Connect with us

Uae

തണുപ്പെത്തി; മരുഭൂവില്‍ ഇനി കൃഷിക്കാലം

Published

|

Last Updated

ഷാര്‍ജ: ഗള്‍ഫ് മേഖലയില്‍ തണുപ്പ് തുടങ്ങി, മരുഭൂവില്‍ ഇനി കൃഷിയുടെ കാലം. വിത്തുകള്‍ വിതച്ചുകഴിഞ്ഞു. തണുപ്പ് തുടങ്ങിയതോടെ അവ മുളച്ചുതുടങ്ങി. ഇനി ശൈത്യം കഴിയുംവരെ കര്‍ഷകര്‍ക്ക് വിശ്രമരഹിത നാളുകള്‍.
സ്വദേശികള്‍ മാത്രമല്ല, പ്രവാസികളും കൃഷിയിലേര്‍പെടുന്നു. വിശാലമായ കൃഷിയിടങ്ങള്‍ക്ക് പുറമെ ഇത്തിരി ഭൂമിയിലും കൃഷിയിറക്കുന്നു. പ്രവാസി കര്‍ഷകരില്‍ നല്ലൊരു വിഭാഗവും മലയാളികളാണ്. താമസസ്ഥലത്തും കെട്ടിടങ്ങളുടെ മട്ടുപ്പാവുകളിലും ടെറസുകളിലും മാത്രമല്ല, ബാല്‍കണികളിലും കൃഷി നടത്തുന്നു.
പച്ചക്കറിയാണ് തണുപ്പ്കാലത്തെ പ്രധാന കൃഷി. വെണ്ടക്ക, പാവക്ക, പടവലം, വെള്ളരിക്ക, മത്തന്‍, തണ്ണിമത്തന്‍, പച്ചമുളക്, പയര്‍, ബീന്‍സ്, തക്കാളി, കാബേജ്, കോളീ ഫഌവര്‍, വഴുതന, കുമ്പളം, ചീര, കോവക്ക, മുരിങ്ങ, കറിവേപ്പില തുടങ്ങി മിക്കവയും കൃഷിചെയ്യുന്നുണ്ട്.
തണുപ്പിന്റെ തുടക്കത്തോടെയാണ് വിത്തുകളിടുന്നത്. കനക്കുന്നതോടെ മുളച്ച് തുടങ്ങും. മൂന്നു മാസമാകുമ്പോഴേക്കും മൂപ്പെത്തും. അടുത്ത മാസങ്ങളില്‍ വിളവെടുപ്പ് ആരംഭിക്കും. പ്രവാസികള്‍ പ്രധാനമായും പച്ചക്കറി വിത്തുകള്‍ കൊണ്ടുവരുന്നത് അവരുടെ നാടുകളില്‍ നിന്നാണ്. രാജ്യത്തെ വിപണികളിലും വിത്ത് ലഭ്യമാകുന്നുണ്ട്. എന്നാല്‍ സ്വദേശികള്‍ പ്രധാനമായും വിപണികളെയാണ് ആശ്രയിക്കുന്നത്. പച്ചക്കറിക്കാവശ്യമായ വളങ്ങള്‍ രാജ്യത്തെ വിപണികളില്‍ യഥേഷ്ടം ലഭ്യമാണ്. കമ്പോസ്റ്റ് വളങ്ങള്‍ക്ക് പുറമെ രാസവളങ്ങളും കൃഷിക്കുപയോഗിക്കുന്നു. ചാണകപ്പൊടിയും ഉപയോഗിക്കുന്നുണ്ട്. കൂടാതെ സ്വന്തമായി ഉണ്ടാക്കുന്ന വളങ്ങളും ഉപയോഗിക്കുന്നു. അടുത്തിടെയായി ജൈവകൃഷിക്ക് പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്. ഈ കൃഷിക്കാവശ്യമായ പ്രോത്സാഹനവും സഹായവും ബന്ധപ്പെട്ടവരില്‍ നിന്നു ലഭിക്കുന്നതിനു പുറമെ ജൈവകൃഷിയെ കുറിച്ച് വ്യാപകമായ ബോധവത്കരണവും നടക്കുന്നു.
കീടനാശിനികളും മറ്റും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബോധവത്കരണം. അതുകൊണ്ടുതന്നെ ജൈവകൃഷിക്ക് പലരും മുന്നോട്ടു വന്നുകഴിഞ്ഞു.
ഉത്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികള്‍ സ്വന്തം ഉപയോഗത്തിന് പുറമെ വില്‍പനക്കും കൊണ്ടുപോകുന്നു. അതിനാല്‍ വിപണികളില്‍ നാടന്‍ പച്ചക്കറികള്‍ ലഭ്യമാകുന്നു. മണല്‍ഭൂവിലാണ് വളരുന്നതെങ്കിലും പച്ചക്കറികള്‍ക്ക് രുചിക്കുറവൊന്നും അനുഭവപ്പെടാറില്ല.
പച്ചക്കറി കൃഷിക്ക് ഇപ്പോള്‍ മണ്ണും ധാരാളമായി ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. താമസസ്ഥലങ്ങളുടെ പരിസരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം വിവിധ സ്ഥാപനങ്ങളിലും പച്ചക്കറി കൃഷിക്ക് മണ്ണുപയോഗിക്കുന്നു. വലിയ മരപ്പെട്ടികളില്‍ മണ്ണ് നിറച്ചാണ് കൃഷി. നല്ല വിലകൊടുത്താണ് മണ്ണ് വാങ്ങുന്നത്. ഒരു ലോഡ് മണ്ണിന് പല വിലയാണ്. ഷാര്‍ജയിലെ ദൈദ് അടക്കം മണ്ണുള്ള സ്ഥലങ്ങളില്‍ നിന്നാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നത്. ദൈദില്‍ നിന്ന് ഷാര്‍ജയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ഒരു ലോഡ് മണ്ണ് എത്തിക്കണമെങ്കില്‍ 150 ദിര്‍ഹം മുതല്‍ മേല്‍പോട്ടുള്ള വില നല്‍കണം.
നാല് വര്‍ഷത്തോളമായി കുടുംബസമേതം അല്‍ ഗുബൈബയില്‍ താമസിക്കുന്ന മനീഷ്‌ലാല്‍ താമസ സ്ഥലത്തെ ഒഴിഞ്ഞുകിടക്കുന്ന ഇത്തിരി സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തുന്നത്. വിവിധയിനം പച്ചക്കറികള്‍ അദ്ദേഹം കൃഷിചെയ്യുന്നു. ഒഴിവുസമയങ്ങളിലാണ് പരിചരിക്കുന്നത്. കൂട്ടിന് ഭാര്യയും മക്കളുമുണ്ടാകും. സ്വന്തം ഉപയോഗത്തിന് മാത്രമല്ല, ആവശ്യക്കാര്‍ക്ക് നല്‍കാനുള്ള പച്ചക്കറികള്‍ കൃഷിയിടത്തില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് മനീഷ്‌ലാല്‍ പറഞ്ഞു.