ഇന്ത്യ- ആസ്‌ത്രേലിയ ആണവ കരാര്‍ ഉടന്‍ പ്രാബല്യത്തില്‍

Posted on: November 17, 2015 5:58 am | Last updated: November 17, 2015 at 1:03 am
SHARE

അന്തല്യ(തുര്‍ക്കി): ഇന്ത്യയും ആസ്‌ത്രേലിയയും സിവില്‍ ആണവ കരാര്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ജി20 ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബളും തമ്മില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ കരാര്‍ ഉടന്‍ പ്രാബല്യത്തിലാകും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയൊരു നാഴികക്കല്ലാണ് ഈ പ്രഖ്യാപനത്തിലൂടെ പിന്നിട്ടിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. കരാര്‍ പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യന്‍ ആണ നിലയങ്ങള്‍ക്കാവശ്യമായ യുറേനിയം ആസ്‌ത്രേലിയ നല്‍കും. കഴിഞ്ഞ സെപ്തംബറിലാണ് കരാര്‍ ഒപ്പുവെച്ചത്. അമേരിക്കയുമായി ഇന്ത്യ ഒപ്പുവെച്ച 123 കരാറിന്റെ തുടര്‍ച്ചയാണ് ഇന്ത്യ- ആസ്‌ത്രേലിയ ആണവ സഹകരണ കരാര്‍ യാഥാര്‍ഥ്യമായത്. ആണവ സപ്ലേ ഗ്രൂപ്പുമായി നേരിട്ട് കരാരിലേര്‍പ്പെടാന്‍ ഇന്ത്യയെ പര്യാപ്തമാക്കുന്നതായിരുന്നു 123 കരാര്‍.
ലോകത്തെ 40 ശതമാനം യുറേനിയവും കൈവശം വെക്കുന്നത് ആസ്‌ത്രോലിയയാണ്. ജപ്പാനടക്കമുള്ള രാജ്യങ്ങള്‍ ഊര്‍ജാവശ്യത്തിന് ആണവ നിലയങ്ങള്‍ ഉപയോഗിക്കുന്നത് കുറച്ച് കൊണ്ട് വരുന്ന ഘട്ടത്തില്‍ പുതിയ വ്യാപാര പങ്കാളികളെ കണ്ടെത്തേണ്ടത് ആസ്രേലിയക്ക് അനിവാര്യമാണ്. ഇന്ത്യന്‍ അധികാരികളാണെങ്കില്‍ ആണവോര്‍ജത്തിന് വലിയ പ്രാധാന്യം നല്‍കുന്ന നയമാണ് തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here