Connect with us

Kozhikode

പേരാമ്പ്രയില്‍ പ്രസിഡന്റ് പദവിയെച്ചൊല്ലി തുടങ്ങിയ കലഹം തെരുവിലേക്ക് നീങ്ങുന്നു

Published

|

Last Updated

പേരാമ്പ്ര: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 10 സീറ്റ് നേടിയ യുഡിഎഫില്‍ പ്രസിഡന്റ് പദവിയെച്ചൊല്ലി തുടങ്ങിയ കലഹം തെരുവിലേക്ക് നീങ്ങുന്നു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലാണ് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായത്. എ, ഐ വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത തലത്തിലേക്ക് നീങ്ങിയ സൂചനകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് അര്‍ഹതയുണ്ടായിട്ടും, ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാതെ, വോട്ട് ചെയ്ത മുഴുവന്‍ ജനങ്ങളേയും വെല്ലുവിളിച്ച് കൊണ്ട് ഒരു പ്രത്യേക മതവിഭാഗത്തിന്റെ അജണ്ട നടപ്പാക്കാന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയില്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് കൂരാച്ചുണ്ട് ടൗണിലും പരിസര പ്രദേശങ്ങളിലും ഇതിനകം വ്യാപകമായി പോസ്റ്റര്‍ പതിച്ചു കഴിഞ്ഞു. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്. പഞ്ചായത്തിലെ മൊത്തം 13 വാര്‍ഡുകളില്‍ യുഡിഎഫ് കക്ഷികളായ കോണ്‍ഗ്രസ് ഏഴെണ്ണത്തിലും, ലീഗ് മൂന്നെണ്ണത്തിലുമാണ് വിജയിച്ചത്. മറ്റൊരു ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) മൂന്ന് സീറ്റില്‍ മല്‍സരിച്ചെങ്കിലും ദയനീയ പരാജയം ഏറ്റു വാങ്ങേണ്ടിവരികയായിരുന്നു. യുഡിഎഫിന് ഭൂരിപക്ഷമുള്ള ഈ വാര്‍ഡുകളില്‍ മല്‍സരിച്ച കേരള കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന് കാരണം കോണ്‍ഗ്രസ് കാലുവാരിയതാണെന്ന ആക്ഷേപം ഒരു ഭാഗത്ത് നിന്ന് ഉയര്‍ന്നിരിക്കെ, ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രസിഡണ്ട് പദവി കീറാമുട്ടിയായി വന്ന് പെട്ടിരിക്കുന്നത്. ഇവര്‍ പരാജയപ്പെട്ട മൂന്ന് സീറ്റിലും, മതേതര മുന്നണിയുടെ ലേബലില്‍ മല്‍സരിച്ച സിപിഎം സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. കഴിഞ്ഞ തവണ മുഴുവന്‍ സീറ്റും നേടിയാണ് യുഡിഎഫ് പഞ്ചായത്തിന്റെ ഭരണ സാരഥ്യം വഹിച്ചിരുന്നത്. കേരള കോണ്‍ഗ്രസിന് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മണ്ഢലം പ്രസിഡണ്ട് ജോസഫ് പൂവത്തിങ്കല്‍ രാജിവെച്ചിട്ടുണ്ടെങ്കിലും, അണികള്‍ അസംതൃപ്തരാണ്. പ്രസിഡണ്ടിന്റെ രാജിയല്ല ഒപ്പം നിന്നവര്‍ ചെയ്ത ചതിക്കുള്ള പരിഹാരമാണ് അനിവാര്യമായതെന്നാണ് പ്രവര്‍ത്തകരില്‍ പലരും പറയുന്നത്. യുഡിഎഫില്‍, കേരള കോണ്‍ഗ്രസിന് മാത്രം പരാജയം സംഭവിച്ചത് നിസാരമായി കാണാനാവില്ലെന്നാണ് അണികള്‍ പറയുന്നത്. അതിനിടെ പ്രസിഡണ്ട് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. ഡിസിസി സെക്രട്ടരി, ബ്ലോക്ക് കോണ്‍. പ്രസിഡണ്ട്, മണ്ഢം പ്രസിഡണ്ട് എന്നിവരടങ്ങിയ നേതൃ സംഘം ഗ്രാമപഞ്ചായത്ത് അംഗങ്ങളില്‍ നിന്നും അഭിപ്രായം തേടിയെങ്കിലും സമവായത്തിനുള്ള സാധ്യത മങ്ങിയ നിലയിലുള്ള പ്രതികരണമാണത്രെ ലഭിച്ചത്. ഇതേത്തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിന് ഡിസിസിയെ ചുമതലപ്പെടുത്തിയിരിക്കയാണെന്നാണറിയുന്നത്.