ഡോ. മുഹമ്മദ് ബഷീറിനെ കാലിക്കറ്റ് സര്‍വകലാശാല വിസിയായി ശുപാര്‍ശ ചെയ്തു

Posted on: November 17, 2015 8:22 pm | Last updated: November 18, 2015 at 9:16 am
SHARE

dr. mohamed basheerതിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കാലിക്കറ്റ് സര്‍വകലാശാല വി സി സ്ഥാനത്തേക്ക് ഡോ. കെ മുഹമ്മദ് ബഷീറിനെ നിര്‍ദേശിക്കാന്‍ സെര്‍ച്ച് കമ്മിറ്റി തീരുമാനം. നിലവില്‍ കേരള സര്‍വകലാശാല രജിസ്ട്രാറാണ് മുഹമ്മദ് ബഷീര്‍. ചീഫ് സെകട്ടറി ജിജി തോംസണ്‍ അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ഇനി ഗവര്‍ണറാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. ഒരു പേര് മാത്രം സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഡോ. മുഹമ്മദ് ബഷീറിനെ കാലിക്കറ്റ് വി സിയായി നിയമിച്ചുകൊണ്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉത്തരവിറക്കും.
യു ഡി എഫില്‍ കാലിക്കറ്റ് വി സി സ്ഥാനം മുസ്‌ലിം ലീഗിനാണ്. ലീഗ് പല പേരുകളും പരിഗണിച്ചെങ്കിലും യോഗ്യതാ മാനദണ്ഡം കര്‍ശനമാക്കിയതോടെ ഇവരെയെല്ലാം അവഗണിക്കേണ്ടി വന്നു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറിയും മമ്പാട് എം ഇ എസ് കോളജ് റിട്ട. അസോസിയേറ്റ് പ്രൊഫസറുമായ ഡോ. പി അന്‍വര്‍, എം ജി സര്‍വകലാശാല പി വി സി ഷീന ശുക്കൂര്‍ തുടങ്ങിയ പേരുകളും വി സി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, പത്ത് വര്‍ഷത്തെ പ്രൊഫസര്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത കണക്കിലെടുത്ത് ബഷീറിന് സാധ്യത കല്‍പ്പിക്കുകയായിരുന്നു. യു ജി സി യോഗ്യതയില്ലാത്തതും വിവാദങ്ങളും കാരണം എം ജി പ്രോ വി സി ഡോ. ഷീന ഷുക്കൂര്‍ അന്തിമ പട്ടികയില്‍ പരിഗണനക്കെത്തിയിരുന്നില്ല.
വി സി നിയമനത്തിനുള്ള വിജ്ഞാപനം ചോദ്യം ചെയ്ത് ഡോ. പി അലസ്സന്‍ കുട്ടി സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ഹൈക്കോടതി നിയമ നടപടികള്‍ നിര്‍ത്തിവെക്കാന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, വി സി നിയമനത്തിന് യു ജി സി നിര്‍ദേശിച്ച യോഗ്യത നിശ്ചയിച്ച സെര്‍ച്ച് കമ്മിറ്റിയുടെ നടപടിയില്‍ തെറ്റില്ലെന്ന് വിലയിരുത്തി ഹൈക്കോടതി ഹരജി തള്ളുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here