ഈ ആപ്പ് വഴി നേടാം, സുരക്ഷിത ഡ്രൈവിംഗും ഇന്‍ഷ്വറന്‍സ് ഇളവും

Posted on: November 18, 2015 8:24 pm | Last updated: November 18, 2015 at 8:24 pm
SHARE

13193009-touchscreen-smartphone-with-cloud-of-colorful-application-icons-isolated-on-white-background-desigദോഹ: റോഡ് സുരക്ഷ പരിഹാരത്തിന് സ്മാര്‍ട്ട് വഴിയുമായി ഖത്വര്‍ മൊബിലിറ്റി ഇന്നൊവേഷന്‍സ് സെന്ററും (ക്യു എം ഐ സി) ഖത്വര്‍ ഇന്‍ഷ്വറന്‍സ് കമ്പനിയും (ക്യു ഐ സി). ഡ്രൈവിംഗ് പ്രകടനം മെച്ചപ്പെടുത്താന്‍ പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ക്യു എം ഐ സിയും ക്യു ഐ സിയും. ‘ഹൗ ഈസ് മൈ ഡ്രൈവിംഗ്’ ആപ്പുപയോഗിച്ച് ഡ്രൈവിംഗ് മെച്ചപ്പെടുത്തുന്നതോടൊപ്പം പ്രതിഫലമായി ഇന്‍ഷ്വറന്‍സ് ഇന്‍സെന്റീവും ലഭിക്കും. ഷെറാട്ടണ്‍ ഹോട്ടലില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ഇറ്റ്മ അന്താരാഷ്ട്ര സമ്മേളനത്തിലാണ് ആപ്പ് അവതരിപ്പിച്ചത്.
യൂസര്‍ സൗഹൃദമായ ആപ്പിലൂടെ, ഡ്രൈവിംഗിന്റെ രീതിയും സ്‌കോറും അപ്പപ്പോള്‍ അറിയാം. മാത്രമല്ല ഇതിന്റെ റിസള്‍ട്ട് ഷെയര്‍ ചെയ്ത് മികച്ച ഡ്രൈവര്‍ റാങ്കിംഗിന് മറ്റ് ഡ്രൈവര്‍മാരുമായി സൗഹൃദ മത്സരവുമാകാം. സ്വന്തം ഡ്രൈവിംഗിന്റെ രീതി തത്സമയം അറിയുന്നതിന് പുറമെ, മികച്ച ഡ്രൈവര്‍മാരെ കണ്ടെത്താനും തത്ഫലമായി അവരുടെ കാര്‍ ഇന്‍ഷ്വറന്‍സുകളില്‍ ഇളവ് നേടാനും സഹായിക്കുന്നു. ഇതിലൂടെ ഖത്വറിലെ റോഡ് സുരക്ഷ മെച്ചപ്പെടുത്താനും സാധിക്കുമെന്ന് ക്യു ഐ സി ഗ്രൂപ്പ് റീട്ടെയില്‍ ഹെഡും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഫ്രഡറിക് ബിസ്‌ബെര്‍ഗ് പറഞ്ഞു. ഐട്യൂണ്‍സില്‍ അടുത്ത മാസം ആദ്യം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും. തുടര്‍ന്ന് ആന്‍ഡ്രോയിഡ് ഫോര്‍മാറ്റിലും ലഭ്യമാകും.
തങ്ങളുടെ ഡ്രൈവര്‍മാരുടെ ഫോണ്‍ ഉപയോഗത്തിന് മേല്‍നോട്ടം വഹിക്കാനും നിര്‍ദേശം നല്‍കാനും വ്യവസായ സ്ഥാപനങ്ങളെ സഹായിക്കുന്ന ‘സലാം ടെക് എന്റര്‍പ്രൈസ്’ ആപ്പും ക്യു എം ഐ സി പ്രഖ്യാപിച്ചു. ദിനംപ്രതിയുള്ള ബിസിനസ് ആവശ്യങ്ങളും മറ്റും അറിയിക്കുന്ന വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനമാണിത്. ഇതിനായി വാഹനങ്ങളില്‍ പ്രത്യേകം ഉപകരണം ഘടിപ്പിക്കേണ്ടതില്ല. സ്മാര്‍ട്ട് ഫോണ്‍ മാത്രം മതിയാകും.