ഓണ്‍ലൈന്‍ പെണ്‍വാണിഭം: ചുംബന സമരനേതാക്കള്‍ പിടിയില്‍

Posted on: November 18, 2015 9:10 am | Last updated: November 19, 2015 at 8:59 am
rahul and rashmi
രാഹുല്‍ പശുപാലും ഭാര്യ രശ്മിയും

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയതിന് ചുംബന സമര നേതാവും ഭാര്യയുമുള്‍പ്പെടെ 15 പേര്‍ പിടിയില്‍.
ചുംബനസമര നേതാവ് കൊല്ലം സ്വദേശി രാഹുല്‍ പശുപാലന്‍ (29), ഭാര്യയും മോഡലുമായ രശ്മി ആര്‍ നായര്‍(27), കാസര്‍കോട് സ്വദേശി അബ്ദുല്‍ ഖാദര്‍(അക്ബര്‍-31), കൊല്ലം നെടുമ്പന സ്വദേശി രാഹുല്‍(29), എറണാകുളം സ്വദേശി അജീഷ്(21), പാലക്കാട് സ്വദേശി ആശിഖ്(34) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശി ഉമ്മര്‍, പാലക്കാട് സ്വദേശി വിജേഷ്, തൃശൂര്‍ സ്വദേശി സുജിത്ത്, എറണാകുളം സ്വദേശി സോണി കുര്യന്‍, കോഴിക്കോട് സ്വദേശി ചന്ദ്രകുമാര്‍, പ്രദീപ് എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. പിടിയിലായവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
ക്രൈം ബ്രാഞ്ച് ഐ ജി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുമെന്ന് ഐ ജി. ശ്രീജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അബ്ദുല്‍ ഖാദറാണ് മുഖ്യപ്രതി. ബംഗളുരുവില്‍ നിന്നും പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച യുവതിയാണ് രണ്ടാം പ്രതി. രാഹുല്‍ പശുപാലന്‍ മൂന്നാം പ്രതിയാണ്. ഇടപാടിനായി ബംഗളൂരുവില്‍നിന്നെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ഇവരെ നിര്‍ഭയയിലേക്ക് മാറ്റി.
ഫേസ് ബുക്കിലെ ‘കൊച്ചു സുന്ദരികള്‍’ എന്ന കമ്മ്യൂണിറ്റി പേജുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണമാണ് ചുംബന സമര നായകനിലേക്കും ഭാര്യയിലേക്കും എത്തിയത്. കുപ്രസിദ്ധ ഗുണ്ടാതലവനും കാസര്‍കോട് സ്വദേശിയുമായ അബ്ദുല്‍ ഖാദര്‍ ആണ് ‘കൊച്ചു സുന്ദരികള്‍’ എന്ന പേജിലെ മുഖ്യ കണ്ണി. ഇയാളുടെ പേരിലുള്ള മറ്റ് ഒമ്പത് സൈറ്റുകളും പോലീസ് കണ്ടെത്തി. ഏറെ നാളായി ‘കൊച്ചുസുന്ദരികള്‍’ എന്ന പേജ് പോലീസ് നിരീക്ഷിക്കുകയായിരുന്നു. കുട്ടികളെയുള്‍പ്പെടെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഫേസ് ബുക്ക് അധികൃതരില്‍ നിന്ന് ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ചൈല്‍ഡ് പ്രോണോഗ്രഫി എന്നത് രാജ്യാന്തരതലത്തില്‍ വരെ ഏറെ കുറ്റകരമാണെന്നും ഐ ജി പറഞ്ഞു. വാണിഭം നടക്കുന്നുണ്ടെന്ന് ഉറപ്പായതോടെ പോലീസുകാര്‍ ആവശ്യക്കാരെന്ന വ്യാജേനെ മുഖ്യപ്രതി അക്ബറുമായി ബന്ധപ്പെടുകയായിരുന്നു.
ഇവര്‍ ആവശ്യപ്പെട്ടപ്പോള്‍ അക്ബര്‍, രശ്മിയുടെ ഫോട്ടോയാണ് ആദ്യം കാണിച്ചത്. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ള രശ്മിയുടെ പല ചിത്രങ്ങളും ഇതോടൊപ്പം കാണിച്ചു. കൂടുതല്‍ പേരെ ആവശ്യപ്പെട്ടപ്പോഴാണ് മറ്റ് നാല് പേരുടെ ചിത്രങ്ങളും കാണിച്ചത്. അഞ്ച് പേര്‍ക്കുമായി ഒരു രാത്രിക്ക് നാല് ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്. കൂട്ടത്തിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും രശ്മിക്കുമായിരുന്നു കൂടുതല്‍ തുക.
അക്ബറിന്റെ ഭാര്യ മുബീനയും കൂട്ടത്തിലുണ്ടായിരുന്നു. പോലീസുകാര്‍ നേരത്തെ പറഞ്ഞുറപ്പിച്ചത് പ്രകാരം നെടുമ്പാശ്ശേരിയിലെ മാരിയറ്റ് ഹോട്ടലില്‍ വാണിഭത്തിനായി ഇവര്‍ എത്തിയപ്പോഴാണ് പിടികൂടിയത്.
ഭര്‍ത്താവ് രാഹുല്‍ പശുപാലനും മകനുമൊപ്പമാണ് രശ്മി എത്തിയത്. മൂന്ന് ഘട്ടങ്ങളിലായാണ് വാണിഭത്തിനുള്ളവരെ ഹോട്ടലില്‍ എത്തിക്കാമെന്നേറ്റിരുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ബംഗളൂരുവില്‍നിന്നും കാറിലെത്തിയ രണ്ട് പേര്‍ പോലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കാറില്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരില്‍ അക്ബറിന്റെ ഭാര്യ മുബീനയും മറ്റൊരു സ്ത്രീയുമാണുള്ളത്. രക്ഷപ്പെടലിനിടെ ഇവര്‍ പോലീസുകാരെ കാറിടിച്ച് പരുക്കേല്‍പ്പിക്കാനും ശ്രമിച്ചു. രണ്ട് പോലീസുകാര്‍ക്ക് നിസ്സാര പരിക്കേറ്റു. രക്ഷപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി. ഇവരില്‍ നിന്ന് 20 മൊബൈല്‍ ഫോണുകളും രണ്ട് കാറുകളും ഒരു ടാബും 8600 രൂപയും പോലീസ് പിടിച്ചെടുത്തു.