വി കെ സി മമ്മദ് കോയ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍

Posted on: November 18, 2015 7:35 pm | Last updated: November 19, 2015 at 11:27 am
SHARE

V.K.C_Mammed_Koyaകോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായി സിപിഐഎമ്മിന്റെ വി കെ സി മമ്മദ് കോയയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ അഡ്വ. പി എം നിയാസിനെ 19നെതിരെ 48 വോട്ടുകള്‍ക്കാണ് വി കെ സി മമ്മദ് കോയ പരാജയപ്പെടുത്തിയത്. യു.ഡി.എഫിലെ കെ ടി ബീരാന്‍ കോയയുടെ വോട്ട് അസാധുവായി. മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച ബി.ജെ.പിയിലെ നമ്പടി നാരായണന്‍ ഏഴ് വോട്ട് നേടി.
മുന്‍ എം.എല്‍.എ കൂടിയായ അദ്ദേഹത്തിന്റെ പേരാണ് മേയര്‍ സ്ഥാനത്തേക്ക് കൂടുതലും ഉയര്‍ന്നു വന്നത്. അരീക്കാടില്‍ നിന്നായിരുന്നു മമ്മദ് കോയ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
1979 ല്‍ ചെറുവണ്ണൂര്‍ നല്ലളം പഞ്ചായത്ത് പ്രസിഡന്റായി. ജില്ലാ കൗണ്‍സില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍, 1995ല്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. വി.കെ.സി വ്യവസായ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ്.

75 അംഗ കൗണ്‍സിലില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫും യു ഡി എഫും ബി ജെ പിയും പ്രത്യേകം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. എല്‍ ഡി എഫിന്റെ 48 അംഗങ്ങളുടെയും പിന്തുണ വി കെ സിക്കും മീരദര്‍ശകിനും ലഭിച്ചു.
എന്നാല്‍ 20 അംഗങ്ങളുള്ള യു ഡി എഫിലെ ഒരു അംഗത്തിന്റെ വോട്ട് മേയര്‍ തിരഞ്ഞെടുപ്പില്‍ അസാധുവായി. ബി ജെ പിക്ക് അവരുടെ ഏഴ് വോട്ടും ലഭിച്ചു. കലക്ടര്‍ എന്‍ പ്രശാന്തിന്റെ അധ്യക്ഷതയിലാണ് മേയര്‍ തിരഞ്ഞെടുപ്പ് നടന്നത്.
സി പി എം അംഗം തോട്ടത്തില്‍ രവീന്ദ്രന്‍ ആണ് അരീക്കാട് ഡിവിഷനില്‍ നിന്ന് വിജയിച്ച വി കെ സി മമ്മദ് കോയയുടെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്‍ സി പി അംഗം എന്‍ പി പത്മനാഭന്‍ പിന്താങ്ങി.
മുസ്‌ലിം ലീഗ് അംഗം സി അബ്ദുര്‍റഹ്മാന്‍ യു ഡി എഫ് മേയര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ അഡ്വ. പി എം നിയാസിന്റെ പേര് നിര്‍ദേശിച്ചു. അഡ്വ. എം തോമസ് മാത്യു (ജെ ഡി യു) പിന്താങ്ങി. ബി ജെ പിക്ക് വേണ്ടി പാര്‍ട്ടിയുടെ കക്ഷിനേതാവായ നമ്പിടി നാരായണന്റെ പേര് സതീഷ് കുമാര്‍ നിര്‍ദേശിക്കുകയും നവ്യ ഹരിദാസ് പിന്താങ്ങുകയും ചെയ്തു.
വോട്ട് ചെയ്യേണ്ട വിധം കലക്ടര്‍ വ്യക്തമായി പറഞ്ഞുകൊടുത്ത ശേഷമാണ് വോട്ടിംഗ് ആരംഭിച്ചതെങ്കിലും തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് അംഗം കെ ടി ബീരാന്‍ കോയയുടെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറിന് പിന്നില്‍ വോട്ട് ചെയ്യുന്ന അംഗം തന്റെ പേര് എഴുതി ഒപ്പു വെക്കേണ്ടതുണ്ട്. ബീരാന്‍ കോയയുടെ ബാലറ്റ് പേപ്പറില്‍ ഒപ്പു വെക്കാന്‍ വിട്ടുപോയതാണ് വിനയായത്. എന്നാല്‍ അത് സാങ്കേതികമായ പ്രശ്‌നം മാത്രമാണെന്നും ജനപ്രാതിനിധ്യ നിയമം പരിഗണിച്ച് വോട്ട് സാധുവായി കണക്കാക്കണമെന്നും കോണ്‍ഗ്രസ് കൗണ്‍സില്‍ ലീഡര്‍ അഡ്വ. പി എം സുരേഷ് ബാബു കലക്ടറോട് അഭ്യര്‍ഥിച്ചു. എന്നാല്‍ പേരും ഒപ്പും വേണമെന്നത് വോട്ടെടുപ്പ് ചട്ടത്തില്‍ വ്യക്തമായി പറയുന്ന കാര്യമായതിനാല്‍ സാധുവാക്കാനാകില്ലെന്ന് കലക്ടര്‍ മറുപടി നല്‍കി. മേയറായി തിരഞ്ഞെടുക്കപ്പെട്ട വി കെ സിയെ കൗണ്‍സിലിലെ പാര്‍ട്ടികളുടെ ലീഡര്‍മാര്‍ മേയറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. മുന്‍ മേയര്‍ പ്രൊഫ. എം കെ പ്രേമജം മേയറുടെ ഗൗണ്‍ അണിയിച്ചു. കലക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് അംഗങ്ങളുടെ അഭിന്ദന പ്രസംഗങ്ങള്‍ക്ക് ശേഷം വി കെ സി മറുപടി പ്രസംഗം നടത്തി.
ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനായി മീരാ ദര്‍ശകിന്റെ പേര് എം എം പത്മാവതി നിര്‍ദേശിച്ചു. ആശ ശശാങ്കന്‍ പിന്താങ്ങി. യു ഡി എഫില്‍ നിന്ന് ആയിഷാബി പാണ്ടികശാലയുടെ പേര് അഡ്വ. വിദ്യാ ബാലകൃഷ്ണന്‍ നിര്‍ദേശിച്ചപ്പോള്‍ ജയശ്രീ കീര്‍ത്തി പിന്താങ്ങി. ബി ജെ പിക്ക് വേണ്ടി പൊന്നത്ത് ഷൈമയുടെ പേര് അനില്‍കുമാര്‍ നിര്‍ദേശിക്കുകയും ജിഷാ ഗിരീഷ് പിന്താങ്ങുകയും ചെയ്തു. മീരാദര്‍ശകിന് വി കെ സി സത്യവാചകം ചൊല്ലിക്കൊടുത്തു. എം എല്‍ എമാരായ എളമരം കരീം, എ പ്രദീപ്കുമാര്‍, പുരുഷന്‍ കടലുണ്ടി, മുന്‍ മേയര്‍മാരായ എം ഭാസ്‌കരന്‍, സി ജെ റോബിന്‍, ടി പി ദാസന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബാബു പറശേരി, മുക്കം മുഹമ്മദ്, സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, സി പി എം നേതാവ് കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, എന്‍ സി പി നേതാവ് അഡ്വ. എം പി സൂര്യനാരായണന്‍, കോണ്‍ഗ്രസ് എസ് നേതാവ് സി പി ഹമീദ് തുടങ്ങിയവര്‍ മേയറെയും ഡെപ്യൂട്ടി മേയറെയും അഭിനന്ദിക്കാന്‍ കൗണ്‍സില്‍ ഹാളിലെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here