Connect with us

National

ആരോപണം അടിസ്ഥാനരഹിതം: കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ഇരട്ട പൗരത്വ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സുബ്രഹ്മണ്യം സ്വാമിയുടെത് വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കോ ണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പ്രതികരിച്ചു. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ ബി ജെ പിക്കുള്ളില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലഹത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ലക്ഷ്യമിട്ടുള്ളതാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണങ്ങളെന്നും എ ഐ സി സി മാധ്യമ വിഭാഗം തലവന്‍ രണ്‍ദീപ് സുര്‍ദജേവാല പറഞ്ഞു. ജനിച്ചകാലം മുതല്‍ ഇന്ത്യന്‍ പൗരത്വം മാത്രമാണ് രാഹുല്‍ഗാന്ധിക്കുള്ളത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മാത്രമേ അദ്ദേഹത്തിനുള്ളൂ. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സുബ്രഹ്മണ്യം സ്വാമി പറയുന്ന ബാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ സര്‍ട്ടിഫിക്കറ്റില്‍ തന്നെ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പൗരനാണെന്ന് വ്യക്തമായി പറയുന്നുണ്ട്. ഈ കമ്പനി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും കോണ്‍ഗ്രസ് പുറത്തുവിട്ടു. രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പൗരനാണെന്ന് പറയുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയാണ് സുബ്രഹ്മണ്യം സ്വാമി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബാക്കോപ്‌സ് കമ്പനി 2003-ലാണ് രൂപവത്കരിച്ചത്. എന്നാ ല്‍, രാഹുല്‍ ഗാന്ധി ആദ്യമായി ലോക്‌സഭാ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത് 2004ലാണ്. പിക്‌ടെറ്റ് ബേങ്കിലോ സുറിച്ച് ബേങ്കിലോ രാഹുല്‍ ഗാന്ധിക്ക് ഒരു അക്കൗണ്ടുമില്ല. സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയാത്ത പണവുമായി രാഹുല്‍ ഗാന്ധിയെ ബോസ്റ്റണിലെ ലോഗന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചുവെന്ന സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ഇത്തരം ആരോപണങ്ങളെയും ദുഷ്പ്രചാരണങ്ങളെയും കോണ്‍ഗ്രസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ്. വിലകുറഞ്ഞ പബ്ലിസിറ്റിക്കും രാഷ്ര്ടീയ ലാഭത്തിനും വേണ്ടി ഇത്തരം ആരോപണങ്ങള്‍ മുമ്പും ഉന്നയിച്ചിട്ടുള്ള നേതാവാണ് സുബ്രഹ്മണ്യം സ്വാമിയെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും സുര്‍ജേവാല പറഞ്ഞു.

Latest