മന്ത്രിമാരും ഉദ്യോഗസ്ഥരും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍

Posted on: November 18, 2015 5:56 pm | Last updated: November 18, 2015 at 5:56 pm
SHARE

റിയാദ്: സൗദിയിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും തങ്ങളുടെയും ആശ്രിതരുടെയും സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചു. മനുഷ്യാവകാശ കമ്മിറ്റി തയ്യാറാക്കിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിര്‍മാര്‍ജന അതോറിറ്റി തയ്യാറാക്കുന്ന പ്രത്യേക ഫോമിലാണ് ഔദ്യോഗിക തലത്തില്‍ ഉന്നത പദവി വഹിക്കുന്നവര്‍ സ്വദേശത്തെയും വിദേശത്തെയും സ്വത്തുവിവരങ്ങള്‍ സമര്‍പ്പിക്കേണ്ടത്.
മന്ത്രിമാര്‍, സഹമന്ത്രിമാര്‍, ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥര്‍, മേഖല സെക്രട്ടറിമാര്‍, തദ്ദേശഭരണ മേധാവികള്‍, അംബാസഡര്‍മാര്‍, സിവില്‍, സൈനിക രംഗത്ത് ഉന്നത പദവിയിലുള്ളവര്‍, സിവില്‍ സര്‍വീസില്‍ 13ാം ഗ്രേഡിന് മുകളിലുള്ള തസ്തികയിലുള്ളവര്‍, 50 ശതമാനത്തിലധികം സര്‍ക്കാര്‍ വിഹിതമുള്ള അര്‍ധസര്‍ക്കാര്‍ കമ്പനികളുടെ മേധാവികള്‍, പദ്ധതി മേധാവികള്‍, സര്‍ക്കാര്‍ മേഖലയിലെ നിരീക്ഷകര്‍ എന്നിവര്‍ തങ്ങളുടെ സ്വത്തുവിവരങ്ങളും വരുമാന മാര്‍ഗവും വ്യക്തമാക്കണമെന്നാണ് ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഭാര്യ, സന്താനങ്ങള്‍ തുടങ്ങിയ ആശ്രിതരുടെയും വരുമാന മാര്‍ഗം സുതാര്യതക്കായി വ്യക്തമാക്കണമെന്ന് ശൂറ കൗണ്‍സിലിലെ മനുഷ്യാവകാശ കമ്മിറ്റി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here