Connect with us

Organisation

ജി 20 മതസൗഹാര്‍ദ്ദ ഉച്ചകോടി: ഖലീല്‍ തങ്ങള്‍ സംബന്ധിക്കും

Published

|

Last Updated

മലപ്പുറം: തുര്‍ക്കി തലസ്ഥാനമായ ഇസ്തംബൂളില്‍ നടക്കുന്ന ജി20 മത സൗഹാര്‍ദ്ദ ഉച്ചകോടിയില്‍ മഅ്ദിന്‍ അക്കാദമി അധ്യക്ഷന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി സംബന്ധിക്കും. ഇന്ന് നടക്കുന്ന രണ്ട് പ്രധാന സെഷനുകളില്‍ ‘മാനവ സേനാ സംഘങ്ങളും സുസ്ഥിര വികസനവും’; ‘മതം, പരിസ്ഥിതി, സുസ്ഥിര വികസനം’ എന്നീ വിഷയങ്ങളില്‍ അദ്ദേഹം സംസാരിക്കും. മതസൗഹാര്‍ദ്ദവും സുസ്ഥിര വികസനവും’ എന്നതാണ് ഈ വര്‍ഷത്തെ ഉച്ചകോടിയുടെ പ്രമേയം.
24 സെഷനുകളിലായി നടക്കുന്ന ഉച്ചകോടിയില്‍ എല്ലാ ഭൂഖണ്ഡങ്ങളെയും പ്രതിനിധാനം ചെയ്തുകൊണ്ട് 58 രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരും അക്കാദമിക് വിദഗ്ധരും സംബന്ധിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭക്കു കീഴിലെ അലയന്‍സ് ഓഫ് സിവിലൈസേഷന്‍, ഒക്‌സ്‌ഫോഡ് സവര്‍വ്വകലാശാല, കനേഡിയന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് റിലീജിയസ് സ്റ്റഡീസ്, ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റി ആസ്‌ത്രേലിയ, ഫെയ്ത് സുല്‍ത്താന്‍ മെഹ്മദ് യൂനിവേഴ്‌സിറ്റി, കോണ്‍ഫറന്‍സ് ഓഫ് യൂറോപ്യന്‍ ചര്‍ച്ചസ്, ഇന്റര്‍നാഷനല്‍ റിലീജിയസ് ലിബര്‍ട്ടി അസോസിയേഷന്‍ തുടങ്ങി 25 സംഘടനകളും അക്കാദമിക് വേദികളും ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം ആണ് ജി 20 ഉച്ചകോടിയോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടക്കുന്ന സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.
പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് സംയുക്ത പ്രഖ്യാപനവുമുണ്ടാവും. ഐ എസ് ഉള്‍പ്പെടെയുള്ള ഭീകര സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കുന്നതിലും അത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിലും അക്കാദമിക് ലോകത്തിനുള്ള പങ്ക് പ്രത്യേകമായി വിലയിരുത്തിയായിരിക്കും സമ്മേളനം ഇന്ന് സമാപിക്കുക. ഉച്ചകോടിയുടെ ഭാഗമായി തിങ്കളാഴ്ച നടന്ന യുവ സമ്മേളനത്തില്‍ മഅ്ദിന്‍ അക്കാദമിക് അന്താരാഷ്ട്ര വിഭാഗം ഡയറക്ടര്‍ അബ്ബാസ് പനക്കല്‍ പ്രബന്ധമവതരിപ്പിച്ചു. ഉച്ചകോടിക്കെത്തിയ ഖലീലുല്‍ ബുഖാരി തങ്ങള്‍ മതസൗഹാര്‍ദ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ തലവന്‍മാരുമായി ചര്‍ച്ച നടത്തും.
വിശദ വിവരങ്ങള്‍ക്ക്: http://www. g20interfaith.org/