Connect with us

Kozhikode

ബാബു പറശേരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വി കെ സി മമ്മദ്‌കോയ മേയറുമാകും

Published

|

Last Updated

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ബാബു പറശേരിയെയും കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് വി കെ സി മമ്മദ്‌കോയയെയും എല്‍ ഡി എഫ് തീരുമാനിച്ചതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ്. മുന്‍ എം എല്‍ എയായ വി കെ സി മമ്മദ് കോയ അരീക്കാട് വാര്‍ഡിനെയാണ് പ്രതിനിധീകരിക്കുന്നത്. കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സി പി എമ്മിലെ മീരാ ദര്‍ശകിനെയാണ് തീരുമാനിച്ചത്. കഴിഞ്ഞ കോര്‍പറേഷന്‍ കൗണ്‍സിലില്‍ അംഗമായിരുന്ന മീരാ ദര്‍ശക് സി പി എം മെഡിക്കല്‍ കോളജ് ലോക്കല്‍ കമ്മിറ്റിയംഗമാണ്.
അഞ്ച് സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ സി പി എമ്മിനും ഓരോ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ വീതം എന്‍ സി പി ക്കും സി പി ഐക്കും ലഭിക്കും. സി പി എമ്മിന് ലഭിച്ച വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി പി സി രാജനെയും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെ വി ബാബുരാജിനെയും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് ടി വി ലളിത പ്രഭയെയും നഗരാസൂത്രണം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എം സി അനില്‍കുമാറിനെയും വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എം രാധാകൃഷ്ണനെയും എല്‍ ഡി എഫ് തീരുമാനിച്ചിട്ടുണ്ട്.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സ്ഥാനം എന്‍ സി പിയിലെ അനിതാ രാജനാണ്. സി പി ഐയിലെ ആശാ ശശാങ്കനാണ് നികുതി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനാവുക. സി പി എമ്മിന്റെ കൗണ്‍സിലര്‍ പാര്‍ട്ടി ലീഡറായി കെ വി ബാബുരാജനെയും സെക്രട്ടറിയായി വി ടി സത്യനെയും വിപ്പായി എം പി സുരേശനെയും തിരഞ്ഞെടുത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സി പി ഐക്കാണ്. മൂന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ സി പി എമ്മിനും ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം എന്‍ സി പി ക്കും ലഭിക്കും.
ബാലുശേരി ഡിവിഷനില്‍ നിന്നാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബാബു പറശേരി തിരഞ്ഞെടുക്കപ്പെട്ടത്. ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റായ ബാബു പറശേരി നാടക നടനും സാസ്‌കാരിക പ്രവര്‍ത്തകനുമാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റീനാ മുണ്ടേങ്ങാട് ചാത്തമംഗലം ഡിവിഷന്‍ അംഗമാണ്. നേരത്തെ കടലുണ്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ സി പി ക്ക് ലഭിച്ച വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി എല്‍ ഡി എഫ് ജില്ലാ കണ്‍വീനറായ മുക്കം മുഹമ്മദിനെ തീരുമാനിച്ചിട്ടുണ്ട്. വികസനം, പൊതുമരാമത്ത്, ക്ഷേമകാര്യം സ്റ്റാന്‍ഡിംഗ് കമ്മിറ്റികളാണ് സി പി എമ്മിന് ലഭിച്ചത്. ചെയര്‍മാന്മാരെ പിന്നീട് തീരുമാനിക്കുമെന്ന് സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍ അറിയിച്ചു.
ഇന്ന് തിരഞ്ഞെടുക്കപ്പെടുന്ന കോര്‍പറേഷന്‍ മേയര്‍, ഡപ്യൂട്ടി മേയര്‍ എന്നിവര്‍ക്ക് വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സ്വീകരണം നല്‍കും. ഫറോക്ക് നഗരസഭയില്‍ അധ്യക്ഷ സ്ഥാനത്തേക്ക് എല്‍ ഡി എഫ് മത്സരിക്കുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.
ജില്ലയില്‍ ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളില്‍ ഭരണം ലഭിക്കാന്‍ ബി ജെ പി പിന്തുണ സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യപ്പെട്ടാതെ തിരഞ്ഞെടുപ്പില്‍ ബി ജെ പി പിന്തുണ നല്‍കിയാല്‍ ഇടത് മുന്നണി പദവി ഉപേക്ഷിക്കും.
ജില്ലയില്‍ ഒരിടത്തും വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഇടത് മുന്നണി സഹകരിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. പ്രാദേശികമായി സ്വതന്ത്രന്മാരെ പിന്തുണച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സി പി എം നേതാക്കളായ എ പ്രദീപ്കുമാര്‍ എം എല്‍ എ, ടി പി ദാസന്‍, സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, എന്‍ സി പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, സുനില്‍ സിംഗ്, ജനതാദള്‍ ജില്ലാസെക്രട്ടറി ടി പി ആസാദ്, കോണ്‍ഗ്രസ് എ സ് നേതാവ് സി പി അബ്ദുല്‍ ഹമീദ്, കേരളാ കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന്‍ തണ്ടേപ്പാട് പങ്കെടുത്തു.

Latest