കണ്ണൂരില്‍ വിമതന്‍ അയഞ്ഞില്ല; എന്ത് ചെയ്യണമെന്നറിയാതെ കോണ്‍ഗ്രസ്‌

Posted on: November 18, 2015 6:58 am | Last updated: November 17, 2015 at 11:59 pm
SHARE

PK-RAGESH Coorporation Vimathan KNRകണ്ണൂര്‍ : മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് നിലപാട് മാറ്റാന്‍ തയ്യാറായില്ല. കോണ്‍ഗ്രസിനോട് മാത്രമാണ് തനിക്ക് കൂറെന്നും അത് ഇനിയും തുടരുമെന്നും രാഗേഷ് പറയുമ്പോഴും അവസാന നിമിഷത്തിലും വിട്ടു വീഴ്ചക്ക് തയ്യാറാകാത്തത് കണ്ണൂരിലെ യു ഡി എഫ് നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തി. തന്റെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് വി എം സുധീരന് കഴിഞ്ഞ ദിവസം അയച്ച കത്തിലെ കാര്യങ്ങള്‍ നേതൃത്വം പരിഗണിക്കുമെന്ന് കരുതിയെങ്കിലും ഇതില്‍ വലിയ കാര്യമുണ്ടായില്ലെന്നാണ് രാഗേഷ് വ്യക്തമാക്കുന്നത്. കെ പി സി സി നിയോഗിച്ച മന്ത്രി കെ സി ജോസഫിന്റെ നേതൃത്വത്തിലുള്ള ഉപസമിതി ഇന്നലെ ഏറെ വൈകിരാഗേഷുമായി ചര്‍ച്ച നടത്തിയിട്ടും ഒരു ഫലവുമുണ്ടായില്ല. രാഗേഷിനു കോര്‍പറേഷന്‍ ഭരണത്തില്‍ മുന്തിയ സ്ഥാനം നല്‍കാമെന്നും ഉന്നയിക്കപ്പെട്ട മറ്റു കാര്യങ്ങള്‍ അനുകൂലമായ രീതിയില്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്നുമടക്കമുള്ള നിര്‍ദേശങ്ങള്‍ ഉപസമിതി മുന്നോട്ടു വെച്ചെങ്കിലും രാഗേഷ് അതൊന്നും ചെവികൊണ്ടില്ല. അവസാന നിമിഷം വരെ താന്‍ കാത്തു നില്‍ക്കുമെന്നും അതിനുള്ളില്‍ തീരുമാനമുണ്ടായാല്‍ കോണ്‍ഗ്രസിനനകൂലമായി നില്‍ക്കുമെന്നും രാഗേഷ് പറഞ്ഞു. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ഈ ഗതിയില്‍ ആക്കിയവരുടെ വാഗ്ദാനം വേണ്ട. കെ പി സി സിയിലും ഉപസമിതിയിലും തനിക്ക് അവസാന നിമിഷം വരെ വിശ്വാസമുണ്ട് കോണ്‍ഗ്രസും സി പി എമ്മും പോലീസും തന്നെ ഒരു പോലെ വേട്ടയാടിയിട്ടുണ്ടെന്നും രാഗേഷ് പറഞ്ഞു.
ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മാറണമെന്നതടക്കമുള്ള കാര്യങ്ങളാണ് പിന്തുണ നല്‍കുന്നതിനു മുന്നോടിയായി പി കെ രാഗേഷ് മുന്നോട്ടു വെച്ചിരുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പക്ഷപാതം കാണിച്ച ഡി സി സി പ്രസിഡിന്റിനെ മാറ്റണമെന്നും തന്നോടൊപ്പം പുറത്താക്കിയ എല്ലാവരേയും തിരിച്ചെടുക്കണമെന്നുമുള്ള ആവശ്യങ്ങളും രാഗേഷ് ഉന്നയിച്ചു. ഡി സി സി പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യത്തില്‍ രാഗേഷ് രണ്ട് ദിവസം മുമ്പ് തന്നെ അയഞ്ഞിരുന്നു. എന്നാല്‍, ചിറക്കല്‍ ബ്ലോക്ക് കമ്മിറ്റിയും പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയും പുനഃസംഘടിപ്പിക്കുക, പള്ളിക്കുന്ന് സഹകരണ ബേങ്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തീര്‍പ്പുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ രാഗേഷ് മുന്നോട്ട് വെക്കുന്നുണ്ട്്.
പ്രശ്‌ന പരിഹാരത്തിനായി കെ പി സി സി നിയോഗിച്ച ഉപസമിതി അംഗമായ പി രാമകൃഷ്ണന്‍ ഡി സി സി നേതൃത്വത്തിനും കെ സുധാകരനുമെതിരെ രൂക്ഷവിമര്‍ശം ഉന്നയിച്ചതും പ്രതിസന്ധി ഇരട്ടിപ്പിച്ചു. ദുര്‍ബല നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളാണ് ജില്ലയില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമെന്നും ഒരു നേതാവിന്റെ പെട്ടിതൂക്കികളെയും ആശ്രിതരെയുമാണ് സ്ഥാനാര്‍ഥികളായി പരിഗണിച്ചതെന്നുമാണ് പി ആര്‍ ആരോപിച്ചിരുന്നത്. ഇതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി. കോര്‍പറേഷനില്‍ ഭരണം ഉറപ്പിക്കുന്നതിനായി രാഗേഷുമായി കെ പി സി സി ഉപസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളിലും തീരുമാനമാകാത്തതോടെ കോണ്‍ഗ്രസ് നേതൃത്വം കടുത്ത ആശയക്കുഴപ്പത്തിലായിരുന്നു. ഇതിനിടയിലാണ് മുസ്‌ലിംലീഗ് പ്രതിഷേധവുമായെത്തിയത്.
രാഗേഷിനെ ഭരണത്തില്‍ കൂടെ കൂട്ടുന്നതിനെതിരെ പ്രാദേശിക തലത്തില്‍ മുസ്‌ലിം ലീഗ് കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചിരുന്നത്. ലീഗ് സ്ഥാനാര്‍ഥികളുടെ പരാജയത്തിനിടയാക്കിയ വ്യക്തിയെ ലീഗുള്‍പ്പെടുന്ന യു ഡി എഫില്‍ ഭരണ പങ്കാളിയാക്കുന്നതിനെതിരെയാണ് കോര്‍പറേഷനിലെ ലീഗ് നേതൃത്വം രംഗത്തെത്തിയിരുന്നത്. ഇത് കോണ്‍ഗ്രസിന് കൂനിന്മേല്‍ കുരുവാകുകയും ചെയ്തു.
അതേസമയം, കണ്ണൂര്‍ കോര്‍പറേഷനില്‍ രാഗേഷിനായി എല്‍ ഡി എഫ് ഡപ്യൂട്ടി മേയര്‍ സ്ഥാനം ഒഴിച്ചിട്ടു. മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് യു ഡി എഫില്‍ തീരുമാനമാകാത്തതിന്റെ പശ്ചാത്തലത്തിലാണ് സി പി എം ഇത്തരമൊരു നീക്കം നടത്തിയത്.
പി കെ രാകേഷിനെ എല്‍ ഡി എഫുമായി ചേര്‍ക്കുന്നതില്‍ തെറ്റില്ലെന്നും യു ഡി എഫിന് എതിരായി മത്സരിച്ചാണ് രാകേഷ് വിജയിച്ചതെന്നും സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. എന്നാല്‍, രാകേഷുമായി യാതൊരുവിധ രഹസ്യ ചര്‍ച്ചകളും സി പി എം നടത്തിയിട്ടില്ല. മേയര്‍ തിരഞ്ഞെടുപ്പിനു ശേഷം നടക്കുന്നതാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.
കോര്‍പറേഷനില്‍ ആകെയുള്ള 55 ഡിവിഷനുകളില്‍ എല്‍ ഡി എഫിനും യു ഡി എഫിനും 27 സീറ്റുകള്‍ വീതമായതിനാലാണു കോണ്‍ഗ്രസ് റിബലായി വിജയിച്ച പി കെ രാകേഷിന്റെ നിലപാട് നിര്‍ണായകമായത്.