോട്ടയില്‍ ലീഗ് പ്രവര്‍ത്തകരുടെ വോട്ട് വാങ്ങി തിരഞ്ഞെടുക്കപ്പെട്ട ശേഷം സി പി എമ്മിലേക്ക് പോയ മഹ്മൂദ് മുറിയനാവിക്കെതിരെ ലീഗിലെ വിമതവിഭാഗം പരസ്യമായി രംഗത്ത്.
മഹ്മൂദ് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് കഴിഞ്ഞദിവസം രാത്രി മുറിയനാവിയില്‍ ചേര്‍ന്ന വിമതവിഭാഗത്തിന്റെ യോഗം അന്ത്യശാസനം നല്‍കി.
നഗരസഭാ സീറ്റ് കുത്തകയാക്കി വെച്ചവര്‍ക്കെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകരെ അണിനിരത്തി നേതൃത്വത്തിനെതിരെ രംഗത്തുവരികയും പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് അട്ടിമറി വിജയം നേടുകയും ചെയ്ത മഹ്മൂദിന്റെ ആദര്‍ശത്തിനു നിരക്കുന്ന പ്രവൃത്തിയല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും കേവലമൊരു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തിന് വേണ്ടി മഹ്മൂദ് സിപിഎം പാളയത്തിലെത്തിയതിനെ അംഗീകരിക്കാനാവില്ലെന്നും യോഗം വിലയിരുത്തി.
കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന് മഹ്മൂദ് നല്‍കിയ സത്യവാങ് മൂലത്തില്‍ താന്‍ ഇടത് സ്വതന്ത്രനാണെന്ന് എഴുതി നല്‍കിയ കാര്യം ഒളിപ്പിച്ചുവെച്ച മഹ്മൂദ് കഴിഞ്ഞ ദിവസം കോട്ടച്ചേരിയില്‍ ചുവപ്പ് ഹാരമണിഞ്ഞ് വി എസ് അച്യുതാനന്ദന്റെ അനുഗ്രഹം തേടിയ വാര്‍ത്ത പുറത്ത് വന്നതോടെയാണ്ഈ വിഭാഗം പരസ്യമായി രംഗത്തുവന്നത്. തിരഞ്ഞെടുപ്പില്‍ മഹ്മൂദിനെ സഹായിച്ച വിമത വിഭാഗം പ്രവര്‍ത്തകര്‍ തീരദേശത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here