Connect with us

Articles

വിവിധതാ... വിവിധതാ...

Published

|

Last Updated

മഹാത്മന്‍,
കടിച്ചുവലിക്കുന്ന തണുപ്പിനെ അവഗണിച്ച് വെംബ്ലിയിലെ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ അറുപത്തിരണ്ടായിരത്തിലേറെ ജനം. ഇന്ത്യക്കാരനെന്ന ബോധം കൈവിട്ടുപോയില്ലെന്ന് പ്രകടിപ്പിക്കാന്‍ വെമ്പുന്ന ബ്രിട്ടനിലെ കുടിപാര്‍പ്പുകാര്‍. അവര്‍ക്കു മുന്നില്‍ അങ്ങ് നടത്തിയ പ്രകടനം ഏതാണ്ടൊരു കൊല്ലം മുമ്പ് അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയറില്‍ നടത്തിയതിനേക്കാള്‍ ഗംഭീരമായി. മാഡിസണ്‍ സ്‌ക്വയറിലെത്തിയതിനേക്കാളധികം ജനം വെംബ്ലിയിലുണ്ടായിരുന്നു. രാജ്യാഭിമാനം ഉയര്‍ത്താന്‍ പാകത്തിലൊരു നേതാവിനെ “ഒടുവില്‍” കിട്ടിയെന്ന തോന്നല്‍ കൂടിയുള്ളതിനാല്‍ അവരാകെ ആവേശത്തിലായിരുന്നു. അതിന്റെ അലകള്‍ അങ്ങയിലേക്കും പടര്‍ന്നിരുന്നുവെന്ന് തോന്നുന്നു. പ്രഭാഷണ ചാതുരി, പതിവിലധികം പ്രകടമായത് അതുകൊണ്ടാകണം.
നിലവിളിയോടു ചേര്‍ന്നുനില്‍ക്കുന്ന ശബ്ദത്തില്‍ “വിവിധതാ…” “വിവിധതാ…” എന്ന് അങ്ങ് ആവര്‍ത്തിച്ചതാണ് പ്രഭാഷണത്തെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. വെംബ്ലി സ്റ്റേഡിയത്തിലെ പ്രകടനത്തിന് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തുവല്ലോ. അപ്പോളുയര്‍ന്ന ചോദ്യങ്ങളിലൊന്ന് മിസ്റ്റര്‍ മോദി, ഇന്ത്യയില്‍ എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തും വിധത്തില്‍ അസഹിഷ്ണുത വളരുന്നുവെന്നാണല്ലോ റിപ്പോര്‍ട്ടുകള്‍ എന്നായിരുന്നു. “മിസ്റ്റര്‍ മോദി” എന്ന അഭിസംബോധനയെ താങ്കള്‍ എങ്ങനെ സഹിഷ്ണുതയോടെ ഉള്‍ക്കൊണ്ടുവെന്ന അത്ഭുതം രേഖപ്പെടുത്തട്ടെ. വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയ മറുപടിയുടെ വിശദീകരിച്ച രൂപമായിരുന്നുവല്ലോ വെംബ്ലിയിലെ പ്രസംഗത്തിലുണ്ടായത്.
“”ഇന്ത്യയാകെ വൈവിധ്യമാണ്. ഈ വൈവിധ്യം ഞങ്ങളുടെ അഹങ്കാരവും ശക്തിയുമാണ്. വൈവിധ്യം ഇന്ത്യയുടെ പ്രത്യേകതയാണ്. വിവിധ മതങ്ങള്‍, നൂറിലധികം ഭാഷകള്‍, 1500ഓളം ഭാഷാഭേദങ്ങള്‍ എന്നിവയുടെയൊക്കെ നാടായിട്ടും എങ്ങനെ ഒരുമിച്ച് ജീവിക്കാമെന്ന് ഇന്ത്യ കാട്ടിത്തന്നു”” എന്ന് താങ്കള്‍ പറയുകയുണ്ടായി. അഹങ്കാരവും ശക്തിയുമായ വൈവിധ്യത്തെ നിലനിര്‍ത്താന്‍ താങ്കളുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനവും അതില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായിട്ടുള്ള സംഘ്പരിവാരവും എന്തൊക്കെ ചെയ്യാനുദ്ദേശിക്കുന്നുവെന്ന് മാത്രം പറഞ്ഞുകണ്ടില്ല. അതിന് പകരം ദിനപത്രങ്ങളിലെ തലക്കെട്ടുകളെയും ടെലിവിഷന്‍ സ്‌ക്രീനുകളില്‍ മിന്നിമറയുന്ന ദൃശ്യങ്ങളെയും വിമര്‍ശിക്കുകയാണ് ചെയ്തത്. തലക്കെട്ടില്‍ വായിക്കുന്നതിനേക്കാളും ദൃശ്യങ്ങളില്‍ കാണുന്നതിനേക്കാളും വലുതാണ് ഇന്ത്യയെന്ന് പറയുകയും ചെയ്തു.
സംഘ്പരിവാറിന്റെ മുന്‍കൈയിലോ അവരുടെ പിന്‍ബലത്തിലോ നടക്കുന്ന പല സംഗതികളും തലക്കെട്ടുകളായും ദൃശ്യങ്ങളായും വരുന്നുണ്ട്. അതിനോടൊക്കെ മൗനം ഭൂഷണമെന്ന നിലപാടാണ് ഇന്ത്യന്‍ യൂനിയനില്‍ വസിക്കുന്ന കാലത്ത് താങ്കള്‍ സ്വീകരിച്ചിട്ടുള്ളത്. മാട്ടിറച്ചി നിരോധം പ്രാബല്യത്തിലാക്കാന്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് പലേടത്തുമുണ്ടായത് ശ്രദ്ധയിലുണ്ടാകുമല്ലോ? പശുവിനെ ഇറച്ചിക്കായി അറുത്തുവെന്നോ പശുവിറച്ചി സൂക്ഷിച്ചുവെന്നോ ആരോപിച്ച് 50 വയസ്സുകാരനെ ഉത്തര്‍ പ്രദേശില്‍ തല്ലിക്കൊന്നിരുന്നു. കാലിക്കടത്ത് നടത്തിയെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ റിപ്പോര്‍ട്ട് ഹിമാചലില്‍ നിന്ന് വന്നു. ഗോവധ നിരോധം ഏര്‍പ്പെടുത്തിയ ശേഷവും അത് നടക്കുന്നുവെങ്കില്‍ നിയമാനുസൃതം നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അതിന് പകരം നിയമം കൈയിലെടുത്ത് ശിക്ഷ നടപ്പാക്കാമെന്ന തോന്നലിലേക്ക് സംഘ്പരിവാര അനുകൂലികളായവരെ എത്തിച്ചത് എന്തായിരിക്കും? ഒരാളുടെ അടുക്കളയില്‍ കയറി വേവുന്നത് എന്ത് എന്ന് പരിശോധിക്കാനുള്ള അധികാരമുണ്ടെന്ന തോന്നല്‍ ഇവരില്‍ ജനിപ്പിച്ചത് ആരായിരിക്കും? “മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ തുടരാം, പക്ഷേ, മാട്ടിറച്ചി കഴിക്കുന്നത് അവര്‍ ഒഴിവാക്കണം” എന്ന് പ്രസ്താവന നടത്തുന്ന ഭരണാധികാരികള്‍ ഈ അവസ്ഥ സൃഷ്ടിക്കുന്നതില്‍ വഹിക്കുന്ന പങ്കെന്താണ്?
ഇങ്ങനെയുള്ള തോന്നലുകള്‍ സൃഷ്ടിക്കാന്‍ പാകത്തിലാണ് ഇന്ത്യന്‍ യൂനിയനെ ഭരിക്കുന്നതെങ്കില്‍, വെംബ്ലി സ്റ്റേഡിയത്തില്‍ പ്രഘോഷിക്കപ്പെട്ട “വിവിധതാ…”യുടെ അര്‍ഥമെന്താണ്? വിവിധ വിഭാഗങ്ങള്‍ക്ക് അവരുടെ വിശ്വാസാചാരങ്ങള്‍ പിന്തുടര്‍ന്ന് ജീവിക്കാന്‍ പാകത്തിലുള്ള സാഹചര്യം നിലനില്‍ക്കണം, വൈവിധ്യം കരുത്താകണമെങ്കില്‍. ആ കരുത്തിനെ ഉത്തേജിപ്പിക്കാന്‍ പാകത്തിലാണോ താങ്കള്‍ പരമാധികാരിയായ ശേഷം കാര്യങ്ങള്‍? ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരെ കായികമായും അല്ലാതെയും ആക്രമിക്കാന്‍ യാതൊരു മടിയുമില്ല. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കും. അഭിപ്രായം പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിമുഴക്കാന്‍ യാതൊരു മടിയും ഇക്കൂട്ടര്‍ പ്രകടിപ്പിക്കുന്നുമില്ല. നിയമങ്ങളും അത് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ നിയോഗിക്കപ്പെടുന്നവരും തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാന്‍ പാകത്തിലാണെന്ന തോന്നല്‍ ഇവരിലുണ്ടായിരിക്കുന്നുവെന്ന് വ്യക്തം.
“ഘര്‍ വാപ്‌സി” അരങ്ങേറിയപ്പോള്‍, ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമാകാന്‍ ശ്രമിക്കുകയാണെന്നും തടയാന്‍ അംഗ സംഖ്യ കൂട്ടാന്‍ ഭൂരിപക്ഷ സമുദായം ശ്രമിക്കണമെന്ന് ആഹ്വാനമുണ്ടായപ്പോള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊക്കെ ഹിന്ദുത്വ അജന്‍ഡക്കാരെ നിയമിച്ചപ്പോള്‍, രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം എങ്ങനെയാകണമെന്നതില്‍ സംഘ് ബന്ധുക്കള്‍ നിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍, അത് നടപ്പാക്കാന്‍ ബി ജെ പി നേതൃത്വത്തിലുള്ള ഭരണ സംവിധാനങ്ങള്‍ ശ്രമിച്ചപ്പോള്‍ മാഡിസണ്‍ സ്‌ക്വയറിലും വെംബ്ലിയിലും കണ്ട അങ്ങളുടെ പ്രഭാഷണ പ്രാഗത്ഭ്യം രാജ്യം കണ്ടതേയില്ല. ഇതിനെയൊക്കെ എതിര്‍ക്കാന്‍ രംഗത്തിറങ്ങിയവരോട് പാക്കിസ്ഥാനിലേക്ക് പൊയ്‌ക്കോളൂ എന്ന് ഭരണ സാരഥ്യത്തിലുള്ളവരും ഇല്ലാത്തവരുമായ ഹിന്ദുത്വവാദികള്‍ ആക്രോശിച്ചപ്പോഴും വൈവിധ്യം കരുത്താണെന്ന് താങ്കള്‍ പറഞ്ഞുകേട്ടില്ല. ബീഹാറില്‍ വലിയ പരാജയത്തെ സ്വീകരിച്ചാനയിക്കാന്‍ പാകത്തില്‍ തലങ്ങും വിലങ്ങും റാലികള്‍ നടത്തിയപ്പോഴും വൈവിധ്യം കരുത്താണെന്ന കണ്ടെത്തല്‍ നടത്തിയിരുന്നില്ല. വൈവിധ്യത്തെ ഇല്ലാതാക്കാന്‍ നടക്കുന്ന സംഘടിതമായ ശ്രമങ്ങള്‍ അന്നും പത്രങ്ങളില്‍ വലിയ തലക്കെട്ടായിരുന്നു, ടെലിവിഷന്‍ സ്‌ക്രീനില്‍ ഇവയൊക്കെ മിന്നിമറയുന്നുമുണ്ടായിരുന്നു.
ബീഹാറിലെ വലിയ തോല്‍വിയുടെ ഭാരവുമായി ബ്രിട്ടനിലെത്തിയപ്പോള്‍ വൈവിധ്യത്തെക്കുറിച്ച് പൊടുന്നനെ ഓര്‍മ വന്നതാണോ? ആകാന്‍ വഴിയില്ല, താങ്കള്‍ വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഇന്ത്യന്‍ യൂനിയനിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അവിടുത്തെ പത്രങ്ങള്‍ വിമര്‍ശമുന്നയിച്ചിരുന്നു. ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിച്ച് ഭരിക്കുന്നതിലുള്ള വൈദഗ്ധ്യം മുന്‍കാലത്ത് കാട്ടിയവരെങ്കിലും ഇപ്പോഴത്തെ സ്ഥിതിയിലുള്ള ആശങ്ക അവിടുത്തെ രാഷ്ട്രീയ നേതാക്കള്‍ പ്രകടിപ്പിക്കുകയും ചെയ്തു. പുറമെയാണ് “മിസ്റ്റര്‍ മോദി” എന്ന് അഭിസംബോധന ചെയ്തുള്ള ചോദ്യവും. മറുപടി പറയാതെ പോന്നാല്‍, അമ്പത്തിയാറിഞ്ച് നെഞ്ചിന്റെ കരുത്തല്ലേ ചോദ്യംചെയ്യപ്പെടുക. “വിവിധതാ…” എന്ന നിലവിളിക്ക് മുഖ്യ കാരണം അതാകാനാണ് വഴി.
മറ്റൊന്ന് കച്ചവടമാണ്. അസഹിഷ്ണുതയുടെ അന്തരീക്ഷം നിക്ഷേപ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും ശതമാനക്കണക്കിലുള്ള വളര്‍ച്ചാ നിരക്ക് ഉയരില്ലെന്നും റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ രഘുറാം രാജനും അന്താരാഷ്ട്ര ഏജന്‍സിയായ മൂഡീസും മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കാല പ്രാബല്യത്തോടെ നികുതി ചുമത്താന്‍ തീരുമാനിച്ച് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് വൊഡാഫോണ്‍ അടക്കമുള്ള കമ്പനികള്‍ക്ക് താങ്കള്‍ വാഗ്ദാനം നല്‍കിയെങ്കിലും കച്ചവടം കൂട്ടാന്‍ പാകത്തിലുള്ള അന്തരീക്ഷമില്ലാതെ അവകള്‍ ഇന്ത്യന്‍ യൂനിയനിലേക്ക് അധിക നിക്ഷേപവുമായി വരില്ലെന്നത് ഉറപ്പാണല്ലോ. അവര്‍ക്കൊരു പ്രതീക്ഷ നല്‍കുക എന്നത് കച്ചവടത്തിന്റെ മധ്യസ്ഥന്‍ എന്ന നിലയില്‍ താങ്കളുടെ ഉത്തരവാദിത്വവുമാണ്.
ഇത്രയൊക്കെയേ വെംബ്ലിയിലെ പ്രഭാഷണത്തിലൂടെ ഉദ്ദേശിച്ചിട്ടുണ്ടാകൂ എന്ന് ശരിയായി മനസ്സിലാക്കുന്നു. അത് ഏറ്റവുമധികം മനസ്സിലാക്കുന്നത് ഹിന്ദുത്വകാലമെത്താറായെന്ന് കരുതിവരുന്ന സംഘ്പരിവാര പ്രവര്‍ത്തകരാണ്. അതുകൊണ്ടാണ് വെംബ്ലിയില്‍ “വിവിധതാ…” എന്ന നിലവിളി ഉയര്‍ന്നപ്പോള്‍ കന്നഡ മണ്ണില്‍ അവര്‍ മറ്റൊരു പോര്‍മുഖം തുറന്നത്. ടിപ്പു സുല്‍ത്താന്റെ ജന്മ വാര്‍ഷികം ആഘോഷിക്കാനുള്ള കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ അവര്‍ തെരുവിലിറങ്ങി. ആധിപത്യം സ്ഥാപിക്കാനുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ശ്രമങ്ങളെ സധൈര്യം നേരിട്ട പോരാളിയും ഭരണരീതി ആധുനികവത്കരിച്ച ഭരണാധികാരിയുമെന്ന നിലയില്‍ നിന്ന് ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ഹിന്ദുക്കളെ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്ത വര്‍ഗീയവാദിയെന്ന നിലയിലേക്ക് ടിപ്പുവിനെ ചിത്രീകരിക്കാന്‍ കാലങ്ങളായി നടക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു ഈ തെരുവിലിറങ്ങല്‍. വിദേശരാഷ്ട്രങ്ങളില്‍ ചെന്ന് എന്തൊക്കെ പറഞ്ഞാലും നാട്ടിലെ മണ്ണില്‍ ഇത്തരം പ്രവൃത്തികള്‍ വിഘ്‌നം കൂടാതെ തുടരാനാകുമെന്ന ധൈര്യം ഇപ്പോഴും താങ്കളുടെ അനുയായികള്‍ക്കുണ്ട്. അതുകൊണ്ടാണ് വെംബ്ലിയിലെ പ്രസംഗം, കരുത്തിന്റെ തുടര്‍ക്കാഴ്ചയായി വ്യാഖ്യാനിക്കുന്നവര്‍ തന്നെ ടിപ്പു ജയന്തിക്കെതിരായ സമരത്തിന് ഊര്‍ജമേകാന്‍ രംഗത്തെത്തിയത്. അസഹിഷ്ണുതയുടെ ഈ വിളംബരത്തെ എതിര്‍ത്തവരെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്.
ചരിത്രത്തെ കാവിവത്കരിക്കുക എന്നത് വൈവിധ്യത്തെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ മൂലശിലയാണ്. പാഠ്യപദ്ധതിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇടപെട്ടും ശാസ്ത്ര നേട്ടങ്ങള്‍ വേദകാലത്തുള്ളവയായിരുന്നുവെന്ന് വ്യാഖ്യാനിച്ചും സംഘ്പരിവാരം നടത്തുന്നത് വൈവിധ്യങ്ങളെ ഇല്ലാതാക്കുകയും രാഷ്ട്രീയ സ്വയം സേവക് സംഘ് നിര്‍വചിക്കുന്ന ഹിന്ദുത്വ എന്ന ഏകധ്രുവത്തിലേക്ക് കാര്യങ്ങളെ എത്തിക്കുകയും ചെയ്യുകയാണ്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള അവസരമെത്തിയിരിക്കുന്നുവെന്ന് സര്‍ സംഘചാലക് ആവര്‍ത്തിക്കുന്നത് ഈ പ്രവൃത്തികള്‍ കണക്കിലെടുത്തുമാണ്. ഇതിനെയെല്ലാം അംഗീകരിച്ച്, വിധേയഭാവമുള്ള വൈവിധ്യം അതാകണം ഭവാന്‍ അര്‍ഥമാക്കിയിട്ടുണ്ടാകുക. വാച്യാര്‍ഥം, അതും രാഷ്ട്രനേതാവിന്റെ നാവില്‍ നിന്നുള്ളതിന്റെ, മനസ്സിലാക്കുന്ന ആംഗലേയമര്യാദ ഈ നിലവിളി കൊണ്ട് അടങ്ങിയിട്ടുണ്ടാകും. വ്യംഗ്യാര്‍ഥം മനസ്സിലാക്കുന്ന അണികള്‍ അവരുടെ പ്രവൃത്തി തുടരുകയും ചെയ്യും. ഉറപ്പ്.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest