Connect with us

Editorial

ഗോദ്‌സെ ബലിദാന്‍ ദിനം !!

Published

|

Last Updated

രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോദ്‌സെയെ ആദര്‍ശവത്കരിക്കുന്ന തിരക്കിലാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ. ഇതിന്റെ ഭാഗമായി ഗോദ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ബലിദാന്‍ ദിനമായി ആചരിച്ചതിന് പുറമെ അയാളെ മഹത്വവത്കരിക്കാനായി ഒരു വെബ്‌സൈറ്റും പുറത്തിറക്കിയിരിക്കുന്നു. പാഠപുസ്തകങ്ങളില്‍ ഗോദ്‌സെയുടെ ജീവചരിത്രം ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെടുന്ന നിവേദനം ഉടനടി രാഷ്ട്രപതിക്ക് സമര്‍പ്പിക്കുമെന്ന് ഹിന്ദു മഹാസഭ നേതാവ് പണ്ഡിറ്റ് അശോക് ശര്‍മ അറിയിക്കുകയുണ്ടായി. ഗോദ്‌സെക്ക് വേണ്ടി ക്ഷേത്രങ്ങള്‍ നിര്‍മിക്കാനും ഗോദ്‌സെ രഥം തയ്യാറാക്കി രാജ്യമൊട്ടാകെ യാത്ര നടത്താനും പദ്ധതിയുണ്ട്.
ഗാന്ധിവധം ഒരു പുണ്യകര്‍മമായാണ് ഹിന്ദു മഹാസഭയും സംഘ്പരിവാറും കാണുന്നത്. മുസ്‌ലിമോ ക്രിസ്ത്യാനിയോ ആയതിന്റെ പേരിലല്ല ഗാന്ധിക്ക് നേരെ ഗോദ്‌സെ നിറയൊഴിച്ചത്. ഗാന്ധിജിയും ഹിന്ദു മതവിശ്വാസിയായിരുന്നു; രാമഭക്തനായിരുന്നു. ഗീതയായിരുന്നു പാരായണം ചെയ്തിരുന്നത്. എന്നാല്‍ ഹിന്ദു- മുസ്‌ലിം സൗഹാര്‍ദം, അയിത്തോച്ചാടനം, ഹരിജനോദ്ധാരണം തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ തത്വങ്ങള്‍. അന്യമതങ്ങളെയും മതക്കാരെയും സ്‌നേഹിക്കുക കൂടിയാണ് ഹിന്ദു ധര്‍മമെന്നാണ് അദ്ദേഹം കണ്ടെത്തിയത്. ഹിംസാത്മകമായ ഹിന്ദുത്വം ഗാന്ധിജിക്ക് സ്വീകാര്യമായിരുന്നില്ല.
ഇവയെല്ലാം ഗോദ്‌സെക്കും സംഘ്പരിവാറിനും അസഹനീയമായിരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നതാണ് അവരുടെ താത്പര്യം. ഹിന്ദുത്വമാണ് ഇന്ത്യയുടെ ദേശീയതയെന്നാണ് സഭയുടെ കാഴ്ചപ്പാട്. ഗാന്ധി അതിനെതിര് നില്‍ക്കുകയും മതേതര ഇന്ത്യക്ക് വേണ്ടി പ്രയത്‌നിക്കുകയും ചെയ്തുവെന്നതാണ് അദ്ദഹത്തില്‍ അവര്‍ ആരോപിക്കുന്ന വലിയ പാതകം. തീവ്ര ഹിന്ദുത്വത്തിന്റെ മൂര്‍ത്ത രൂപമായിരുന്നു ഗോദ്‌സെ. ആദ്യകാലത്ത് ആര്‍ എസ് എസില്‍ സജീവമായിരുന്ന ഗോദ്‌സെ സംഘിന് ഹിന്ദുത്വ തീവ്രത പോരെന്ന അഭിപ്രായക്കാരനായിരുന്നു. ഹിന്ദു മഹാസഭക്ക് ഗോദ്‌സെ ഗാന്ധിജിയേക്കാള്‍ വലിയ രാജ്യസ്‌നേഹിയും ദേശീയവാദിയുമാണ്. വളച്ചൊടിച്ച ഇത്തരം ചരിത്രങ്ങളെ പുതുതലമുറയിലേക്ക് സന്നിവേശിപ്പിക്കലാണ് ഗോദ്‌സെ ചരിത്രം വിദ്യാലയങ്ങളില്‍ പാഠ്യവിഷയമാക്കണമെന്ന സഭയുടെ ആവശ്യത്തിന് പിന്നില്‍. മതേതര ജനാധിപത്യ ഇന്ത്യയുടെ വര്‍ത്തമാനത്തെ മാത്രമല്ല ഭാവിയെക്കൂടി ഗുരുതരമായി ബാധിക്കുന്ന അത്യന്തം അപകടകരമായ നീക്കമാണിത്.
വളരെ ആസൂത്രിതമാണ് ഹിന്ദുത്വ ഫാസിസത്തിന്റെ നീക്കങ്ങളോരോന്നും. അവരുടെ ആരാധ്യനായ സര്‍ദാര്‍ പട്ടേലിന്റെ രണ്ടാം അവതാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയപ്പോള്‍ ചെയ്ത പ്രഥമ പ്രവര്‍ത്തനങ്ങളിലൊന്ന് ചരിത്രപ്രധാനമായ പല രേഖകളും തീയിട്ടു നശിപ്പിക്കുകയായിരുന്നല്ലോ. മഹാത്മാ ഗാന്ധി വധത്തെ സംബന്ധിച്ച വിലപ്പെട്ട രേഖകളും ആര്‍ എസ് എസിനെ നിരോധിച്ചു കൊണ്ടുള്ള നെഹ്‌റു സര്‍ക്കാറിന്റെ ഉത്തരവുകളുമടക്കം ഒന്നര ലക്ഷം ഫയലുകളാണ് അഗ്നിക്കിരയാക്കിയത്. ഹിന്ദുത്വ ഫാസിസത്തിന്റെ താത്പര്യത്തിനനുസൃതമായ പുതിയ ചരിത്ര സൃഷ്ടികള്‍ക്ക് സത്യസന്ധമായ ചരിത്രങ്ങള്‍ നശിപ്പിക്കപ്പെടേണ്ടതാണെന്ന ചിന്തയില്‍ നിന്നാണ് ഇത്തരം പദ്ധതികള്‍ ഉരുത്തിരിയുന്നത്.
ചരിത്രത്തിന് ജനസമൂഹത്തില്‍ വലിയ സ്വാധീനമുണ്ട്. ദുഷ്ട ശക്തികള്‍ ചരിത്രത്തെ തങ്ങളുടെ താത്പര്യാനുസൃതം വെട്ടിമുറിക്കുകയും ചെത്തിമിനുക്കുകയും ചെയ്യുന്നത് ഇതുകൊണ്ടാണ്. പ്രാചീന കാലത്ത് ഹൈന്ദവ രാഷ്ട്രമായിരുന്നു ഇന്ത്യയെന്നും മുസ്‌ലിം രാജാക്കന്മാരുടെ ആക്രമണങ്ങളിലും പടയോട്ടങ്ങളിലുമാണ് അത് തകര്‍ന്നതെന്നും സമര്‍ഥിക്കുന്ന ചരിത്രങ്ങള്‍ കാണാം. ഇന്ത്യയില്‍ മതങ്ങളെ തമ്മിലടിപ്പിച്ചു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിലനില്‍പ്പ് ഭദ്രമാക്കാന്‍ കെട്ടിച്ചമച്ച ഈ വ്യാജ ചരിത്രം കാലാന്തരത്തില്‍ അംഗീകാരം നേടുകയും ചരിത്രാേന്വഷികളെ പോലും വഴിതെറ്റിക്കുകയും ചെയ്യുന്നുണ്ട്. നിര്‍മിത ചരിത്രങ്ങളെയും കാലം അംഗീകരിക്കാന്‍ തയ്യാറാകുമെന്ന ഈ തിരിച്ചറിവാണ് ഇപ്പോള്‍ ഗോദ്‌സെയെ ആദര്‍ശവത്കരിക്കാനും ഗാന്ധിജിയെ ഇകഴ്ത്താനും സംഘ്പരിവാറിന് പ്രചോദനം. ഇപ്പോഴത്തെ തലമുറ ഈ ചരിത്രനിര്‍മിതിയെ അവഗണിക്കുമെങ്കിലും വരും തലമുറ അത് ഏറ്റുപിടിക്കാന്‍ സന്നദ്ധമായേക്കും. അതോടെ ദേശീയ നേതാക്കളുടെ മുന്‍നിരയിലായിരിക്കും ഗോദ്‌സെയുടെ സ്ഥാനം. ഗാന്ധിജി രാജ്യദ്രോഹികളുടെ പട്ടികയിലേക്ക് മാറ്റപ്പെടും. നവ ഫാസിസം വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയുടെ സൃഷ്ടിപ്പിന്റെ പ്രാരംഭദശയായി വേണം ഗോദ്‌സെ തൂക്കിലേറ്റപ്പെട്ട ദിനം ധീരരക്തസാക്ഷിത്വ ദിനമായി ആചരിക്കാനുള്ള തീരുമാനത്തെ കാണാന്‍. ചരിത്രത്തെ ഈ വിധം പച്ചയായി വ്യഭിചരിക്കാനുള്ള കുത്സിത നീക്കത്തിനെതിരെ മതേതര വിശ്വാസികളും സത്യസന്ധമായ ചരിത്രത്തിന്റെ നിലനില്‍പ്പില്‍ താത്പര്യമുള്ള മുഴുവനാളുകളും ജാഗ്രത്താകേണ്ടതുണ്ട്.