ഫലത്തിലെ രാഷ്ട്രീയമാണ് ചര്‍ച്ചയാകേണ്ടത്

Posted on: November 18, 2015 5:25 am | Last updated: November 18, 2015 at 12:26 am
SHARE

കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പും അതിന്റെ ഫലവും വന്നു. അതേക്കുറിച്ച് വിവിധതരത്തിലുള്ള വിലയിരുത്തലുകളും വന്നുകഴിഞ്ഞു. ഇടതുപക്ഷത്തിന് അനുകൂലവും ഭരണകക്ഷിയായ വലതുപക്ഷത്തിന് തിരിച്ചടിയും ബി ജെ പിക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള മുന്നേറ്റവും ഉണ്ടായി എന്നാണ് പൊതു വിലയിരുത്തല്‍. പ്രത്യക്ഷത്തില്‍ ഓരോരുത്തര്‍ക്കും ലഭിച്ച സീറ്റുകളുടെ എണ്ണത്തെ മാനദണ്ഡമാക്കിയുള്ള ഒരു പതിവ് വിലയിരുത്തല്‍ രീതിയാണത്. എന്നാല്‍ അതി്‌നുമപ്പുറം സൂക്ഷ്മ തലത്തില്‍ ദേശീയ രാഷ്ട്രീയത്തോടും കേരളത്തിലെ വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തോടും ഈ തിരഞ്ഞെടുപ്പ് എങ്ങനെ സംവദിച്ചു എന്നത് കാര്യമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടത് തന്നെയാണ്.
സീറ്റുകളെ അടിസ്ഥാനമാക്കിയാല്‍ ഇടതുപക്ഷം തന്നെയാണ് വ്യക്തമായ മേല്‍കൈ നേടിയതെന്നു കാണാം. ബി ജെ പി അവരുടെ ചരിത്രത്തില്‍ ഏറ്റവും വലിയ നേട്ടവും കരസ്ഥമാക്കി. അപ്പോള്‍ പിന്നെ ഈ തിരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയത് കേരളം ഭരിക്കുന്ന യു ഡി എഫ് ആണെന്നതില്‍ തര്‍ക്കത്തിനിടമില്ല.
പരമ്പരാഗതമായി യു ഡി എഫ് ജയിച്ചുവന്നിരുന്ന അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പില്‍ ജി കാര്‍ത്തികേയന്റെ മകന്‍ ജയിച്ചുകയറിയതിനെ യു ഡി എഫിന്റെ ഏതോ അട്ടിമറി വിജയമായി പെരുപ്പിച്ച് കാണിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടിയും കൂട്ടരും അഴിച്ചുവിട്ട പ്രചാരണം വസ്തുതാപരമായി അബദ്ധമായിരുന്നു എന്ന് വ്യക്തമായും തെളിയിച്ച തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ യു ഡി എഫ് മൂന്നാം സ്ഥാനം മാത്രം നേടിയതോടെ ഭരണത്തിനെതിരെയുള്ള ജനവികാരം ഭരണസിരാ കേന്ദ്രത്തില്‍ തന്നെ അലയടിക്കുന്നതായാണ് അനുഭവപ്പെട്ടത്. വലതുപക്ഷം തകര്‍ച്ചയെ നേരിട്ട എല്ലാ സ്ഥലത്തും ഇടതുപക്ഷത്തോടൊപ്പം ബി ജെ പിയും നേട്ടംകൊയ്തതോടെ കൊണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലേക്കുള്ള അടിയൊഴുക്കിന്റെ പ്രഭവകേന്ദ്രവും കണ്ടെത്തി എന്നത് ഈ തിരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷതയായി കരുതണം.
ഏതാണ്ട് ഇതേ സമയത്ത് ബീഹാറിലും ഒരു തിരഞ്ഞെടുപ്പ്‌നടന്നു. കേരളത്തില്‍ ബി ജെ പിക്ക് ഇതുവരെ കിട്ടാത്ത സ്വീകാര്യത കിട്ടിക്കൊണ്ടിരുന്നപ്പോള്‍ നമ്മള്‍ നിരക്ഷരര്‍ എന്നുപറഞ്ഞ് താഴ്ത്തിക്കെട്ടാറുള്ള ബീഹാറികള്‍ സവര്‍ണ ഫാസിസ്റ്റ് മുന്നേറ്റത്തെ ചെറുക്കുന്നതില്‍ ജയിച്ചു. കേരളത്തിലാണെങ്കില്‍ ബി ജെ പിയെ പിണക്കാതെ എങ്ങനെ സി പി എമ്മിനെ തകര്‍ക്കാം എന്ന പരീക്ഷണത്തിനാണ് യു ഡി എഫ് മുതിര്‍ന്നിത്. അതിന് നേതൃത്വം കൊടുത്തത് ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു. മലപ്പുറത്തിന്റെ ചില പഞ്ചായത്തുകള്‍ മാറ്റിനിര്‍ത്തിയാല്‍ മുസ്‌ലിം ലീഗ് പോലും ഇത്തരം ഒരു ലൈനിലാണ് സഞ്ചരിച്ചത്. അതേ സമയം എല്‍ ഡി എഫ് അതില്‍ തന്നെ പ്രത്യേകിച്ച് സി പി എം ബി ജെ പിക്കെതിരെയും നാട്ടില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതക്കെതിരെയും ശക്തമായി പ്രതികരിക്കുന്നതില്‍ ബഹുദൂരം മുന്നോട്ട ്‌പോകുകയും ചെയ്തു.
ഇന്ത്യയില്‍ ഉരുണ്ടുകൂടുന്ന പശു രാഷ്ട്രീയവും വ്യാപകമായ തോതില്‍ നടക്കുന്ന വര്‍ഗീയവത്കരണവും തിരഞ്ഞെടുപ്പ് വിഷയമാക്കുന്നതില്‍ വലിയ അനാസ്ഥ തന്നെയാണ് യു ഡി എഫില്‍ നിന്നുണ്ടായത്. ഡി വൈ എഫ് ഐ പോലുള്ള സംഘടനകള്‍ ബീഫ് മേളകള്‍ നടത്തിയും ഇന്ത്യയിലാകമാനം എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയും അല്ലാത്ത തരത്തിലും മോദി ഭരണത്തിന്റെ അസഹിഷ്ണുതക്കെതിരെ രംഗത്തുവന്നപ്പോള്‍ അതില്‍ അണിചേരാതിരിക്കാനുള്ള ഒഴികഴിവുകള്‍ തിരയുകയായിരുന്നു കേരളത്തിലെ ഭരണാധികാരികള്‍. എന്തിന് മോദി വെച്ചുനീട്ടിയ ഒരു പദവിയില്‍ ചാടിക്കേറിപ്പിടിക്കാന്‍ മുസ്‌ലിം ലീഗിന്റെ നേതാവ് ധൃതികൂട്ടുന്ന കാഴ്ചയും ഈ തിരഞ്ഞെടുപ്പ് കാലത്താണ് നാം കാണാനിടയായത്.
സംഗതി പ്രാദേശിക തിരഞ്ഞെടുപ്പല്ലേ വികസനം, ഭരണത്തുടര്‍ച്ച, മാര്‍ക്‌സിസ്റ്റ് അക്രമം… എന്നൊക്കെയുള്ള പതിവു പല്ലവിയില്‍ ജയിച്ചുകയറാമെന്ന ഉമ്മന്‍ ചാണ്ടിയുടെ അതിമോഹത്തിനേറ്റ കനത്ത തിരിച്ചടിയായി വേണം ഈ ഫലത്തെ വിലയിരുത്താന്‍. എന്തിന് ഇടക്കാല തിരഞ്ഞെടുപ്പിലെല്ലാം യു ഡി എഫിനു വലിയ തോതില്‍ സഹായകമായ ടി പി ചന്ദ്രശേഖരന്‍ വധം പോലും അവര്‍ക്ക് എവിടെയും തുണയായില്ല. സത്യത്തില്‍ സി പി എമ്മിനു അടുത്ത കാലത്ത് സംഭവിച്ച ഏറ്റവും വലിയ അബദ്ധം ടി പിയെ കൊന്നതും പിന്നീട് ചില നേതാക്കള്‍ അതിനെ ന്യായീകരിച്ചു മുന്നോട്ടു വന്നതുമായിരുന്നു. എന്നാല്‍, ഏതു സംഭവമുണ്ടായാലും ഇതിനെവെച്ച് പാര്‍ട്ടിയെ വെട്ടിലാക്കാമെന്ന അജന്‍ഡ ഇനി വിലപ്പോകില്ല എന്നത് തിരിച്ചറിയാനായിരിക്കുന്നു.
അതുപോലെ അഴിമതിയെ ലളിതവത്കരിച്ചു കൊണ്ട് അധിക കാലം മുന്നോട്ടു പോകാനാകില്ലെന്ന വ്യക്തമായ സന്ദേശവും ഈ തിരഞ്ഞെടുപ്പ് നല്‍കുന്നുണ്ട്. സോളാര്‍, ബാര്‍കോഴ, എല്ലാം ലൈവായി കേരളീയര്‍ക്ക് മുമ്പില്‍ നിലനിറുത്തിയതില്‍ ചാനലുകള്‍ വഹിച്ച പങ്കും തിരഞ്ഞെടുപ്പ് ഫലത്തെ നന്നായി സ്വാധീനിച്ചു. അഴിമതിയുടെ കാര്യത്തില്‍ ഇടതും വലതും കണക്കു തന്നെയെന്ന ഒരു ധാരണക്ക് അടിപ്പെട്ടവരാണ് മലയാളികള്‍. ഒരു പരിധിവരെ അതില്‍ ശരിയുമുണ്ട്. പക്ഷേ, തമ്മില്‍ ഭേ ദം തൊമ്മന്‍ എന്ന കാഴ്ചപ്പാടും നമുക്കുണ്ട്. സരിതയും മാണിയും ചാണ്ടിയും ബാബുവും ഒക്കെ അഴിമതിക്കഥകളില്‍ നിറഞ്ഞാടിയപ്പോള്‍ വി എസിനേയും മകനേയും ആപ്പിലാക്കാന്‍ ശ്രമിക്കുന്ന ദുര്‍ബലമായ മറുതന്ത്രം ഒരുക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. എളമരം കരീമിനെതിരെ ഇടക്കൊന്നു കണ്ണുരുട്ടും. പിന്നെ അതേറ്റെടുക്കാന്‍ അവരെത്തന്നെ കാണാറുമില്ല.
ഇങ്ങനെയുള്ള അനേകം ദൗര്‍ബല്യങ്ങളാല്‍ അടിപതറിക്കൊണ്ടിരിക്കുന്ന യു ഡി എഫ് സംവിധാനവും അത് മുതലെടുത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന ബി ജെ പിയും കേരള രാഷ്ട്രീയത്തെ ഗുണപരമായിട്ടല്ല സ്വാധീനിക്കുന്നത്. ഇപ്പോഴത്തെ ഒരവസ്ഥയില്‍ വര്‍ഗീയതയെ ചെറുക്കാനും ദേശീയ രാഷ്ട്രീയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഏറെക്കുറെ ശരിയുടെ പാതയില്‍ ചലിക്കാനും ഇടതുപക്ഷത്തിനാകുന്നുണ്ട്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഭീതിയുടെ നാളുകളില്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ തങ്ങളുണ്ടാകും എന്ന സന്ദേശം നല്‍കാനെങ്കിലും ഇടതുപക്ഷത്തിനേ കഴിയുന്നുള്ളൂ. മുസ്‌ലിം ലീഗ് ഒഴിച്ചുള്ള പല മുസ്‌ലിംസംഘടനകളും കേരളാ കോണ്‍ഗ്രസിനപ്പുറം പല ക്രിസ്തീയ സഭകളും ഇത് തിരിച്ചറിഞ്ഞു തുടങ്ങി എന്ന സൂചനയും തിഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും വായിച്ചെടുക്കാനാകും. പക്ഷേ, താത്കാലിക ലാഭത്തിനപ്പുറം ഇടതുപക്ഷവും ഈ പാതയില്‍ ഉറച്ചുനില്‍ക്കുമോ എന്നതാണ് പ്രശ്‌നം.
ചുരുക്കത്തില്‍ കേരളത്തില്‍ നടന്നത് പ്രാദേശിക വികാരങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പായിട്ടും രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ചര്‍ച്ചകളും അതനുസരിച്ചുള്ള വിധിയെഴുത്തും ഉണ്ടായി എന്നതു തന്നെയാണ് ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം എന്നുകരുതാം.

LEAVE A REPLY

Please enter your comment!
Please enter your name here