ടി.എസ്. ഠാക്കൂര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌

Posted on: November 18, 2015 9:00 pm | Last updated: November 19, 2015 at 1:16 pm
ടി.എസ്. ഠാക്കൂര്‍
ടി.എസ്. ഠാക്കൂര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 43-ാം ചീഫ് ജസ്റ്റിസായി ടി.എസ്. ഠാക്കൂറിനെ നിയമിച്ചു. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് എച്ച്. എല്‍. ദത്തുവാണ് ഠാക്കൂറിന്റെ പേര് ശിപാര്‍ശ ചെയ്തത്. ഡിസംബര്‍ രണ്ടിനാണ് ദത്തു വിരമിക്കുന്നത്. ഠാക്കൂറിനെ ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. നിലവില്‍ സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിനുശേഷമുള്ള മുതിര്‍ന്ന ജഡ്ജിയാണ് ടി.എസ്. ഠാക്കൂര്‍. 2017 ജനുവരി നാലു വരെ ഠാക്കൂറിന് ചീഫ് ജസ്റ്റിസ് പദവി വഹിക്കാം.

ജമ്മുകാശ്മീര്‍ ഹൈക്കോടതി മുന്‍ ജഡ്ജും മന്ത്രിയുമായിരുന്ന ഡി.ഡി. ഠാക്കൂറിന്റെ മകനായി 1952 ജനുവരി നാലിനാണ് ടി.എസ്. ഠാക്കൂര്‍ ജനിച്ചത്. 1972ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1995ല്‍ ജമ്മുകാശ്മീര്‍ ഹൈക്കോടതിയില്‍ ജഡ്ജിയായി. 2004ല്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയും 2008ല്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസുമായി. 2009 നവംബറിലാണ് ഠാക്കൂര്‍ സുപ്രീംകോടതി ജഡ്ജിയായി വരുന്നത്.

പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ടി.എസ്. ഠാക്കൂര്‍ ഐപിഎല്‍ വാതുവയ്പ് ഉള്‍പ്പെടെ പ്രാധാന്യമുള്ള നിരവധി കേസുകളില്‍ വിധി പ്രസ്താവിച്ചിട്ടുണ്ട്.