ശാസ്ത്രമേളക്ക് സന്ദര്‍ശക പ്രവാഹം

Posted on: November 18, 2015 6:44 pm | Last updated: November 18, 2015 at 6:44 pm
SHARE

അബുദാബി: അബുദാബി മുശ്‌രിഫ് പാര്‍ക്കില്‍ നടക്കുന്ന അഞ്ചാമത് ശാസ്ത്ര മേളക്ക് സന്ദര്‍ശകപ്രവാഹം. കഴിഞ്ഞ ദിവസം തുടങ്ങിയ മേള യു എ ഇ സാംസ്‌കാരിക-യുവജനക്ഷേമ സാമൂഹിക വികസനകാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാനാണ് ഉദ്ഘാടനം ചെയ്തത്. 22 വരെ നീണ്ട്‌നില്‍ക്കും. അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നിരവധി പ്രത്യേകതകളോടെയാണ് ശാസ്ത്രമേള നടക്കുന്നത്.
യു എ ഇയിലെ പുതിയ തലമുറയുടെ കണ്ടെത്തലുകളും പഠനങ്ങളുമെല്ലാം പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് 10 ദിവസം നീണ്ടുനില്‍ക്കുന്ന ശാസ്ത്ര പ്രദര്‍ശനം. ശൈഖ് മുഹമ്മദിന്റെ സഹായ സഹകരണങ്ങള്‍ കൊണ്ടാണ് മുന്‍വര്‍ഷങ്ങളിലേക്കാള്‍ മികച്ച രീതിയിലുള്ള പ്രദര്‍ശനം സംഘടിപ്പിക്കാന്‍ സാധിച്ചത്. തങ്ങളുടെ കഴിവുകള്‍ പൂര്‍ണ അര്‍ഥത്തില്‍ വികസിപ്പിച്ചെടുത്ത് ഭാവി നേതൃനിരയിലേക്ക് വളര്‍ന്നുവരാന്‍ പുതിയ തലമുറയെ ശാസ്ത്ര മേളകള്‍ സഹായിക്കും. അന്താരാഷ്ട്ര ശാസ്ത്ര പ്രദര്‍ശനങ്ങള്‍ക്ക് സമാനമായ രീതിയിലാണ് മേളയുടെ പ്രവര്‍ത്തനങ്ങള്‍ സംഘാടകരായ അഡെകും അബുദാബി ടെക്‌നോളജി ഡെവലപ്‌മെന്റ് കമ്മിറ്റിയും സംഘടിപ്പിച്ചിരിക്കുന്നത്. അബുദാബി ‘വിഷന്‍ 2030’ എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികളുടെ ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. ശാസ്ത്രം, എഞ്ചിനീയറിംഗ്, ഗണിത ശാസ്ത്രം എന്നീ മേഖലകളില്‍ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ രാഷ്ട്രം കൈവരിക്കാനിരിക്കുന്ന മാറ്റങ്ങള്‍ മേളയുടെ പ്രധാന വിഷയമാവുമെന്ന് അഡെക് ഡയറക്ടര്‍ ജനറല്‍ അമല്‍ അല്‍ ഖുബൈസി പറഞ്ഞു.
ശാസ്ത്ര മേളയോടനുബന്ധിച്ച് വന്‍ സജ്ജീകരണങ്ങളാണ് മുശ്‌രിഫ് സെന്‍ട്രല്‍ പാര്‍ക്കിലൊരുക്കിയിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം സന്ദര്‍ശകര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here