ക്യാന്‍സര്‍ ചികിത്സയില്‍ പുതിയ പ്രതീക്ഷകള്‍

Posted on: November 17, 2015 5:48 am | Last updated: November 17, 2015 at 12:48 am
SHARE

2015ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് നല്‍കിയത് തോമസ് ലിന്‍ഡാല്‍, പോള്‍ മോഡ്‌റിച്ച്, അസീസ് സാന്‍ക്കാര്‍ എന്നീ മൂന്ന് ശാസ്ത്രജ്ഞര്‍ക്കാണ്. ജനിതക ശാസ്ത്രത്തിന്റെ അടിസ്ഥാനമായ ജീനുകള്‍ ഉണ്ടാക്കിയിരിക്കുന്ന ഡിയോക്‌സി റൈബോ ന്യൂക്ലിയിക് ആസിഡി(ഡി എന്‍ എ Deoxy Ribo Nucleic Acid) ന് ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ശരിയാക്കുന്നതെങ്ങനെയെന്ന് കണ്ടുപിടിച്ചതിനാണ് സമ്മാനം നല്‍കിയത്. ഡി എന്‍ എക്ക് തകരാര്‍ സംഭവിക്കുമ്പോള്‍ അത് നന്നാക്കുകയും ജീനുകളില്‍ ആലേഖനം ചെയ്തിരിക്കുന്ന ജനിതക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന രഹസ്യങ്ങള്‍ക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു എന്നാണ് ഈ മൂന്ന് ശാസ്ത്രജ്ഞരും കണ്ടെത്തിയത്. ഇതില്‍ തോമസ് ലിന്‍ഡാല്‍ യു കെയിലെ ഫ്രാന്‍സിസ് ക്രിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പോള്‍ മോഡ്‌റിച്ച് യു എസിലെ ഡ്യൂക്ക് യൂനിവാഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗത്തില്‍ നിന്നും അസീസ് സാന്‍ക്കാര്‍ അമേരിക്കയിലെ തന്നെ കറോലീന സര്‍വകലാശാലയില്‍ നിന്നുമുള്ളവരാണ്. ഇവരുടെ ഗവേഷണം ക്യാന്‍സര്‍ ചികിത്സാരംഗത്ത് കാര്യമാത്രപ്രസക്തമായ പുരോഗതിക്ക് ഇടനല്‍കും എന്നതാണ് പ്രസക്തമായ കാര്യം.
മോളിക്കുലാര്‍ തലത്തില്‍ നടന്ന പരീക്ഷണങ്ങളില്‍ മൂന്ന് പേരും വിജയിച്ചു. മനുഷ്യന്റെ ജനിതക വൈവിധ്യവും സ്വഭാവ സവിശേഷതകളും നിയന്ത്രിക്കുന്നത് കോശത്തിലെ ന്യൂക്ലിയസിലെ ജീനുകളിലെ ഡി എന്‍ എ എന്ന രാസപദാര്‍ഥമാണ്. ഡി എന്‍ എയുടെ ഘടന കണ്ടുപടിച്ചത് വാട്‌സണ്‍, ക്രിക് എന്നീ രണ്ട് ശാസ്ത്രജ്ഞരാണ്. ഡി എന്‍ എ ഉണ്ടാക്കിയിരിക്കുന്നത് രണ്ട് പോളി ന്യൂക്ലിയോറൈഡ് ചെയ്‌നുകള്‍ ഹെലിക്‌സ് രൂപത്തില്‍ ചുറ്റിപ്പിണഞ്ഞിരിക്കയാണെന്ന് ഈ ശാസ്ത്രജ്ഞര്‍ 1953ല്‍ കണ്ടെത്തി. ഒരു ന്യൂക്ലിയോറ്റൈഡ് (Nucleotide) എന്നാല്‍ ഒരു നൈട്രജന്‍ ബേസും ഡിയോക്‌സിറൈബോഷുഗറും ഫോസ്‌ഫോറിക് ആസിഡും ചേര്‍ന്നതാണെന്ന് ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. മനുഷ്യരിലെ കോശത്തിലെ ന്യൂക്ലിയസിലെ ഓരോ ക്രോമസോമിലും 100 മുതല്‍ 1000 ജീനുകള്‍ ഉണ്ടെന്നും മനുഷ്യശരീരത്തില്‍ 30,000 ജീനുകളെങ്കിലും ഉണ്ടെന്നും ഓരോ ക്രോമസോമിലും അഞ്ച് കോടി മുതല്‍ 30 കോടി വരെ നൈട്രജന്‍ ബേസുകള്‍ ഉണ്ടെന്നും ഓരോ ജീനുകളും ശരീരകോശത്തിലെ 23 ജോടി ക്രോമസോമുകളില്‍ ഏതൊക്കെ ക്രോമസോമുകളില്‍ ഏതെല്ലാം സ്ഥാനത്താണ് ഇരിക്കുന്നതെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനായി 1988ല്‍ തുടങ്ങിയ ഹ്യൂമന്‍ ജീനോ പ്രൊജക്ട് പൂര്‍ത്തീകരിച്ചത് 2003 ഏപ്രില്‍ മാസത്തിലായിരുന്നു.
മനുഷ്യന്റെ സ്വാഭാവ നിയന്ത്രണം നടത്തുന്ന ജീനുകളിലെ ഡി എന്‍ എ വലിയ മാറ്റമൊന്നുമില്ലാത്ത വസ്തുവാണെന്ന നിഗമനത്തിലായിരുന്നു ശാസ്ത്ര ലോകം. എന്നാല്‍, ഡി എന്‍ എയിലെ നൈട്രജന്‍ ബേസ് നിരന്തരം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഈ മാറ്റങ്ങളും വ്യതിയാനങ്ങളും തകരാറുകളും ഡി എന്‍ എക്ക് ശരിയാക്കാന്‍ കഴിയുന്നുണ്ടെന്നും അത് എങ്ങനെ നടക്കുന്നുവെന്നും നൊബേല്‍ സമ്മാനത്തിന് അര്‍ഹമായ ഡോ. ലിന്‍ഡാല്‍ കണ്ടെത്തി. ഡി എന്‍ എക്ക് റേഡിയേഷന്‍ വഴിയും വന്‍ ഊര്‍ജമുള്ള ഫ്രീ റാഡിക്കല്‍ വഴിയും ക്യാന്‍സര്‍കാരികളായ രാസപദാര്‍ഥങ്ങള്‍ വഴിയും സ്വയം വിഭജനം വഴിയും സംഭവിച്ചേക്കാവുന്ന തകരാറുകള്‍ സ്വയം നന്നാക്കി ജനിതകമാറ്റം വരാതെ നിലനിര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹത്തിന് കണ്ടെത്താന്‍ സാധിച്ചു. അസീസ് സാന്‍ക്കാര്‍ ഡി എന്‍ എയുടെ ന്യൂക്ലിയോ റ്റൈഡില്‍ സംഭവിച്ചേക്കാവുന്ന തകരാര്‍ ക്യാന്‍സറിലേക്ക്, പ്രത്യേകിച്ചും യു വി റേഡിയേഷന്‍ വഴിയുള്ള ത്വക് ക്യാന്‍സറിലേക്ക് നയിക്കുന്നതെങ്ങനെയെന്നും അത് എങ്ങനെ തടയാമെന്നും കണ്ടെത്തി. പോള്‍ മോഡ് റിച്ച് ഡി എന്‍ എ വിഭജന സമയത്തുണ്ടായേക്കാവുന്ന തകരാറുകള്‍ കൂടല്‍ ക്യാന്‍സറില്‍ എത്തിക്കുന്നത് തടയുന്നതിനുള്ള മാര്‍ഗവും കണ്ടെത്തി. ഡി എന്‍ എ വിഭജന സമയത്തെ തകരാറുകള്‍ ജന്മനാ ഉള്ള ജനിത വൈകല്യങ്ങള്‍ക്ക് വഴിവെക്കുമെന്നും അത് എങ്ങനെ ഡി എന്‍ എയുടെ റിപ്പയര്‍ മെക്കാനിസം നിയന്ത്രിക്കുന്നതെന്നും അസീസിന് കണ്ടെത്താനായി. മൂന്ന് പേരുടെയും കണ്ടുപിടിത്തങ്ങളില്‍ ഡി എന്‍ എ തകരാറ് കണ്ടെത്തുന്നതിനുള്ള പോംവഴികള്‍ അടങ്ങിയിട്ടുണ്ട്.
മിക്കവാറും ക്യാന്‍സറുകള്‍ ഡി എന്‍ എ തകരാറുകൊണ്ടാണ് ഉണ്ടാകുന്നത്. തകരാറുകള്‍ ഡി എന്‍ എക്ക് നന്നാക്കാന്‍ കഴിയാതെ വരുമ്പോഴും ശരിയാക്കല്‍ പ്രക്രിയ വിട്ടുപോകുമ്പോഴുമാണ് ക്യാന്‍സറുകളും ജനിതക തകരാറുകളും രൂപപ്പെടുന്നത്. ഡി എന്‍ എ അവലംബിക്കുന്ന റിപ്പയര്‍ രീതികള്‍ മനസ്സിലാക്കിയാല്‍ അവയുടെ തകരാറുകളും നീക്കം ചെയ്യാനാകും. ഇത് ക്യാന്‍സര്‍ ചികിത്സക്ക് മുതല്‍ക്കൂട്ടാകും. മനുഷ്യന്റെ ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങള്‍ക്ക് നല്‍കേണ്ട മരുന്നുകളും മറ്റും പരീക്ഷിച്ച് നോക്കി ഉപയോഗിക്കാന്‍ കമ്പ്യൂട്ടര്‍ വിദ്യവഴി സാധ്യമാകുന്നതിനും ഈ കണ്ടുപിടിത്തങ്ങള്‍ വഴിയൊരുക്കുകയാണ്.
ഡി എന്‍ എയിലെ നൈട്രജന്‍ ബേസുകളുടെ ഘടനയും സ്ഥാനവും പ്രവര്‍ത്തനവും കണ്ടെത്തിയതിനാല്‍ ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് രസതന്ത്രത്തിലെ ഈ കണ്ടുപിടിത്തങ്ങള്‍ വഴിയൊരുക്കും. അടുത്ത തലമുറയില്‍ ഉണ്ടായേക്കാവുന്ന ജനിതക വൈകല്യങ്ങള്‍ മനസ്സിലാക്കുന്നതിനും രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ തിരഞ്ഞെടുക്കുന്നതിനും ആരോഗ്യവും ജനിതക ഘടനയുമായുള്ള ബന്ധം മനസ്സിലാക്കുന്നതിനും ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള ചികിത്സക്കും പുതിയ കണ്ടുപിടിത്തം സഹായകമാകും. പ്രമേഹം, ഹൃദയ തകരാറുകള്‍, ജനിതക രോഗങ്ങള്‍ എന്നിവയുടെ ചികിത്സ വളരെ ഫലപ്രദവും എളുപ്പവുമാക്കുന്ന കണ്ടുപിടിത്തങ്ങളാണ് നൊബേല്‍ ജേതാക്കളായ ഈ മൂന്ന് പേര്‍ നടത്തിയിരിക്കുന്നത്.
ഡി എന്‍ എയില്‍ പ്രതിദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മാറ്റങ്ങളാണ് പല രോഗങ്ങള്‍ക്കും വഴിവെക്കുന്നതെന്ന വലിയ കണ്ടുപിടിത്തമാണ് ക്യാന്‍സര്‍ ചികിത്സക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ തക്കതായി മാറിയിരിക്കുന്നത്. ഡി എന്‍ എ സ്വയമായി റിപ്പയറുകള്‍ എങ്ങനെ നടത്തുന്നതെന്ന് മനസ്സിലാക്കാനായതാണ് ക്യാന്‍സര്‍ ചികിത്സാ രംഗത്ത് നാഴികക്കല്ലാകുന്നത്.
മനുഷ്യന്റെ ജനിത രഹസ്യങ്ങള്‍ ഒരു മനുഷ്യനില്‍ നിന്നും മക്കളിലേക്കും തലമുറകളിലേക്കും പകര്‍ന്നുനല്‍കുന്ന ഡി എന്‍ എയുടെ പ്രവര്‍ത്തന രീതിയെക്കുറിച്ച് കണ്ടെത്തിയിരിക്കുന്ന ഈ സുപ്രധാന കണ്ടുപിടിത്തങ്ങള്‍ മാനവരാശിയുടെ ആരോഗ്യപരിപാലനത്തിന് ഉതകുന്നവയാണ്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ കണ്ടെത്തുന്നത് ദുഷ്‌ക്കരമായിരിക്കുന്ന കാലഘട്ടത്തിലാണ് ഈ കണ്ടുപിടിത്തങ്ങളെന്നത് വളരെ ശ്രദ്ധേയമാണ്.
ഓരോ മനുഷ്യന്റെയും ഡി എന്‍ എയില്‍ അടങ്ങിയിരിക്കുന്ന ജനിതക രഹസ്യങ്ങള്‍ മനസ്സിലാക്കി ചികിത്സ നടത്താനായാല്‍ ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ പൂര്‍ണമായും ഭേദമാക്കാവുന്നതാണ്. അടുത്ത പതിറ്റാണ്ടിനുള്ളില്‍ ഈ കണ്ടുപിടിത്തങ്ങളുടെ ചുവടുപിടിച്ചുള്ള ചികിത്സാ രീതികള്‍ ക്യാന്‍സറിനെ തടയാനാകുന്ന തലത്തെത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here