Connect with us

Kerala

ആറില്‍ അഞ്ച് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചു

Published

|

Last Updated

തിരുവനന്തപുരം: അവസാനം വരെ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ അഞ്ച് കോര്‍പറേഷനുകളില്‍ എല്‍ ഡി എഫ് ഭരണം പിടിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകള്‍ എല്‍ ഡി എഫ് നേടിയപ്പോള്‍ യു ഡി എഫിന്റെ സാന്നിധ്യം കൊച്ചിയില്‍ മാത്രമായി ഒതുങ്ങി. കണ്ണൂരിലായിരുന്നു അട്ടിമറി. കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് എല്‍ ഡി എഫിനെ തുണച്ചതോടെ സി പി എമ്മിലെ ഇ പി ലത നഗരത്തിന്റെ പ്രഥമ മേയറായി. രാഗേഷ് വിട്ടുനിന്ന ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ മുസ്‌ലിം ലീഗിലെ സമീര്‍ ഡെപ്യൂട്ടി മേയറായി. തിരുവനന്തപുരത്തെ പി കെ പ്രശാന്താണ് മേയര്‍മാരിലെ ചെറുപ്പക്കാരന്‍. കോഴിക്കോട് വി കെ സി മമ്മദ്‌കോയയും കൊല്ലത്ത് അഡ്വ. വി രാജേന്ദ്രബാബുവും മേയര്‍ പദവിലെത്തി. തൃശൂര്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട എല്‍ ഡി എഫിലെ അജിതാരാജ് തിരഞ്ഞെടുപ്പ് രംഗത്തെ കന്നിക്കാരിയാണ്. യു ഡി എഫിന് ലഭിച്ച ഏക കോര്‍പറേഷനായ കൊച്ചിയില്‍ സൗമിനി ജയിനാണ് മേയര്‍ പദവിയില്‍.

VKC-Mനൂറ് അംഗ കൗണ്‍സിലില്‍ 42 വോട്ട് നേടിയാണ് പ്രശാന്ത് തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ ഡി എഫിലെ ഒരു വോട്ട് അസാധുവായി. ശ്രീകാര്യം കൗണ്‍സിലര്‍ പങ്കെടുത്തെങ്കിലും വോട്ടോടുപ്പില്‍ നിന്നും വിട്ടു നിന്നു. ഡെപ്യൂട്ടി മേയറായി സി പി ഐയിലെ രാഖി രവി കുമാറിനെ തിരഞ്ഞെടുത്തു. 43 വോട്ടുകള്‍ രാഖിക്ക് ലഭിച്ചു. മത്സരരംഗത്തുണ്ടായിരുന്ന ബി ജെ പി മേയര്‍ സ്ഥാനാര്‍ഥി വി ഗിരിക്ക് 35 വോട്ട് ലഭിച്ചു.

കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന്റെ വോട്ടിന്റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് കണ്ണൂരില്‍ എല്‍ ഡി എഫിന് മേയര്‍ സ്ഥാനം ലഭിച്ചത്. പി കെ രാഗേഷ് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ഡി സി സി അംഗീകരിക്കാത്ത സാഹചര്യത്തില്‍ എല്‍ ഡി എഫിന് അനുകൂലമായി വോട്ടുചെയ്യുകയായിരുന്നു. അതേസമയം ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് രാഗേഷ് വിട്ടുനിന്നതോടെ എല്‍ ഡി എഫ്-യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് തുല്യവോട്ടായി. പിന്നീട് നറുക്കെടുപ്പിലൂടെ മുസ്‌ലിം ലീഗിന്റെ സി സമീര്‍ ഡെപ്യൂട്ടി മേയറായി.
കോഴിക്കോട് മേയറായി എല്‍ ഡി എഫിലെ വി കെ സി മമ്മദ് കോയ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 48 വോട്ടുകള്‍ നേടിയാണ് ഇദ്ദേഹം യു ഡി എഫിലെ പി എം നിയാസിനെ തോല്‍പ്പിച്ചത്. ഇവിടെ ഡെപ്യൂട്ടി മേയറായി സി പി എമ്മിലെ മീരാദര്‍ശക് തിരഞ്ഞെടുക്കപ്പെട്ടു.

കൊല്ലത്ത് എല്‍ ഡി എഫിന്റെ അഡ്വക്കറ്റ് വി രാജേന്ദ്രബാബു മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 55 അംഗ ഡിവിഷനില്‍ 36 പേരുടെ പിന്തുണയോടു കൂടിയാണ് രാജേന്ദ്രബാബു തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് ബി ജെ പി അംഗങ്ങളും ഒരു എസ് ഡി പി ഐ അംഗവും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
തൃശൂര്‍ കോര്‍പറേഷനില്‍ എല്‍ ഡി എഫിലെ അജിതാ ജയരാജ് തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി ബി ഗീതക്ക് 23 വോട്ട് ലഭിച്ചപ്പോള്‍ 26 വോട്ടുകള്‍ നേടിയാണ് ജയരാജ് വിജയിച്ചത്. ബി ജെ പി സ്ഥാനാര്‍ഥി എം എസ് സമ്പൂര്‍ണക്ക് ആറ് വോട്ടാണ് ലഭിച്ചത്. രണ്ട് കോണ്‍ഗ്രസ് വിമതര്‍ യു ഡി എഫിനൊപ്പം നിന്നു.

യു ഡി എഫ് നേടിയ ഏക കോര്‍പറേഷനായ കൊച്ചിയില്‍ 30നെതിരെ 41 വോട്ടുകള്‍ നേടിയാണ് സൗമിനി ജെയിന്‍ മേയര്‍ സ്ഥാനത്തെത്തിയത്.
രണ്ട് ബി ജെ പി അംഗങ്ങളും ഒരു സ്വതന്ത്രയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അതേസമയം ഒരു യു ഡി എഫ് റിബലും രണ്ട് എല്‍ ഡി എഫ് റിബലും സൗമിനിക്ക് വോട്ട് ചെയ്തു. ഡോ. പൂര്‍ണിമ നാരായണനായിരുന്നു എല്‍ ഡി എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി.

Latest