Connect with us

Kozhikode

പൂനൂര്‍ വാര്‍ഡിലെ വോട്ടര്‍മാര്‍ക്ക് വോട്ട് നാല് കേന്ദ്രങ്ങളില്‍

Published

|

Last Updated

താമരശ്ശേരി: ബൂത്ത് ക്രമീകരണത്തിലെ അപാകത കാരണം ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ പൂനൂര്‍ ഒമ്പതാം വാര്‍ഡിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്യുന്നത് നാല് കേന്ദ്രങ്ങളില്‍.
നൂറ് മീറ്ററിനുള്ളിലെ സ്‌കൂളില്‍ പോളിംഗ് ബൂത്തുണ്ടായിട്ടും കൂടുതല്‍ വോട്ടര്‍മാരും വോട്ടുചെയ്യാന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഒരു വാര്‍ഡിലെ വോട്ടര്‍മാര്‍ക്ക് നാല് കേന്ദ്രങ്ങളിലായി അഞ്ച് ബൂത്തുകള്‍ ഒരുക്കുന്നത് സര്‍ക്കാറിന് ഭീമമായ സാമ്പത്തിക ബാധ്യതയും വരുത്തിവെക്കുന്നുണ്ട്.
പൂനൂര്‍ ടൗണിനോട് ചേര്‍ന്നുള്ള ഗവ. യു പി സ്‌കൂളിലാണ് രണ്ട് ബൂത്തുകള്‍. എന്നാല്‍ പൂനൂര്‍ ടൗണ്‍, ഏഴുവളപ്പില്‍ ഭാഗത്തുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ച് മഠത്തുംപൊയില്‍ സ്‌കൂളിലെത്തണം. നരിക്കുനി റോഡ്, മൈലക്കാട്ടുകണ്ടി ഭാഗത്തുള്ളവര്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് കാന്തപുരം എ എല്‍ പി സ്‌കൂളിലെത്തിയും കക്കാട്, ഉമ്മിണികുന്ന്, പിലാവുള്ളതില്‍ ഭാഗത്തുള്ളവര്‍ കേളോത്ത് ബൂത്തിലെത്തിയും വോട്ട് രേഖപ്പെടുത്തണം.
പ്രായമായവരും രോഗികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വോട്ടര്‍മാര്‍ക്കാണ് ദൂരക്കൂടുതല്‍ കടുത്ത ദുരിതമാവുന്നത്. കഴിഞ്ഞ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ പോളിംഗ് ബൂത്ത് ശാസ്ത്രീയമായി ക്രമീകരിക്കണമെന്ന് രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും തഹസില്‍ദാര്‍ക്കും നല്‍കിയ പരാതിയെ തുടര്‍ന്ന് വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കുകയും പൂനൂര്‍ ജി എം എല്‍ പി സ്‌കൂളില്‍ പുതുതായി ഒരു ബൂത്ത് ക്രമീകരിക്കാമെന്ന് ധാരണയാവുകയും ചെയ്തിരുന്നു.
ഇതുപ്രകാരം ബൂത്ത് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ബൂത്തിന് രണ്ട് വാതില്‍ വേണമെന്ന വിചിത്ര ന്യായം നിരത്തുകയായിരുന്നു. സംസ്ഥാനത്ത് നിലവിലുള്ള മിക്ക ബൂത്തുകളിലും രണ്ട് വാതിലുകളില്ലെന്നിരിക്കെയാണ് പുതിയ ബൂത്തിന് രണ്ട് വാതില്‍ വേണമെന്ന ന്യായം നിരത്തുന്നത്. ഇത് പൂനൂര്‍ ഒമ്പതാം വാര്‍ഡിലെ വോട്ടര്‍മാരെ ഏറെ ദുരിതത്തിലാക്കുന്നു.

Latest