കോട്ടക്കല്‍ നഗരസഭ അധ്യക്ഷന്‍: നേതാക്കള്‍ അറ്റ കൈ പ്രയോഗത്തിന്

Posted on: November 17, 2015 10:05 am | Last updated: November 17, 2015 at 10:05 am
SHARE

കോട്ടക്കല്‍: നഗരസഭ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുഖ്യ ഭാരവാഹികള്‍ അറ്റകൈ പ്രയോഗത്തിനൊരുങ്ങുന്നു.
തര്‍ക്കം കത്തിനില്‍ക്കെ സമവായമെന്ന നിലയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി ഉസ്മാന്‍ കുട്ടിയെ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഇതിന് വിസമ്മതിച്ചതോടെയാണ് പുതിയ നീക്കം. കെ കെ നാസര്‍ ചെയര്‍മാനാകുന്നതിനോടുള്ള എതിര്‍പ്പിന്റെ ഭാഗമായാണ് എതിര്‍ വിഭാഗം പ്രതിഷേധത്തിന്റെ ഭാഗമായി പുതിയ തന്ത്രം പുറത്തിറക്കുന്നത്.
അധ്യക്ഷ സ്ഥാനങ്ങള്‍ ഒന്നും ഏറ്റെടുക്കാതെ എല്ലാം മറു വിഭാഗത്തിന് നല്‍കാനാണ് നീക്കം. ഇതിന്റെ തുടര്‍ച്ചെയെന്നോണം പാര്‍ട്ടിയുടെ മുഖ്യ ഭാരവാഹി സ്ഥാനങ്ങളും ഒഴിയാനുള്ള നീക്കവുമുണ്ട്. യൂത്ത് ലീഗിന്റെയും ലീഗിന്റെയും മുഖ്യ ഭാരവാഹികളാണ് സ്ഥാനം ഒഴിയുന്നതിനും പദവികള്‍ ഉപേക്ഷിക്കുന്നതിനും ആലോചിക്കുന്നത്. മുതിര്‍ന്ന നേതാവ് പി മൂസകുട്ടി ഹാജിയുടെ പരാജയമാണ് മുനിസിപ്പല്‍ ലീഗില്‍ വിവാദം ആളിക്കത്താനിടയാക്കിയത്. ഇതിന് പിന്നില്‍ ലീഗിലെ ഒരു വിഭാഗം ശ്രമിച്ചെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. ചെയര്‍മാന്‍ സ്ഥാനത്തിനായി കെ കെ നാസര്‍ ശക്തമായ നിലപാടെടുത്തതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി. മൂസകുട്ടി ഹാജിയുടെ തോല്‍വി അന്വേഷിക്കാനായി സമിതിയെ തിരഞ്ഞെടുത്തു. പ്രശ്‌ന പരിഹാരത്തിനായി പി ഉസ്മാന്‍ കുട്ടിയെ അധ്യക്ഷ സ്ഥാനത്തേക്ക് കണ്ടെത്തുകയായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് പി ഉസ്മാന്‍ കുട്ടി സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചത്. ഇതോടെ സ്ഥിതി വീണ്ടും കെ കെ നാസറിന് അനുകൂലമാകുകയായിരുന്നു. ഇതെ തുടര്‍ന്നാണ് പ്രതിഷേധമായി അറ്റകൈ പ്രയോഗത്തിലേക്ക് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നീങ്ങാന്‍ ഒരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here