തിരൂര്‍ നഗരസഭ; എല്‍ ഡി എഫില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയെ തീരുമാനമായില്ല

Posted on: November 18, 2015 10:43 am | Last updated: November 18, 2015 at 10:43 am
SHARE

തിരൂര്‍: സി പി എം-സി പി ഐ പലവട്ടം ചര്‍ച്ച നടത്തിയിട്ടും വൈസ്‌ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനായില്ല.
വൈസ്‌ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സി പി ഐയെ കൊണ്ടുവരണമെന്ന ആവശ്യം സി പി എം അംഗീകരിക്കാതെ വന്നതോടെ ചര്‍ച്ചകള്‍ പാതിര വരെ നീണ്ടു. 19 സീറ്റുകളുള്ള എല്‍ ഡി എഫില്‍ ഒരു സ്വതന്ത്രയടക്കം രണ്ടു സീറ്റുകളാണ് സി പി ഐക്കുള്ളത്. ഇത് ചൂണ്ടിക്കാട്ടിയാണ് വൈസ്‌ചെയര്‍പേഴ്‌സണ്‍ പദവി ആവശ്യത്തില്‍ സി പി ഐ ഉറച്ചു നിന്നത്. എന്നാല്‍ രണ്ടര വര്‍ഷം വീതം വൈസ് ചെയര്‍പേഴ്‌സണ്‍ പദവി പങ്കിടാമെന്ന ഉപാധി ഇരു പാര്‍ട്ടികളും അംഗീകരിച്ചെങ്കിലും ആദ്യ രണ്ടര വര്‍ഷം സി പി ഐക്കു തന്നെ വേണമെന്ന് മുന്നോട്ടു വെച്ചു. ഇത് സി പി എം അംഗീകരിച്ചില്ല. ടി ഡി എഫും വൈസ്‌ചെയര്‍ പേഴ്‌സണു വേണ്ടി പിടിമുറുക്കിയിട്ടുണ്ട്.
അതേസമയം ചെയര്‍മാന്‍ സ്ഥാനം ഉപാധികളോടെ സി പി എമ്മിന് നല്‍കാന്‍ എല്‍ ഡി എഫ് യോഗത്തില്‍ തീരുമാനമായി. മൂന്ന് വര്‍ഷം സി പി എമ്മും രണ്ടു വര്‍ഷം ടി ഡി എഫും ചെയര്‍മാന്‍ സ്ഥാനം പങ്കിടും. ആദ്യ രണ്ടു വര്‍ഷം ചെയര്‍മാന്‍ സ്ഥാനത്തേക്ക് സി പി എമ്മിന്റെ അഡ്വ. ഗിരീഷിനെയും അടുത്ത രണ്ടു വര്‍ഷം ഇടതു സ്വതന്ത്രനായി വിജയിച്ച ടി ഡി എഫ് അംഗം കെ ബാവയെയും അവസാന ഒരു വര്‍ഷം വീണ്ടും ഗിരീഷിനെയുമാണ് ധാരണയായത്. ഇന്ന് രാവിലെ 11ന് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പും ഉച്ചക്ക് രണ്ടിന് വൈസ് ചെയര്‍മാന്‍ മത്സരവും നടക്കും. പതിനെഞ്ച് വര്‍ഷത്തെ യു ഡി എഫ് ഭരണത്തിനു ശേഷം അട്ടിമറിയിലൂടെ എല്‍ ഡി എഫ് വിജയം കൈവരിച്ചെങ്കിലും ചെയര്‍മാന്‍, വൈസ്‌ചെയര്‍മാന്‍ വീതം വെയ്പ്പിനെ ചൊല്ലി മുന്നണിയില്‍ പ്രതിസന്ധി തുടരുകയായിരുന്നു. കേവല ഭൂരിപക്ഷത്തില്‍ വിജയിച്ച ഇടതുമുന്നണിയില്‍ നിന്നുള്ള ഘടക കക്ഷികള്‍ ചെയര്‍മാന്‍, വൈസ്‌ചെയര്‍മാന്‍ പദവികള്‍ ആവശ്യപ്പെട്ട് രംഗത്ത് വന്നത് സി പി എമ്മിന് തലവേദനയായി. ഇതോടെ അവസാന നിമിഷം വരെ പ്രശ്‌ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ തുടരേണ്ടി വന്നു. വൈസ് ചെയര്‍മാന്‍ സ്ഥാനം വേണമെന്ന നിപാടില്‍ സി പി ഐയും ഉറച്ചു നിന്നതോടെ സി പി എമ്മിന് പ്രശ്‌ന പരിഹാരം കീറാമുട്ടിയായി. തിങ്കളാഴ്ച ഇടതു മുന്നണി യോഗം ചേര്‍ന്നെങ്കിലും വൈസ് ചെയര്‍മാന്‍ സ്ഥാനത്തിനായി സി പി ഐ പിടിവാശി പിടിച്ചു. ഇതോടെ തീരുമാനത്തിനായി സി പി ഐ ജില്ലാ കമ്മിറ്റിക്കു വിടുകയായിരുന്നു.
എന്നാല്‍ ഇന്നലെ രാവിലെ ആരംഭിച്ച കൂടിയാലോചനകളും ചര്‍ച്ചകളും പാതിരാവരെ നീളുകയായിരുന്നു. പാലോളി മുഹമ്മദ് കുട്ടി അടക്കമുള്ള സി പി എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടെങ്കിലും തീരുമാനമാകാതെ യോഗം നീളുകയായിരുന്നു. ഇടതു മുന്നണിയില്‍ നിന്നുള്ള ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി ഇന്ന് അഡ്വ. ഗിരീഷ് മത്സരിക്കും. വൈസ്‌ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ആര് മത്സരിക്കണമെന്ന് ഇന്ന് രാവിലെ അന്തിമമായി തീരുമാനിക്കും.