ഗര്‍ഭസ്ഥ ശിശുവിന്റെ മരണം; ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ്

Posted on: November 17, 2015 10:10 am | Last updated: November 17, 2015 at 10:10 am

മുക്കം: ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം ഗര്‍ഭസ്ഥ ശിശു മരിച്ചെന്ന് ആരോപിച്ച് മണാശേരി കെ എം സി ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് തളളിക്കയറിയവരെ മുക്കം പോലീസെത്തി പിന്‍തിരിപ്പിച്ചു.
കാരശേരി കക്കാട് കോടിച്ചലത്ത് അബ്ദുല്‍ ജബ്ബാര്‍, റജീന ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവത്തിലാണ് ബന്ധുക്കള്‍ പ്രതിഷേധവുമായി ആശുപത്രയിലെത്തിയത്. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് പോലീസ് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് ഇവര്‍ പിരിഞ്ഞുപോയത്.
നാല് ദിവസം മുന്‍പാണ് റജീനയെ കെ എം സി ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച പ്രസവവേദനയെ തുടര്‍ന്ന് റജീനയെ പ്രസവമുറിയിലേക്ക് മാറ്റിയെങ്കിലും പ്രാഥമിക ശുശ്രൂഷ പോലും നല്‍കിയില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
ഏറെ നേരത്തിനുശേഷം വന്ന ഗൈനക്കോളജിസ്റ്റ് റജീനയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഉടനെ മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധിച്ച ഡോക്ടര്‍, കുഞ്ഞ് നേരത്തെതന്നെ മരിച്ചതായി അറിയിക്കുകയായിരുന്നു. തലേ ദിവസം കെ എം സി ടി ആശുപത്രിയില്‍ നിന്ന് സ്‌കാനിംഗ് നടത്തിയിരുന്നതായും യാതൊരു കുഴപ്പവുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.