മനുഷ്യാവകാശ സംരക്ഷണത്തില്‍ നിര്‍മാണാത്മക പങ്ക് വഹിക്കും: ഖത്വര്‍

Posted on: November 18, 2015 8:18 pm | Last updated: November 18, 2015 at 8:18 pm
SHARE

ambassidorദോഹ: മനുഷ്യാവകാശ സംരക്ഷണത്തിനും പരിപോഷിപ്പിക്കുന്നതിനും നിര്‍മാണാത്മകവും നിഷ്പക്ഷവുമായ പങ്ക് വഹിക്കുന്നത് തുടരുമെന്ന് ആവര്‍ത്തിച്ച് ഖത്വര്‍. അന്താരാഷ്ട്ര സംഘടനകളോടും യു എന്‍ പോഷക ഘടകങ്ങളോടും പ്രത്യേകിച്ച് മനുഷ്യാവകാശ സമിതിയുമായും അതിന്റെ സംവിധാനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സഹകരിക്കുമെന്നും ഖത്വര്‍ തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു. മനുഷ്യാവകാശ സമിതിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച യു എന്‍ പൊതുസഭയുടെ സമ്മേളനത്തില്‍ സംസാരിച്ച ഖത്വര്‍ യു എന്‍ അംബാസഡര്‍ ശൈഖ ആലിയ അഹ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് ഇക്കാര്യമറിയിച്ചത്.
പാരീസില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ടാണ് ശൈഖ ആലിയ പ്രസംഗം ആരംഭിച്ചത്. നിഷ്പക്ഷത, വസ്തുനിഷ്ഠത, പ്രത്യേക പരിഗണനയില്ലായ്മ തുടങ്ങിയ മനുഷ്യാവകാശ സമിതിയുടെ എല്ലാ നയങ്ങളോടും തോളോടുതോള്‍ ചേര്‍ന്ന് തുടക്കം മുതലേ ഖത്വര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മനുഷ്യാവകാശ മൂല്യം വളര്‍ത്തുക, മനുഷ്യാവകാശ ലംഘനങ്ങളെ അഭിമുഖീകരിക്കുക, അടിയന്തരഘട്ടങ്ങളോട് പെട്ടെന്ന് പ്രതികരിക്കുക, വികസനം, വിദ്യാഭ്യാസം എന്നിവക്കുള്ള അവകാശത്തെ വിപുലപ്പെടുത്തുക, ഹിംസക്കെതിരെയുള്ള പോരാട്ടം, ശിക്ഷയോടുള്ള നിര്‍ഭയത്വം അവസാനിപ്പിക്കുക തുടങ്ങിയ സമിതിയുടെ നയങ്ങളെയും മൂല്യങ്ങളെയും മെച്ചപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യും. ക്രാന്തദര്‍ശികളായ ഭരണാധികാരികള്‍ വിഭാവനം ചെയ്ത ‘ഖത്വര്‍ നാഷനല്‍ വിഷന്‍ 2030’ല്‍ മനുഷ്യാവകാശ പരിപാലനത്തിനും പരിപോഷണത്തിനുമുള്ള വിവിധ പദ്ധതികള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ശൈഖ ആലിയ ചൂണ്ടിക്കാട്ടി.
കൗണ്‍സിലിലെ തങ്ങളുടെ അംഗത്വം വഴി എല്ലാ ഉത്തരവാദിത്വങ്ങളും കടമകളും നിര്‍വഹിക്കും. ഖത്വറിനെ സംബന്ധിച്ച രണ്ടാം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്ന ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ യൂനിവേഴ്‌സല്‍ പീരിയോഡിക് റിവ്യൂവില്‍ പങ്കെടുപ്പിച്ച് അതിനുള്ള അവസരമരൊക്കാം. പരസ്പര ധാരണ വളര്‍ത്താനും മനുഷ്യാവകാശത്തെ സംബന്ധിച്ച ദേശീയ നയം വികസിപ്പിക്കാനും വിപുലപ്പെടുത്താനുമുള്ള അവസരം കൂടിയാകും ഈ പങ്കെടുപ്പിക്കല്‍. സാംസ്‌കാരിക മാനവിക വികസിത ജനാധിപത്യ നിര്‍മാണ മേഖലകളിലെ ഖത്വറിന്റെ യാത്രക്ക് ഏറെ സഹായകമാകും അത്. ഭരണഘടനാ സംരക്ഷണവും നിയമപരിരക്ഷയും മാത്രം മെച്ചപ്പെടുത്തിയല്ല മനുഷ്യാവകാശ സംരക്ഷണം അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ ഖത്വര്‍ സാധ്യമാക്കുക; മറിച്ച് വ്യവസ്ഥിതിയുടെ ചട്ടക്കൂട് ബലപ്പെടുത്തിയും മറ്റ് രാഷ്ട്രങ്ങളുമായി അനുഭവം പങ്കുവെച്ചും കൂടിയാണ്. കുടിയേറ്റക്കാരുടെ മനുഷ്യാവകാശവും ജഡ്ജിമാരുടെയും അഭിഭാഷകരുടെയും സ്വാതന്ത്ര്യവും അന്വേഷിച്ച യു എന്‍ പ്രത്യേക പ്രതിനിധികള്‍ ഖത്വറിന്റെ സഹകരണവും തുറന്ന സമീപനവും അഭിനന്ദിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞു.
യു എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ട്രെയിനിംഗ് ആന്‍ഡ് ഡോക്യുമെന്റേഷന്‍ സെന്റര്‍ ഫോര്‍ സൗത്ത് വെസ്റ്റ് ഏഷ്യ ആന്‍ഡ് അറബ് റീജ്യന്‍ എന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് ആതിഥേയത്വം വഹിക്കുന്നത് ഖത്വറാണ്. അതിന്റെ കരട് പ്രമേയം തയ്യാറായിക്കൊണ്ടിരിക്കുന്നു. പൗരസമൂഹ സംഘടനകള്‍ക്ക് സ്വതന്ത്രമായും സുരക്ഷിതമായും പ്രവര്‍ത്തിക്കാന്‍ പര്യാപ്തമായ അന്തരീക്ഷം സൃഷ്ടിക്കാനും അവരോട് സഹകരിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് ഖത്വര്‍ അഭ്യര്‍ഥിക്കുകയാണെന്നും ശൈഖ ആലിയ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here