ഇന്ത്യ-യു എ ഇ ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക്‌

Posted on: November 17, 2015 9:27 pm | Last updated: November 20, 2015 at 2:55 pm
ദുബൈയില്‍ ഇന്ത്യ-യുഎ ഇ സാമ്പത്തിക ഫോറത്തിനെത്തിയ ഇന്ത്യന്‍ ധനകാര്യമന്ത്രി  അരുണ്‍ ജെയ്റ്റ്‌ലിയെ എം എ യൂസുഫലിയും മറ്റും സ്വീകരിച്ചപ്പോള്‍
ദുബൈയില്‍ ഇന്ത്യ-യുഎ ഇ സാമ്പത്തിക ഫോറത്തിനെത്തിയ ഇന്ത്യന്‍ ധനകാര്യമന്ത്രി
അരുണ്‍ ജെയ്റ്റ്‌ലിയെ എം എ യൂസുഫലിയും മറ്റും സ്വീകരിച്ചപ്പോള്‍

ഇന്ത്യ-യു എ ഇ ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഇന്ത്യന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ യു എ ഇ സന്ദര്‍ശനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. ഇന്നലെ ഇന്ത്യ-യു എ ഇ എക്കണോമിക് ഫോറത്തില്‍ അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങള്‍ പലതും താമസിയാതെ യാഥാര്‍ഥ്യമാക്കാനുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഏതാനും മാസം മുമ്പ് യു എ ഇ സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയാണിത്. അന്ന്, വിഭാവനം ചെയ്ത ആസൂത്രണങ്ങള്‍ വേഗം നടപ്പാക്കുന്നതിന് അരുണ്‍ ജെയ്റ്റിലിയുടെ സന്ദര്‍ശനം ഉപകരിക്കും. ഇന്ത്യയില്‍ വിവിധ മേഖലകളില്‍ നിക്ഷേപസാധ്യതകളുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. പശ്ചാത്തല സൗകര്യം, കമ്പനി, ഉല്‍പാദനം തുടങ്ങി മിക്ക മേഖലകളും വിദേശ നിക്ഷേപത്തിന് തുറന്നിട്ടിരിക്കുന്നു. യു എ ഇയിലുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭരണകൂട ഏജന്‍സികള്‍ക്കും നിക്ഷേപം നടത്താം. ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കും, അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. റെയില്‍, വിമാനത്താവളം, റോഡ്, തുറമുഖം എന്നിങ്ങനെ ഗതാഗത രംഗത്ത് ഇന്ത്യ കൂടുതല്‍ വികസനം ആഗ്രഹിക്കുന്നു. വിദേശനിക്ഷേപം സമര്‍ഥമായി ഉപയോഗിച്ച് വിജയിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനര്‍ ഉദാഹരണം. ദുബൈ ഡി പി വേള്‍ഡാണ് ടെര്‍മിനല്‍ നിര്‍മിച്ചത്. കൊച്ചി സ്മാര്‍ട്‌സിറ്റിക്ക് പശ്ചാത്തല സൗകര്യമൊരുക്കുന്നത് ദുബൈ ടീകോം. എന്തെല്ലാം പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവന്നാലും ഇന്ത്യ-യു എ ഇ വാണിജ്യ നിക്ഷേപ ബന്ധങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും. കാരണം ഭൂമിശാസ്ത്രപരമായും സാമൂഹികമായും അടുത്തുനില്‍ക്കുന്ന രാജ്യങ്ങളാണിവ. നൂറ്റാണ്ടുകളുടെ അടിയുറപ്പും ബന്ധത്തിനുണ്ട്.
1981ല്‍ ഇന്ദിരാഗാന്ധിയുടെയും ഈ വര്‍ഷം നരേന്ദ്രമോദിയുടെയും സന്ദര്‍ശനം ബന്ധത്തിന് കൂടുതല്‍ ഊര്‍ജവും ശോഭയും പകര്‍ന്നു.
ബഹിരാകാശ ഗവേഷണത്തില്‍ യു എ ഇയെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയത് മികവുറ്റ കാല്‍വെപ്പാണ്. യു എ ഇയുടെ ചൊവ്വാ ദൗത്യത്തിന് എല്ലാ പിന്തുണയും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ട്.
അതേസമയം നിക്ഷേപരംഗത്തെ ചില കല്ലുകടികള്‍ കാണാതിരിക്കുന്നില്ല. ടെലികോം മേഖലയില്‍ യു എ ഇ കമ്പനികളുടെ നിക്ഷേപം പരാജയത്തിലാണ് കലാശിച്ചത്. ചില ഇടനിലക്കാര്‍ യു എ ഇ കമ്പനികളെ വഞ്ചിച്ചതായാണ് പിന്നീട് വിലയിരുത്തപ്പെട്ടത്. എന്നിരുന്നാലും ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും. നിക്ഷേപ സുരക്ഷിതത്വത്തിന് നിയമം കൊണ്ടുവന്നില്ലെങ്കില്‍ നിരാശയാകും ഇനിയും സംഭവിക്കുക.