Connect with us

Eranakulam

ഇന്ത്യയില്‍ 15 ലക്ഷം ശ്വാസകോശ രോഗ ബാധിതര്‍

Published

|

Last Updated

കൊച്ചി: ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മിനറി ഡിസീസ് (സി ഒ പി ഡി) എന്ന സാര്‍വത്രികമായ ശ്വാസകോശരോഗം ലോകമെമ്പാടും ആശങ്കക്കിട വരുത്തുകയാണ്. മരണത്തിനിടയാക്കുന്ന കാരണങ്ങളില്‍ മൂന്നാമത്തേതായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയില്‍ 15 ലക്ഷം പേര്‍ ഈ രോഗം മൂലം ബുദ്ധിമുട്ടുന്നതായാണ് കണക്ക്. അമേരിക്കയും യൂറോപ്പും കണക്കിലെടുത്താല്‍ ഇന്ത്യയില്‍ നാലിരട്ടിയോളം പേര്‍ സിഒപിഡി മൂലം മരിക്കുന്നെന്ന സ്ഥിതിവിവരക്കണക്കുകള്‍ കൂടുതല്‍ ആശങ്കപ്പെടുത്തുന്നു.
സിഒപിഡിയെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സിഒപിഡി സംബന്ധിച്ച ബോധവല്‍ക്കരണവും അറിവും ഇതുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമാണ്. പുക, ജൈവ ഇന്ധനങ്ങള്‍ കത്തുമ്പോഴുള്ള പുക, വ്യവസായ മലിനീകരണം, പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്ന മാലിന്യങ്ങള്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്.
ആസ്ത്മ, സിഒപിഡി രോഗികളുടെ ശ്വാസതടസവുമായി ബന്ധപ്പെട്ട പരാതികള്‍ സമാനമാണ്. അതുകൊണ്ടു തന്നെ പ്രത്യേകമായ രോഗനിര്‍ണയം നിര്‍ണായകവുമാണ്. പരിമിത വിഭവങ്ങള്‍ മൂലം സിഒപിഡി നേരത്തെ കണ്ടെത്തുന്നത് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നുമുണ്ട്. രോഗം കലശലായ ശേഷം ശ്വാസകോശാഘാതത്തിന് സാധ്യതയേറെയുള്ള ഘട്ടത്തിലാണ് ഭൂരിഭാഗം രോഗികളും ഡോക്ടര്‍മാരെ സമീപിക്കുന്നത്. ആശുപത്രിവാസം വേണ്ടി വരുന്നതും സാമ്പത്തികവും വൈകാരികവുമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് ശ്വാസകോശാഘാതത്തിന്റെ ഘട്ടം. ശ്വാസകോശാഘാതം തടയുക, അല്ലെങ്കില്‍ വൈകിപ്പിക്കുകയാണ് സിഒപിഡി ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ പ്രഥമ പരിഗണന.
ലക്ഷണങ്ങളില്‍ നിന്നും നേരത്തെയുള്ള സിഒപിഡി രോഗനിര്‍ണയം സാധ്യമാക്കുന്ന ലളിതമായ ഉപാധികള്‍ ഇപ്പോള്‍ ലഭ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേവലം ആറ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ സിഒപിഡി സാധ്യത നിരാകരിക്കാനോ അല്ലെങ്കില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി കൃത്യമായ രോഗ നിര്‍ണയത്തിലേക്ക് പോകാനോ ഇന്ന് ഡോക്ടര്‍മാര്‍ക്ക് കഴിയും.