പി എസ് സി അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡിംഗിന് സമയപരിധി വരുന്നു

Posted on: November 17, 2015 5:37 am | Last updated: November 17, 2015 at 12:38 am
SHARE

തിരുവനന്തപുരം: പി എസ് സി പരീക്ഷക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നതിന് നിശ്ചിത സമയപരിധി വെക്കുന്നത് സംബന്ധിച്ച നിര്‍ദേശത്തിന് കമ്മീഷന്‍ യോഗം അംഗീകാരം നല്‍കി. ഇതിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് അടുത്ത യോഗത്തില്‍ വിശദമായ ചര്‍ച്ച നടത്തി തീരുമാനമെടുക്കും. പുതിയ സമ്പ്രദായം നടപ്പാക്കുന്നത് സംബന്ധിച്ച പ്രായോഗിക വശങ്ങളെക്കുറിച്ച് പഠനം നടത്തിയ ഡോ. മോഹന്‍ദാസ്, ഡോ. ഉഷ, ലോപ്പസ് മാത്യു എന്നിവരടങ്ങിയ ഉപസമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് തീരുമാനം. പി എസ് സി പരീക്ഷക്ക് ധാരാളം ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും പകുതിയോളം പേര്‍ പരീക്ഷക്ക് ഹാജരാകാത്തതിനാല്‍ വന്‍തോതില്‍ പാഴ്‌ച്ചെലവുണ്ടാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
അപേക്ഷാര്‍ഥികളുടെ എണ്ണം കണക്കിലെടുത്താണ് പി എസ് സി ചോദ്യപേപ്പര്‍ അച്ചടിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതാത്ത സാഹചര്യത്തില്‍ ചോദ്യപേപ്പര്‍ പാഴാകുന്നത് സാമ്പത്തികനഷ്ടമുണ്ടാക്കുന്നു. ഇപ്പോള്‍ പരീക്ഷാ സമയത്തിന് മുമ്പുവരെ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും. പുതിയ സംവിധാനമനുസരിച്ച് നിശ്ചിത തീയതിക്കകം അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ച് ചോദ്യപേപ്പര്‍ അച്ചടിക്കും. ഇതിനുശേഷം പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് അപ്രത്യക്ഷമാകും.
പി എസ് സിക്കുണ്ടാവുന്ന അനാവശ്യ ചെലവ് സമയപരിധി നിശ്ചയിക്കുന്നതിലൂടെ ഒഴിവാക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. 36 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ നാല് മാസമായി കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്ന അംഗം സിമി റോസ്‌ബെല്‍ ഇന്നലത്തെ യോഗത്തിനെത്തിയിരുന്നു. വിദേശയാത്രയുടെ പേരില്‍ അവധിയിലായിരുന്ന അംഗം മടങ്ങിയെത്തിയിട്ടും കമ്മീഷന്‍ യോഗത്തില്‍ ഹാജരാകാത്തത് വിവാദമായിരുന്നു.