Connect with us

Malappuram

ഭരണചക്രം തിരിക്കാന്‍ സാരഥികള്‍ ഇന്ന് അധികാരത്തിലേറും

Published

|

Last Updated

മലപ്പുറം: അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള പ്രതീക്ഷകളും കണക്ക് കൂട്ടലുകളുമായി തദ്ദേശസ്ഥാപനങ്ങളില്‍ ഇന്ന് ഭരണസമിതി അധികാരത്തിലേറും. കോണ്‍ഗ്രസ് -ലീഗ് പോരുളള 20 പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും യു ഡി എഫില്‍ സമവായമുണ്ടാക്കാന്‍ ഇന്നലെ ഏറെ വൈകും വരെ നടത്തിയ ചര്‍ച്ചകള്‍ വിഫലമായി.
കോണ്‍ഗ്രസും സി പി എമ്മും ചെറുപാര്‍ട്ടികളും കൈകോര്‍ത്ത സാമ്പാര്‍ മുന്നണി ഏഴ് പഞ്ചായത്തുകളില്‍ ഭരണസമിതിയുണ്ടാക്കും. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി അവസാന നിമിഷം ജനകീയ വികസന മുന്നണിയില്‍ നിന്ന്തിരിച്ചുപിടിക്കാനായതാണ് യു ഡി എഫ് ക്യാമ്പിലെ ഏക ആശ്വാസം. 45 അംഗ നഗരസഭയില്‍ വികസനമുന്നണിയ്ക്ക് 20 സീറ്റും യു ഡി എഫിന് 21 സീറ്റുമുണ്ട്. ബി ജെ പിക്ക് നാല് സീറ്റും. വികസന മുന്നണിയ്ക്ക് ബി ജെ പി പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ഇടതുപക്ഷവും കോണ്‍ഗ്രസും പ്രധാനകക്ഷികളായ സഖ്യത്തിനുള്ള പിന്തുണ വിവാദമായതോടെ ബി ജെ പി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ പരപ്പനങ്ങാടിയില്‍ അടിയന്തര വാര്‍ത്താസമ്മേളനം നടത്തി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
ഇതോടെ ജനകീയ മുന്നണിയുടെ പ്രതീക്ഷകളും പൊലിഞ്ഞു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലീഗിലെ വി ജമീല ടീച്ചര്‍ ചെയര്‍പേഴ്‌സണാവും.
മന്ത്രി പി കെ അബ്ദുറബ്ബിന്റെ സഹോദരന്‍ പി കെ മുഹമ്മദാണ് വൈസ് ചെയര്‍മാന്‍. അതേസമയം കൊണ്ടോട്ടിയില്‍ മതേതര മുന്നണി അധികാരത്തിലേറും. സംവരണ സീറ്റായ ചെയര്‍മാന്‍ സ്ഥാനത്ത് കോണ്‍ഗ്രസിലെ പി നാടിക്കുട്ടിയും വൈസ് ചെയര്‍മാന്‍ സ്ഥാനം ഇടതുസ്വതന്ത്രയായ കൂനയില്‍ നഫീസയ്ക്കുമാണ്. 40 അംഗ ഭരണ സമിതിയില്‍ മതേതര വികസന മുന്നണിക്ക് 21 സീറ്റും മൂസ്‌ലിം ലീഗിന് 18 അംഗങ്ങളുണ്ട്. മതേതര മുന്നണിയുടെ ബാനറില്‍ കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ച മൂന്ന് കൗണ്‍സിലര്‍മാരെ യുഡി എഫ് ക്യാമ്പിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വനിതാ സംവരണമായ മലപ്പുറം നഗരസഭയില്‍ ലീഗിലെ സി എച്ച് ജമീലയാണ് ചെയര്‍പേഴ്‌സണ്‍. കോണ്‍ഗ്രസിലെ പെരുമ്പള്ളി സൈദ് വൈസ് ചെയര്‍മാനാകും.
മഞ്ചേരിയില്‍ മുസ്‌ലിംലീഗിലെ വി എം സുബൈദ ചെയര്‍പേഴ്‌സണാവും. കഴിഞ്ഞ കൗണ്‍സിലില്‍ സ്ഥിരം സമിതി അധ്യക്ഷ കൂടിയായിരുന്നു. കോണ്‍ഗ്രസിലെ വി പി ഫിറോസാണ് വൈസ് ചെയര്‍മാന്‍. എല്‍ ഡിഎഫ് നിലനിറുത്തിയ പെരിന്തല്‍മണ്ണയില്‍ എം മുഹമ്മദ് സലീം ചെയര്‍മാനാവും. ലീഗിന് ചെയര്‍മാന്‍ സ്ഥാനമുള്ള കോട്ടക്കലില്‍ കെ കെ നാസര്‍ അധികാരത്തിലേറും. വളാഞ്ചേരി നഗരസഭയില്‍ ലീഗിലെ മുണ്ടശ്ശേരി ഷാഹിന ചെയര്‍പേഴ്‌സണും കോണ്‍ഗ്രസിലെ കെ വി ഉണ്ണികൃഷ്ണന്‍ വൈസ് ചെയര്‍മാനുമാകും. തിരൂരങ്ങാടിയില്‍ മുസ് ലിംലീഗിലെ കെ ടി റഹീദയാവും സാരഥി. ലീഗിന് തനിച്ച് ഭൂരിപക്ഷമുള്ള താനൂരില്‍ സി കെസുബൈദ ഭരണനേതൃത്വമേറ്റെടുക്കും. എല്‍ ഡി എഫിന് ഭരണം ലഭിച്ച പൊന്നാനിയില്‍ കഴിഞ്ഞ കൗണ്‍സിലിലെ പ്രതിപക്ഷ അംഗമായിരുന്ന സി പി മുഹമ്മദ് കുഞ്ഞി ചെയര്‍മാനാകും. ഒരുസീറ്റിന്റെ ബലത്തില്‍ ഇടത് കക്ഷികള്‍ അധികാരത്തിലേറുന്ന തിരൂരില്‍ അഡ്വ. എസ് ഗിരീഷ് ചെയര്‍മാനാകും. അതേസമയം കോണ്‍ഗ്രസ് -ലീഗ് പോരില്‍ കുഴഞ്ഞുമറിഞ്ഞ 22 പഞ്ചായത്തുകളില്‍ പള്ളിക്കലിലും തേഞ്ഞിപ്പലത്തും മാത്രമാണ് സമവായമുണ്ടാക്കാനായത്.

Latest