സംസ്ഥാനത്തെ ആദ്യ പട്ടിക വര്‍ഗ നഗരസഭ ചെയര്‍മാനായി പ്രവിജ് ഇന്ന് സ്ഥാനമേല്‍ക്കും

Posted on: November 18, 2015 10:51 am | Last updated: November 18, 2015 at 10:51 am
SHARE

മാനന്തവാടി: നഗരസഭ ചെയര്‍മാന്‍ സ്ഥാനം പട്ടിക വര്‍ഗര്‍ക്കായി സംവരണം ചെയ്ത ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ ആദ്യ പട്ടിക വര്‍ഗ നഗരസഭാ ചെയര്‍മാനായി മാനന്തവാടി നഗരസഭയില്‍ ഇന്ന് വി ആര്‍ പ്രവീജ് സ്ഥാനമേല്‍ക്കും.
കണിയാരം വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രവീജ് 21-ാം വയസ് മുതലാണ് രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. വീട്ടിലാരും തന്നെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചിട്ടില്ല. ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റിയംഗം, കുറ്റിമൂല ബ്രാഞ്ച് കമ്മിറ്റിയംഗം, എ കെ എസ് കണിയാരം വില്ലേജ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്.
ഓട്ടോ മൊബൈല്‍ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയ പ്രവീജ് തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ മെക്കാനിക്കായി ജോലി ചെയ്തിട്ടുണ്ട്. ദ്വാരക ടെക്‌നിക്കല്‍ സ്‌കൂള്‍ അധ്യാപകന്‍ കുറ്റിമൂല വെള്ളോട്ടില്‍ രാമന്റെ മകനാണ്.
കുറിച്യ വിഭാഗത്തില്‍പ്പെട്ട പ്രവീജ് സംസ്ഥാനത്ത് തന്നെ പ്രായം കുറഞ്ഞ നഗരസഭ ചെയര്‍മാന്‍മാരില്‍ ഒരാള്‍ കൂടിയായിരിക്കും.
സംസ്ഥാനത്ത് മറ്റു മുനിസിപ്പാലിറ്റികളില്‍ ഒന്നും തന്നെ നഗരസഭ ചെയര്‍മാന്‍ സ്ഥാനം പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ തന്നെ പ്രവീജിന്റെ സ്ഥാനം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. മാതാവ് പരേതനായ അമ്മിണി. സഹോദരങ്ങള്‍: പ്രശാന്ത്, പ്രസാദ്, പ്രസീത.