കുറ്റ്യാടിയിലെ ബോംബേറ്: പ്രതികള്‍ നാടുവിട്ടതായി സംശയം

Posted on: November 17, 2015 5:57 pm | Last updated: November 17, 2015 at 5:58 pm
SHARE

bomb blastപേരാമ്പ്ര: കുറ്റ്യാടി ടൗണില്‍ പര്‍ദ ഷോപ്പ് ഉടമയെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ടൗണില്‍ ബോംബെറിയുകയും ചെയ്ത സംഭവത്തിലെ പ്രതികള്‍ നാടുവിട്ടതായി സംശയം. ആറു പേര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് ഇതു വരെ നടന്ന അന്വേഷണത്തില്‍ വ്യക്തമായതെന്ന് നാദാപുരം ഡിവൈഎസ്പി എം.പി. പ്രേംദാസ് പറഞ്ഞു.

പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് രക്ഷപ്പെടാനും, തെളിവ് നശിപ്പിക്കാനും കൂട്ടുനിന്നതായി തെളിഞ്ഞ വാണിമേല്‍ സ്വദേശികളായ ദമ്പതികളെ കഴിഞ്ഞ ദിവസം അന്വേഷണോദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. കൂളിക്കുന്ന് ഇരുനിലാട്ടുമ്മല്‍ അനീഷ് (34) ഭാര്യ ഷൈനി (30) എന്നിവരാണ് പിടിയിലായത്. ഇവരെ തിങ്കളാഴ്ച പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു.

കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം എഡിജിപി ശങ്കര്‍ റെഡ്ഡി കുറ്റിയാടിയിലെത്തിയിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ.പി. കുബേരന്‍നമ്പൂതിരി, നാദാപുരം ഡിവൈഎസ്പി പ്രേംദാസ് എന്നിവരുടെ നിര്‍ദേശാനുസരണം നാദാപുരം, കുറ്റിയാടി, പേരാമ്പ്ര സിഐമാരാണ് കേസന്വേഷണം നടത്തുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. കുറ്റ്യാടി ബസ്സ്സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന പര്‍ദ ഷോപ്പ് ഉടമ ചെറിയകുമ്പളത്തെ ആര്‍.എം. നിസാറിനെയാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. തുടര്‍ന്ന് അക്രമികള്‍ നടത്തിയ ബോംബേറില്‍ രണ്ട് വ്യാപാരികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ പോലീസ് ആക്ടനുസരിച്ച് പ്രഖ്യാപിച്ച നിരോധനാജ്ഞ അഞ്ച് സ്‌റ്റേഷന്‍ പരിധികളില്‍ നിലനില്‍ക്കുന്നുണ്ട്.