Connect with us

National

ഫലം വന്നു; ഗീത മഹാതോയുടെ മകളല്ല

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ഗീതയുടെ ഡി എന്‍ എ പരിശോധനാഫലം പുറത്തുവന്നു. ഫലം അനുകൂലമല്ലാത്തതിനാല്‍ അവകാശവാദമുന്നയിച്ച രക്ഷിതാക്കള്‍ക്കൊപ്പം ഗീതയെ വിടാന്‍ സാധ്യതയില്ല. വഴിതെറ്റിയെത്തി പതിനഞ്ച് വര്‍ഷം പാക്കിസ്ഥാനില്‍ കഴിഞ്ഞ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ബധിരയും മൂകയുമായ ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ഡി എന്‍ എ പരിശോധനാ ഫലമാണ് പുറത്തുവന്നത്. ഗീതക്ക് മേല്‍ അവകാശവാദമുന്നയിച്ച ബീഹാര്‍ സ്വദേശി ജനാര്‍ദന്‍ മഹാതോയല്ല ഗീതയുടെ പിതാവെന്ന് പരിശോധനയില്‍ തെളിഞ്ഞു. മാതാപിതാക്കളെ തിരിച്ചറിയുന്നതുവരെ ഭിന്നശേഷിക്കാര്‍ക്കുള്ള ഇന്‍ഡോറിലെ സ്‌പെഷ്യല്‍ സ്‌കൂളിലാണ് ഗീത കഴിയുക. പാക്കിസ്ഥാനില്‍ ഈദി ഫൗണ്ടേഷന്റെ സംരക്ഷണത്തില്‍ കഴിയുന്നതിനിടെ ഫോട്ടോ കണ്ട് ഇവരെ ഗീത തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം ഇവരെ ഗീതക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹീര എന്ന തന്റെ ആദ്യ മകളാണ് ഗീതയെന്നാണ് ജനാര്‍ദന്‍ മഹോതോ അവകാശവാദം ഉന്നയിച്ചിരുന്നത്.
കറാച്ചിയില്‍ വെച്ച് ബീഹാറില്‍ നിന്നുള്ള ജനാര്‍ദന്‍ മഹാതോയുടെ കുടുംബത്തിന്റെ ചിത്രം തിരിച്ചറിഞ്ഞതോടെയാണ് ഗീതയെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ഈദി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചത്. എന്നാല്‍, ഡല്‍ഹിയില്‍ വെച്ച് നേരില്‍ക്കണ്ടപ്പോള്‍ ഇവരല്ല മാതാപിതാക്കള്‍ എന്ന് ഗീത വ്യക്തമാക്കി. അതോടെ ഡി എന്‍ എ പരിശോധനക്ക് ഇരു കൂട്ടരുടെയും സാമ്പിളുകള്‍ അയക്കുകയായിരുന്നു. ഡി എന്‍ എ പരിശോധന നടത്തി കുടുംബാംഗങ്ങളെ കണ്ടെത്തി സ്ഥിരീകരിച്ച ശേഷമേ ഗീതയെ കൈമാറുകയുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, രക്ഷിതാക്കളെ തിരിച്ചറിയാത്ത സാഹചര്യത്തില്‍ ഗീതയുടെ സംരക്ഷണം ഏല്‍പ്പിക്കുന്നതിന് രണ്ട് സന്നദ്ധ സംഘടനകളെ ചുമതലപ്പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തും വരെ കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള സംരക്ഷണത്തിലായിരിക്കും ഗീതയെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പാക്കിസ്ഥാനിലെ ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ എന്ന സംഘടന ഗീത പാക്കിസ്ഥാനിലെ 22ലക്ഷം വരുന്ന ഹിന്ദു കുടുംബങ്ങളില്‍ നിന്നല്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സമാനമായ കഥ പറയുന്ന ബജ്‌റംഗി ഭായ്ജാന്‍ എന്ന ബോളിവുഡ് ചിത്രം ഇരു രാജ്യങ്ങളിലും ഹിറ്റായതോടെയാണ് ഗീതക്ക് ഇന്ത്യയിലെത്താനുള്ള വഴിയൊരുങ്ങിയത്.
ലാഹോറിലെ സന്നദ്ധ സംഘടനയായ ഈദി ഫൗണ്ടേഷന്റെ സംരക്ഷണയിലായിരുന്ന ഗീത കഴിഞ്ഞ മാസം 26നാണ് ഇന്ത്യ- പാക് നയതന്ത്ര ഇടപെടലിലൂടെ തിരികെ ഇന്ത്യയിലെത്തിയത്.

Latest