സഊദിയില്‍ പരക്കെ കനത്ത മഴ; എട്ട് പേര്‍ മരിച്ചു

Posted on: November 17, 2015 6:48 pm | Last updated: November 20, 2015 at 2:55 pm
SHARE

saudiജിദ്ദ: ഇന്നലെ രാവിലെ മുതല്‍ സഊദിയുടെ വടക്കും പടിഞ്ഞാറും മഴ തിമിര്‍ത്തു പെയ്തതോടെ മിക്ക നഗരങ്ങളിലെ റോഡുകളും നിരത്തുകളും വെള്ളത്തിനടിയിലായി. തബൂക്ക്, ഹഖല്‍, ദുബാ തുടങ്ങിയ വടക്കന്‍ പട്ടണങ്ങളിലും മദീനയിലും കാലത്തു മുതല്‍ ശക്തമായ മഴയായിരുന്നു. 11 മണിയോടു കൂടി യാന്‍പു, റാബഗ്, ജിദ്ദ തുടങ്ങിയ പടിഞ്ഞാറന്‍ തീര നഗരങ്ങളിലേക്കും മഴ വ്യാപിച്ചു. ഉച്ചയോടെ മക്കയിലും പേമാരിയെത്തി.
അതിനിടയില്‍ തിമിര്‍ത്തു പെയ്ത മഴയില്‍, ഒഴുക്കില്‍ പെട്ടും ഷോക്കേറ്റും മരിച്ചവരുടെ എണ്ണം എട്ട് ആയി. ജിദ്ദാ ഫൈസലിയ്യയിലാണു ഇലക്ട്രിക് ഷോക്കടിച്ചു രണ്ടു സ്വദേശികള്‍ മരിച്ചത്. മദീന മേഖലയില്‍ അഞ്ച് പേര്‍ മരണപ്പെട്ടതായി സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. മദീനക്ക് പടിഞ്ഞാറ് 40 കിലോമീറ്റര്‍ ദൂരെ അല്‍ജഫ്ര്! ഗ്രാമത്തില്‍ ഒഴുക്കില്‍പ്പെട്ട മൂന്നു പേരില്‍ രണ്ടാളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൂന്നാമത്തെ ആള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. മദീനക്ക് വടക്ക് മന്‍ദസ ഗ്രാമത്തില്‍ വെള്ളത്തില്‍ മൂങ്ങി ഒരു യുവാവ് മരിച്ചതായി മദീന മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ഖാലിദ് അല്‍ജുഹ്നി പറഞ്ഞു.
ജിദ്ദയില്‍ ബവാദി, റുവൈസ്, അല്‍ ഹംറ, ശറഫിയ, ഹയ് സഫ , മഹജര്‍ തുടങ്ങി മിക്കയിടങ്ങളിലും കനത്ത മഴയായിരുന്നു. ശാരാ സിത്തീന്‍, ശാരാ ഫലസ്തീന്‍, മലിക് റോഡ്, മദീനാ റോഡ് തുടങ്ങി ജിദ്ദയിലെ പ്രധാന വീഥികളെല്ലാം പൂര്‍ണമായി വെള്ളത്തിനടിയിലായി. അവിടങ്ങളിലെല്ലാം ഗതാഗതം പൂര്‍ണമായി നിലച്ചു. പല സ്ഥലങ്ങളിലും കാറുകള്‍ ഒലിച്ചു പോയി. ചിലയിടങ്ങളില്‍ വൈദ്യുതി വിതരണം താറുമാറായി. നഗര ജീവിതം പൂര്‍ണമായും സ്തംഭിച്ചു.
അത് കാരണം മക്കയിലേക്കുള്ള നൂറ് കണക്കിനു തീര്‍ഥാടകര്‍ ജിദ്ദയില്‍ കുടുങ്ങി. സ്‌കൂളുകള്‍ക്ക് നേരത്തേ തന്നെ അവധി പ്രഖ്യാപിച്ചിരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടില്ല. ഏതാനും ദിവസളില്‍ക്കൂടി മഴ പ്രതീക്ഷിക്കണമെന്നും മുന്‍കരുതലെടുക്കണമെന്നും അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ജിദ്ദയില്‍ ഇന്നും നാളെയും കൂടി വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സഊദി എയര്‍ലൈന്‍സിന്റെ ഡൊമസ്റ്റിക് ഫ്‌ളൈറ്റുകളധികവും മോശം കാലാവസ്ഥ കാരണം ഇന്നലെ റദ്ദ് ചെയ്തിരുന്നു.

saudi1 saudi3 saudi4

LEAVE A REPLY

Please enter your comment!
Please enter your name here