ബേങ്കിന്റെ സി ഡി എം തകര്‍ത്ത് മോഷണ ശ്രമം: മുഖ്യപ്രതി പോലീസ് പിടിയില്‍

Posted on: November 18, 2015 10:22 am | Last updated: November 18, 2015 at 10:22 am
SHARE

പെരിന്തല്‍മണ്ണ: സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍(സി ഡി എം) അടിച്ചുപൊളിച്ച് മോഷണത്തിന് ശ്രമിച്ച കേസിലെ മുഖ്യപ്രതി ആസാം നോക്കാവ് ജില്ലയില്‍ കാമ്പൂര്‍ സ്വദേശി മുഹമ്മദ് അജിദുല്‍ ഹക്കിനെ(24) പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. പെരിന്തല്‍മണ്ണയിലെ കോഴിക്കോട് റോഡിലുളള എസ് ബി ഐ ബ്രാഞ്ചിനു മുന്‍വശത്തെ സി ഡി എം അടിച്ചു തകര്‍ത്തായിരുന്നു മോഷണ ശ്രമം.
സംഘാംഗങ്ങള്‍ക്കായുളള അന്വേഷണം അന്യ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. തേലക്കാടുവെച്ച് ഡി വൈ എസ് പി. പി എം പ്രദീപ്, സി ഐ. കെ എം ബിജു, എസ് ഐ. സി കെ നാസര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അന്യസംസ്ഥാന തൊഴിലാളികളായ നിരവധി പേര്‍ ഈ സി ഡി എം മുഖേനയാണ് നാട്ടിലെ ബന്ധുക്കള്‍ക്ക് ജോലിചെയ്തുകിട്ടുന്ന പണം അയച്ചു കൊടുത്തിരുന്നത്. കഴിഞ്ഞ രണ്ടാം തീയതി പുലര്‍ച്ചെ ആള്‍ത്തിരക്കില്ലാത്ത സമയത്ത് പണം നിക്ഷേപിക്കാനെത്തിയ ബംഗാള്‍ സ്വദേശികള്‍ സി ഡി എം കൗണ്ടറില്‍ കയറിയ ഉടനെ കൗണ്ടറില്‍ നിന്നും രണ്ടു പേര്‍ ഇറങ്ങി ഓടി. പരിശോധിച്ചപ്പോള്‍ മെഷീന്റെ മുകള്‍ഭാഗം അടിച്ചു തകര്‍ത്തതായി കണ്ടു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു പേര്‍ ബൈപ്പാസ് റോഡിലൂടെ ഓടിപ്പോയതായും തടയാന്‍ ശ്രമിച്ച നാട്ടുകാരെ ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതായും അന്വേഷണ സംഘം കണ്ടെത്തി. സി ഡി എം കൗണ്ടറിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച ഫോട്ടോയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ മേലാറ്റൂര്‍ തേലക്കാട്ടെ കമ്പനിയിലെ തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞത്. തേലക്കാട്ടുനിന്നും ഓട്ടോ വിളിച്ചാണ് പ്രതികള്‍ പെരിന്തല്‍മണ്ണയിലെത്തിയത്. ബസ്സ്റ്റാന്‍ഡിലും മറ്റും സമയം ചെലവഴിച്ച പുലര്‍ച്ചയോടെ കയ്യില്‍ കരുതിയ ആയുധങ്ങളുമായി സി ഡി എം കൗണ്ടറിലെത്തി.
ടൗവ്വല്‍ കൊണ്ട് മുഖംമറച്ച് ഷട്ടര്‍താഴ്ത്തി സി സി ടി വി ക്യാമറകള്‍ കടലാസുകൊണ്ട് മറച്ചു. പിന്നീട് ഒരാള്‍ കൗണ്ടറിന് പുറത്തുനിന്ന് ആളുകള്‍ വരുന്നുണ്ടോയെന്ന് ശ്രദ്ധിച്ചു. തുടര്‍ന്നായിരുന്നു മോഷണശ്രമം. പ്രതിയെ പെരിന്തല്‍മണ്ണ ജെ എഫ് സി എം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.