കേരളത്തില്‍ ബുദ്ധമത ഘര്‍വാപസി: ആയിരത്തോളം പേര്‍ മതപരിവര്‍ത്തനം നടത്തുമെന്ന് റിപ്പോര്‍ട്ട്‌

Posted on: November 18, 2015 12:51 am | Last updated: November 18, 2015 at 12:51 am
SHARE

കാഞ്ഞങ്ങാട്: ഈയിടെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാര്‍ നടത്തിയ ഘര്‍വാപസിക്ക് സമാനമായി സംസ്ഥാനത്ത് ആദ്യമായി ബുദ്ധമതത്തിന്റെ പേരില്‍ മതപരിവര്‍ത്തന കൂട്ടായ്മ സംഘടിപ്പിക്കുന്നു. വിവിധ മതവിഭാഗങ്ങളില്‍ നിന്ന് ആയിരത്തോളം പേരാണ് ബുദ്ധമതത്തില്‍ ചേരുന്നത്. കേരളത്തില്‍ ഇതാദ്യമായി മതപരിവര്‍ത്തനത്തിനായി നടക്കുന്ന പൊതുപരിപാടി ഈമാസം 22ന് കാഞ്ഞങ്ങാട് ടൗണ്‍ഹാളിനു സമീപത്താണ് നടക്കുക. ബുദ്ധമതത്തിലേക്ക് വരുന്നവര്‍ക്കായി മതാചാര പ്രകാരമുള്ള ചടങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്. ചടങ്ങില്‍ ദക്ഷിണ കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ജില്ലയില്‍ നിന്നുമായി വിവിധ മതങ്ങളിലുള്ള ആയിരത്തോളം പേര്‍ ബുദ്ധമതം സ്വീകരിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. മുമ്പ് ഹൊസ്ദുര്‍ഗ് നിയോജക മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സി ജെ കൃഷ്ണന്‍, മംഗലാപുരത്ത് സ്ഥിരതാമസമാക്കിയ എല്‍ ഐ സി ഉദ്യോഗസ്ഥന്‍ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മതപരിവര്‍ത്തന ചടങ്ങ് സംഘടിപ്പിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.
ധര്‍മദിക്ഷയെന്ന് പേരു നല്‍കിയിരിക്കുന്ന മതപരിവര്‍ത്തന പരിപാടി വൈകാതെ എറണാകുളത്തും നടത്തുന്നുണ്ട്. തങ്ങള്‍ ആരെയും നിര്‍ബന്ധപൂര്‍വം മത പരിവര്‍ത്തനം നടത്തുന്നില്ലെന്നും ബുദ്ധമതത്തിന്റെ നല്ല വശങ്ങള്‍ മനസ്സിലാക്കി ആളുകള്‍ ഇങ്ങോട്ട് വരികയാണെന്നുമാണ് സംഘാടകരുടെ അവകാശവാദം. മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് പ്രാര്‍ഥനക്കായി ഉടന്‍ തന്നെ ജില്ലയില്‍ ബുദ്ധവിഹാരങ്ങള്‍ നിര്‍മിക്കും. നാഗ്പൂര്‍ ആസ്ഥാനമായുള്ള സംഘം മതപരിവര്‍ത്തനത്തിനായി കേരളത്തിലും രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഈ മതപരിവര്‍ത്തനത്തെ രഹസ്യാന്വേഷണ വിഭാഗം വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here