ഫാം ടൂറിസത്തിന്റെ വാതായനങ്ങള്‍ തുറന്ന് പ്രിയദര്‍ശിനി എസ്റ്റേറ്റ്

Posted on: November 17, 2015 10:14 am | Last updated: November 17, 2015 at 10:14 am
SHARE

കല്‍പ്പറ്റ: ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന തേയിലത്തോട്ടവും കുന്നിന്‍ ചെരുവിലെ നീര്‍ച്ചാലുകളുമായി ഫാം ടൂറിസത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ട് പ്രിയദര്‍ശിനി എസ്റ്റേറ്റ്. മാനന്തവാടി പിലാക്കാവ് പഞ്ചാരക്കൊല്ലിയിലെ ഈ എസ്‌റ്റേറ്റിലെ കോടമഞ്ഞിന്റെ തണുത്ത വെളുപ്പാന്‍കാലം വേറിട്ട അനുഭവമാകും സഞ്ചാരികള്‍ക്ക് നല്‍കുക.
വിനോദ സഞ്ചാരികള്‍ക്ക് എസ്‌റ്റേറ്റില്‍ താമസിക്കുന്നതിനുള്ള പ്രിയദര്‍ശിനി ടീ എന്‍വിറോസ് എന്ന ടീ കൗണ്ടികളാണ് ഇവിടത്തെ ആകര്‍ഷണം. ഫാം ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനായി നവീകരണ പ്രവൃത്തികള്‍ക്കായി വിനോദ സഞ്ചാര വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവൃത്തികള്‍ ഇവിടെ നടക്കുകയാണ്.
എസ്റ്റേറ്റ് മാനേജര്‍ക്കും ചെയര്‍മാനും താമസിക്കാനായി ഒരുക്കിയ ബംഗ്ലാവാണ് പിന്നീട് ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനായി നവീകരിച്ച് ടീ കൗണ്ടിയായി മാറ്റിയത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2008 ലാണ് ബംഗ്ലാവിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഡീലക്‌സ്, പ്രീമിയം റൂമുകള്‍, പ്രൈവറ്റ് വില്ല എന്നിവ മിതമായ ചെലവില്‍ ഇവിടെ ലഭിക്കുന്നു. സന്ദര്‍ശകരുടെ ആവശ്യത്തിനനുസരിച്ച് ഭക്ഷണം തയ്യാറാക്കി നല്‍കുന്നതിനും സൗകര്യമുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പ് നടത്തുന്നതിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. മരത്തണലിലിരുന്ന് ഗുരുകുല സമ്പ്രദായത്തെ അനുസ്മരിപ്പിക്കുന്ന ക്യാമ്പ് നടത്താം. ടീ കൗണ്ടികളില്‍നിന്ന് പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വരുമാനം ലഭിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
ആദിവാസി വിഭാഗക്കാരുടെ പുനരധിവാസം ലക്ഷ്യമിട്ട് പ്രവര്‍ത്തനമാരംഭിച്ച പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ 300 ഓളം ആദിവാസി കുടുംബങ്ങളാണുള്ളത്. അവരുടെ ഏക വരുമാനമാര്‍ഗം എസ്റ്റേറ്റിലെ തൊഴിലാണ്. നിലവില്‍ തേയിലയുടെയും അനുബന്ധ ഉല്‍പ്പങ്ങളുടെയും വിപണനമാണ് പ്രിയദര്‍ശിനിയിലെ വരുമാനം. തേയില വിലയിടിവ് എസ്റ്റേറ്റ് തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതിനാല്‍ പ്രദേശത്തെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫാം ടൂറിസം നടപ്പാക്കുന്നത്.
ടൂറിസം ഡയറക്ടര്‍ സര്‍ക്കാറിന് നല്‍കിയ ഏകദേശം അഞ്ചുകോടി രൂപയുടെ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി അനുവദിച്ചത്. എസ്റ്റേറ്റിലേക്കുള്ള പ്രവേശന കവാടം, ടീ കൗണ്ടി, ജലസംഭരണ കുളങ്ങള്‍ എന്നിവയുടെ നവീകരണം, ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മ്മാണം, ടീ മ്യൂസിയം, വെള്ളച്ചാട്ടം, ചെക്ക്ഡാം, മേത്ത വ്യൂ പോയിന്റ് എിവയാണ് ഫാം ടൂറിസത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ പ്രിയദര്‍ശിനി ഓഫീസിന് സമീപത്തായി ടോയ്‌ലറ്റ് ബ്ലോക്കിന്റെയും എസ്റ്റേറ്റ് പരിധിയില്‍ നിര്‍മ്മിച്ച കുളത്തിന്റെയും നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞു. മാനന്തവാടി നിര്‍മ്മിതി കേന്ദ്രയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നത്.
പദ്ധതിയുടെ ഭാഗമായി ഒരു ഏക്കറോളം ഭൂമിയില്‍ പച്ചക്കറി കൃഷിയും ആദിവാസി വിഭാഗക്കാര്‍ ഉപയോഗിച്ചു വരുന്ന വിവിധയിനം ഔഷധ സസ്യങ്ങളുടെ തോട്ടം തയ്യാറാക്കുന്നതിനുള്ള തൈകളുടെ നടീല്‍ പ്രവൃത്തികളും പുരോഗമിക്കുകയാണ്. കുളത്തില്‍ മത്സ്യം വളര്‍ത്തുന്നതിന് കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്.
സന്ദര്‍ശകര്‍ക്ക് പ്രിയദര്‍ശിനി ടീ ഫാക്ടറിയുടെ ചരിത്രം, പ്രവര്‍ത്തനങ്ങള്‍, ചായപ്പൊടി നിര്‍മ്മാണം എന്നിവനേരിട്ടു പഠിക്കാനും ഗവേഷണം നടത്തുന്നവരെ സഹായിക്കാനുമായി ടീ മ്യൂസിയം യാഥാര്‍ത്ഥ്യമാക്കാനും പദ്ധതി നടത്തിപ്പിലൂടെ ലക്ഷ്യമിടുന്നു. ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന തേയിലക്കാടിനുള്ളിലെ വന്‍ മരങ്ങളെ സംരക്ഷിക്കുന്നതിനും പ്രകൃതിക്ക് ഹാനികരമല്ലാത്ത രീതികള്‍ അവലംബിച്ചുമാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടപ്പാക്കുക. മലമുകളിലെ വ്യൂ പോയിന്റ് സഞ്ചാരികള്‍ക്ക് താമസിക്കുതിന് യോഗ്യമാക്കുകയെതും പദ്ധതിയിലുള്‍പ്പെടുന്നു. ടൂറിസം സാധ്യതകള്‍ കൂടൂതല്‍ ജനങ്ങളിലെത്തിക്കുന്നതിനായി മൂന്നാമത് അന്താരാഷ്ട്ര സൈക്ലിങ്ങ് മത്സരത്തിനും പ്രിയദര്‍ശിനി എസ്റ്റേറ്റ് വേദിയായി. പത്തോളം രാജ്യങ്ങളില്‍ നിന്നായി ഏകദേശം 16ഓളം കായികതാരങ്ങളാണ് ഇതില്‍ പങ്കെടുത്തത്. പ്രിയദര്‍ശിനി ടീ കൗണ്ടിയില്‍ താമസിക്കുന്നതിന് ബുക്ക് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും 04935- 274592, 271092, 9497388291 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.