Connect with us

Organisation

വായനയുടെ ആദര്‍ശക്കരുത്ത്: സുന്നി വോയ്‌സ് പ്രചാരണം ഡിസംബറില്‍

Published

|

Last Updated

കോഴിക്കോട്: വായനയുടെ ആദര്‍ശക്കരുത്ത് എന്ന സന്ദേശത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സുന്നിവോയ്‌സ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ നടക്കും. ഇതിന് മുന്നോടിയായി ഈമാസം 20,21,22 തീയതികളില്‍ അഞ്ച് കേന്ദ്രങ്ങളില്‍വെച്ച് നടക്കുന്ന സംസ്ഥാനതല ശില്‍പ്പശാലകള്‍ക്ക് സംസ്ഥാന ക്യാബിനറ്റ് യോഗം അന്തിമരൂപം നല്‍കി. 20ന് മലപ്പുറം വാദിസലാമിലാണ് പ്രഥമ ശില്‍പ്പശാല. ഇതിന് മുഹമ്മദ് പറവൂര്‍, മുസ്തഫ കോഡൂര്‍, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ നേതൃത്വം നല്‍കും. 21ന് പയ്യന്നൂര്‍ സുന്നി സെന്റര്‍, എറണാകുളം കലൂര്‍ സുന്നി സെന്റര്‍, കൊല്ലം വാഴപ്പള്ളി സുന്നി സെന്റര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ശില്‍പ്പശാലകള്‍ക്ക് പട്ടുവം കെ പി അബൂബക്കര്‍ മൗലവി, സയ്യിദ് ത്വാഹാ സഖാഫി, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, ഡോ. പി എ മുഹമ്മദ് കുഞ്ഞുസഖാഫി നേതൃത്വം നല്‍കും. 22ന് കോഴിക്കോട് സമസ്ത സെന്ററില്‍ അവസാനഘട്ട ശില്‍പ്പശാല നടക്കും.
ജില്ലാ ജനറല്‍ സെക്രട്ടറി, ദഅ്‌വാ വിഭാഗം ചെയര്‍മാന്‍, സെക്രട്ടറി, സോണ്‍ ദഅ്‌വാകാര്യ ചെയര്‍മാന്‍, സെക്രട്ടറി എന്നീ പ്രതിനിധികള്‍ക്ക് സംസ്ഥാനത്തെ ഏതെങ്കിലുമൊരു സെന്ററില്‍ പങ്കെടുക്കാന്‍ സൗകര്യമുണ്ടായിരിക്കും. സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സര്‍ക്കിള്‍ ഭാരവാഹികള്‍, യൂനിറ്റ് സെക്രട്ടറിമാര്‍ എന്നിവര്‍ക്കായി നടത്തുന്ന സോണ്‍തല ശില്‍പ്പശാലകള്‍ ഡിസംബര്‍ അഞ്ചിനകം 125 കേന്ദ്രങ്ങളില്‍ നടക്കും. ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും. ഡിസംബര്‍ 6-20 വരെ പുന:സംഘടിപ്പിക്കപ്പെട്ട പുതിയ യൂനിറ്റ് സാരഥികളുടെ നേതൃത്വത്തില്‍ ആദര്‍ശ വായന കുടുംബത്തില്‍ പുതിയ ഒരു ലക്ഷം പേരെ അണിചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കും. ജനുവരി അഞ്ചിനകം സര്‍ക്കിള്‍, സോണ്‍ ഘടകങ്ങളുടെ നേതൃത്വത്തില്‍ അംഗങ്ങളെ സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. ജനുവരി 15 നകം സോണ്‍, ജില്ലാ ഘടകങ്ങള്‍ അനന്തര നടപടികള്‍ പൂര്‍ത്തീകരിക്കും.
മലയാളിയുടെ ആദര്‍ശ വായന എന്ന ലക്ഷ്യവുമായി പ്രസിദ്ധീകരിച്ചുവരുന്ന സുന്നി വോയ്‌സ് ഡിസംബര്‍ മുതല്‍ കെട്ടിലും മട്ടിലും വിഭവ വൈവിധ്യത്തിലും കൂടുതല്‍ പുതുമയോടെയാണ് പ്രസിദ്ധീകരിക്കുന്നത്. ഒരു വര്‍ഷമായി സുന്നി വോയ്‌സിന്റെ ഗള്‍ഫ് എഡിഷനായി പ്രസിദ്ധീകരിച്ചുവരുന്ന “പ്രവാസി വായന”യുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഐ സി എഫിന്റെ നേതൃത്വത്തില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നടന്നുവരികയാണ്.

 

Latest