വിമതരെ പുറത്താക്കാന്‍ ശിപാര്‍ശ; മുസ്‌ലിം ലീഗില്‍ കലഹം

Posted on: November 17, 2015 10:09 am | Last updated: November 17, 2015 at 10:09 am
SHARE

താമരശ്ശേരി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ പത്രിക സമര്‍പ്പിച്ച താമരശ്ശേരിയിലെ രണ്ട് ലീഗ് ഭാരവാഹികളെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കാന്‍ ശിപാര്‍ശ ചെയ്തതോടെ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമായി. ഇന്നലെ താമരശ്ശേരിയിലെത്തിയ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളെ കണ്ട എസ് ടി യു നേതാവ് പ്രാദേശിക നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മുസ്‌ലിംലീഗ് നിയോജക മണ്ഡലം സെക്രട്ടറിയുമായ കെ വി മുഹമ്മദിനെതിരെ പത്രിക സമര്‍പ്പിച്ച എസ് ടി യു മണ്ഡലം പ്രസിഡന്റ് വി കെ മുഹമ്മദ് കുട്ടിമോന്‍, ലീഗ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവേലം വാര്‍ഡില്‍ പത്രിക സമര്‍പ്പിച്ച വാര്‍ഡ് സെക്രട്ടറി അബ്ദുല്‍ അസീസ് എന്നിവരെ പുറത്താക്കാനാണ് പഞ്ചായത്ത് ലീഗ് കമ്മിറ്റി ശിപാര്‍ശ ചെയ്തത്.
താമരശ്ശേരിയില്‍ ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ സംസ്ഥാന അധ്യക്ഷന്‍ ഹൈദറിലി തങ്ങളെ കണ്ട വി കെ മുഹമ്മദ് കുട്ടിമോന്‍ പ്രാദേശിക നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ, ജില്ലാ ജനറല്‍ സെക്രട്ടറി എം എ റസ്സാഖ് മാസ്റ്റര്‍, എം എല്‍ എ മാരായ സി മോയിന്‍ കുട്ടി, വി എം ഉമ്മര്‍ മാസ്റ്റര്‍ എന്നിവരുടെയും പ്രാദേശിക ലീഗ് നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു താമരശ്ശേരി റസ്റ്റ് ഹൗസിലായിരുന്നു സംഭവം. പ്രാദശിക നേതൃത്വത്തിന്റെ തെറ്റായ നയങ്ങള്‍ ശ്രദ്ധയില്‍പെടുത്താനാണ് താന്‍ പത്രിക സമര്‍പ്പിച്ചതെന്നും അന്വേഷണം നടത്താതെയും വിശദീകരണം ചോദിക്കാതെയുമാണ് പഞ്ചായത്ത് നേതൃത്വം തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്നും കുട്ടമോന്‍ പാണക്കാട് തങ്ങളെ ധരിപ്പിച്ചു. അപ്രതീക്ഷിതമായുണ്ടായ നാടകീയ രംഗങ്ങള്‍ പ്രാദേശിക ലീഗ് നേതൃത്വത്തെ ഞെട്ടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ വിമതരെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന നേതൃത്വം.