കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം: ബോധവത്കരണ സന്ദേശവുമായി ‘കോമള്‍’

Posted on: November 18, 2015 10:48 am | Last updated: November 18, 2015 at 10:48 am

കല്‍പ്പറ്റ: സമൂഹത്തില്‍ കുട്ടികള്‍ നേരിടുന്ന ശാരീരിക- മാനസിക-ലൈംഗിക പീഡന സാഹചര്യങ്ങളെ ഏങ്ങനെ നേരിടാം എന്ന സന്ദേശവുമായി ‘കോമള്‍’ എന്ന അനിമേഷന്‍ ചിത്രം.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി ചൈല്‍ഡ് ലൈന്‍ ഒരുക്കിയ ബോധവത്കരണ ചിത്രമായ കോമള്‍ ഈ മാസം 14 മുതല്‍ 23 വരെ ജില്ലയില്‍ സംഘടിപ്പിച്ച ‘ചൈല്‍ഡ് ലൈന്‍ സെ ദോസ്തി’ കാമ്പയിന്റെ ഭാഗമായാണ് പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച് കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ ധാരണയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
നവംബര്‍ 17 മുതല്‍ 19 വരെ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും ചിത്രം പ്രദര്‍ശിപ്പിക്കും.
ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കല്‍പ്പറ്റ എസ്.കെ.എം,ജെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലായിരുന്നു. ചൈല്‍ഡ് ലൈന്‍ വെല്‍ഫെയര്‍ കമ്മിറ്റി അംഗം ഡോ. ബെറ്റി ജോസ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ പലരില്‍ നിന്നായി അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് ഏങ്ങനെ പരിഹാരം കണ്ടെത്താം എന്നാണ് 15 മിനിറ്റ് നീണ്ട് നില്‍ക്കുന്ന അനിമേഷന്‍ ചിത്രം പറയുന്നത്. അച്ഛനും അമ്മയും അടങ്ങുന്നതാണ് കോമളിന്റെ കുടുംബം. സന്തോഷവും സമാധാനവും നിറഞ്ഞുനിന്ന അഞ്ചാം ക്ലാസ്സുകാരിയുടെ ജീവിതത്തില്‍ അച്ഛന്റെ ഉറ്റ സുഹൃത്തിന്റെ കടന്നുവരവോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കോമളിന് അച്ഛന്‍ നല്‍കിയ സ്‌നേഹത്തിലും അധികമായിരുന്നു അങ്കിളിന്റെ സ്‌നേഹ ലാളനകള്‍. ആ സ്‌നേഹത്തില്‍ ഒമ്പതുവയസ്സുകാരി കോമള്‍ തന്റെ അച്ഛനെ തെന്നയാണ് കണ്ടത്. എന്നാല്‍ പെട്ടന്നൊരു ദിവസം അങ്കിളിന്റെ സ്‌നേഹ ലാളനയിലുണ്ടായ മാറ്റമാണ് ചിത്രത്തിന്റെ ആദ്യ പകുതിയില്‍ പറയുന്നത്. തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ ആരോടും പറയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അവള്‍ അദ്ധാപികയുടെ ശ്രദ്ധയില്‍ പെട്ടത്. കാര്യങ്ങള്‍ അധ്യാപിക മുഖേന രക്ഷിതാക്കള്‍ അറിയുകയും കോമളിന്റെ ഭാവി മുന്നില്‍ കണ്ട് ചൈല്‍ഡ് ലൈനിന്റെ സേവനം ഉറപ്പു വരുത്തുുകയാണ് ചിത്രത്തിന്റെ പ്രമേയം.
അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണസ്ഥിതിയില്‍ കഴിയുന്ന ശിശു മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ അനുഭവിക്കുന്ന ഭ്രൂണഹത്യയും പീഡനങ്ങളും ലൈംഗീകാതിക്രമങ്ങളും ഏങ്ങനെ നേരിടാം എന്നതിന് മുതിന്നര്‍വര്‍ക്ക് അവബോധം നല്‍കുകയാണ് ചിത്രം. നമുക്ക് ചുറ്റിലും ഉള്ള കുട്ടികള്‍ ദിനം പ്രതി അനുഭവിക്കുന്ന ഇത്തരം അവസ്ഥയെ ഏങ്ങനെ കൈകാര്യം ചെയ്യാം എന്നതിനും ആരോടെങ്കിലും കാര്യങ്ങള്‍ പറയാന്‍ കുട്ടികളെ പ്രാപ്തരാക്കാനും ഒരു പരിധിവരെ ചിത്രം സഹായകമായി. കുട്ടിയുടെ താല്‍പര്യമില്ലാതെ മറ്റെരാള്‍ തെറ്റായ രീതിയില്‍ സ്പര്‍ശിക്കുന്ന അവസരത്തില്‍ ഏങ്ങനെ പ്രതികരിക്കണമെന്നും ഉടനടി കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വിശ്വസ്തരായവരുടെയോ ചൈല്‍ഡ് ലൈനിന്റെയോ സേവനം ഉറപ്പാക്കാം എന്നും ചിത്രത്തില്‍ വിശദമാക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വന്തം വീട്, യാത്രാ വേളകള്‍, നഗര പ്രദേശങ്ങള്‍, കടകള്‍, എന്നിവടങ്ങളില്‍ കുട്ടികള്‍ ബാലപീഡനത്തിന് ഇരയാകുന്നുവെങ്കില്‍ സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈനിന്റെ സേവനം ലഭ്യമാക്കാം എന്ന ആശയത്തോടെയാണ് ചിത്രം അവസാനിച്ചത്.
പ്രദര്‍ശനത്തോടുനുബന്ധിച്ച് നടന്ന ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിജയരാജ്, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വിക്ടര്‍ ജോണ്‍സണ്‍, സ്റ്റാഫ് സെക്രട്ടറി എന്‍ കെ സുനില്‍, ചൈല്‍ഡ് ലൈന്‍ സെന്‍ട്രല്‍ കോ ഓര്‍ഡിനേറ്റര്‍ സ്‌റ്റെഫി എന്നിവര്‍ സംസാരിച്ചു.

ദര്‍ഘാസ് ക്ഷണിച്ചു
കല്‍പ്പറ്റ: എന്‍ എം എസ് എം ഗവ. കോളജിലേക്ക് ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടറുകള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ രണ്ട്.