കിരീട ജയത്തോടെ റൗള്‍ ബൂട്ടഴിച്ചു

Posted on: November 17, 2015 12:56 am | Last updated: November 17, 2015 at 12:56 am
റോള്‍ ഗോണ്‍സാലസിനെ കോസ്‌മോസ് ടീം അംഗങ്ങള്‍ എടുത്തുയര്‍ത്തി യാത്രയയപ്പ് നല്‍കുന്നു
റോള്‍ ഗോണ്‍സാലസിനെ കോസ്‌മോസ് ടീം അംഗങ്ങള്‍ എടുത്തുയര്‍ത്തി യാത്രയയപ്പ് നല്‍കുന്നു

ന്യൂയോര്‍ക്ക്: റയല്‍മാഡ്രിഡിന്റെ ഇതിഹാസതാരം റൗള്‍ ഗോണ്‍സാലസ് ന്യൂയോര്‍ക്ക് കോസ്‌മോസ് ക്ലബ്ബിനൊപ്പം നോര്‍ത്ത് അമേരിക്കന്‍ സോക്കര്‍ ലീഗ് കിരീട നേട്ടത്തോടെ ഫുട്‌ബോള്‍ കരിയറിന് പൂര്‍ണവിരാമമിട്ടു. കലാശപ്പോരില്‍ കോസ്‌മോസ് 3-2ന് ഒട്ടാവ ഫുറിയെ പരാജയപ്പെടുത്തി. ഇരട്ടഗോളുകളോടെ തിളങ്ങിയ സെല്ലെറിനോയുടെ രണ്ടാമത്തെ ഗോള്‍ റൗളിന്റെ പാസിലായിരുന്നു.
മുപ്പത്തെട്ടുകാരനായ റൗള്‍ 21 വര്‍ഷ കരിയറില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ കൂട്ടിന് 22 കിരീട ജയങ്ങളുണ്ട്. റയല്‍മാഡ്രിഡ്, ഷാല്‍ക്കെ, അല്‍ സാദ്, കോസ്‌മോസ് ക്ലബ്ബുകള്‍ക്കായി 940 മത്സരങ്ങള്‍ക്കാണ് റൗള്‍ ബൂട്ടണിഞ്ഞത്. 448 ഗോളുകളാണ് സ്പാനിഷ് സ്‌ട്രൈക്കര്‍ അടിച്ചു കൂട്ടിയത്.
യുവ താരങ്ങള്‍ക്ക് മാതൃകയാണ് റൗളിന്റെ കരിയറെന്ന് കോസ്‌മോസ് ഹെഡ് കോച്ച് ജിയോവാനി സാവറിസെ അഭിപ്രായപ്പെട്ടു. ക്ലബ്ബുമായി രണ്ട് വര്‍ഷ കരാറുണ്ടെങ്കിലും ഒരു സീസണ്‍ പൂര്‍ത്തിയാക്കി റൗള്‍ വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. റൗളിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത ജിയോവാനി കോസ്‌മോസിന് ബ്രാന്‍ഡ് അംബാസഡറെയാണ് നഷ്ടമാകുന്നതെന്ന് പറഞ്ഞു.
റയല്‍മാഡ്രിഡിനൊപ്പം പതിനാറ് കിരീടങ്ങളാണ് റൗള്‍ നേടിയത്. മൂന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗും ആറ് സ്പാനിഷ് ലാ ലിഗ കിരീടങ്ങളും നാല് സ്പാനിഷ് സൂപ്പര്‍ കപ്പും ഒരു യുവേഫ സൂപ്പര്‍ കപ്പും ഇതിലുള്‍പ്പെടുന്നു. ജര്‍മന്‍ ക്ലബ്ബ് ഷാല്‍ക്കെയിലും ഖത്തറിലെ അല്‍സാദിലും രണ്ട് കിരീടം വീതം.