Connect with us

Gulf

ഭീകരാക്രമണം കമ്പോളങ്ങളെ ബാധിക്കുന്നു

Published

|

Last Updated

പാരീസില്‍ ഭീകരാക്രമണം മധ്യപൗരസ്ത്യ ദേശത്തിന്, നേരിട്ടല്ലെങ്കിലും വലിയ ആഘാതമായിരിക്കുന്നു. പരസ്പര വാണിജ്യ, വ്യോമ ഗതാഗത ബന്ധങ്ങളെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയതിനാല്‍ യാത്രക്കാര്‍ ആശങ്കയിലാണ്. മറ്റൊന്ന്, സിറിയയിലെയും ഇറാഖിലെയും അഭയാര്‍ഥികള്‍ എങ്ങോട്ടുപോകുമെന്നതാണ്. ഗള്‍ഫ് രാജ്യങ്ങളെയായിരിക്കും അഭയാര്‍ഥികള്‍ ഇനി ലക്ഷ്യം വെക്കുക. ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. പാരീസിലെ ഭീകരാക്രമണവുമായി അഭയാര്‍ഥി പ്രവാഹത്തെ കൂട്ടിക്കെട്ടരുതെന്ന് ജര്‍മനി വ്യക്തമാക്കിയെങ്കിലും പാശ്ചാത്യ രാജ്യങ്ങളിലെ തീവ്ര വലതുപക്ഷ കക്ഷികള്‍ അഭയാര്‍ഥി വിരുദ്ധ പ്രക്ഷോഭത്തിനിറങ്ങുകയാണ്. ഇത്, മധ്യ പൗരസ്ത്യദേശ സമൂഹത്തിനെതിരെയുള്ള വികാരം പടര്‍ത്തുന്നതില്‍ കലാശിക്കും.
ഫ്രാന്‍സും യു എ ഇയും തമ്മില്‍ വാണിജ്യബന്ധം ശക്തിപ്പെട്ടുവരുകയായിരുന്നു. പാശ്ചാത്യനാടുകളില്‍ യു എ ഇക്ക് ഏറ്റവും വിശ്വസിക്കാവുന്ന പങ്കാളിയായിരുന്നു ഫ്രാന്‍സ്. യു എ ഇയുടെ അതിര്‍ത്തി സുരക്ഷിതത്വത്തില്‍ ഫ്രാന്‍സ് നിര്‍ണായക പങ്കുവഹിക്കുന്നു. ഫ്രാന്‍സിനെതിരെയുള്ള ആക്രമണത്തെ യു എ ഇ ശക്തിയുക്തം അപലപിച്ചു. ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്ന് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ചൂണ്ടിക്കാട്ടി. “ഫ്രാന്‍സ് യു എ ഇയുടെ സുഹൃത്തും തന്ത്രപ്രധാന പങ്കാളിയുമാണ്. അവിടെയുള്ള സാധാരണക്കാര്‍ക്കെതിരെയാണ് ആക്രമണം നടന്നിരിക്കുന്നത്”.
ഫ്രാന്‍സിന്റെ സുരക്ഷിതത്വത്തിന് എല്ലാവിധ സഹായവും നല്‍കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് അഥവാ ദായിഷ് ഏറ്റെടുത്തിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ അതിര്‍ത്തികളില്‍ പട്ടാളത്തെ കൂടുതലായി വിന്യസിച്ചിരിക്കുന്നു. ബെല്‍ജിയം, സ്വിറ്റ്‌സര്‍ലാന്റ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ വിമാനത്താവളങ്ങളിലും മുന്‍കരുതല്‍ സ്വീകരിക്കുന്നു.
ഭീകരതക്കെതിരെ ലോകം ഒറ്റക്കെട്ടായി എന്നതാണ് ഗള്‍ഫ് രാജ്യങ്ങളെ ആശ്വസിപ്പിക്കുന്നത്. അമേരിക്കയും റഷ്യയും പ്രത്യാക്രമണത്തില്‍ സഹകരിക്കാന്‍ തീരുമാനിച്ചു. സഊദി അറേബ്യയും യു എ ഇയും മറ്റും ഇതിനോട് സഹകരിക്കുന്ന നിലപാട് സ്വീകരിക്കും. അല്‍ ഖാഇദയെ ഒറ്റപ്പെടുത്തിയതുപോലെ, ദായിഷിനെയും ഉന്മൂലനം ചെയ്യും. പക്ഷേ, ഇതിനിടയില്‍ വാണിജ്യ ഇടപാടുകളഉം വിനോദ സഞ്ചാരങ്ങളും തടസപ്പെടുന്നതിന് വന്‍ നഷ്ടമാണ് വരുത്തിവെക്കുക. ആഗോള സാമ്പത്തിക മാന്ദ്യം കാരണം ഇപ്പോള്‍തന്നെ ക്രയവിക്രയങ്ങള്‍ കുറവാണ്. ഭീകരാക്രമണം കൂടി നടന്നതോടെ കൂനിന്മേല്‍ കുരുവാണ്. ഇത്, ഗള്‍ഫ് കമ്പോളങ്ങളിലും പ്രതിഫലിക്കും.
ഫ്രാന്‍സ് സന്ദര്‍ശിക്കാന്‍ യു എ ഇ പൗരന്മാര്‍ക്ക് വിസയുടെ ആവശ്യമില്ലെന്നും അതേസമയം ഫ്രാന്‍സിലെ വിമാനത്താവളങ്ങളില്‍ സുരക്ഷാപരിശോധന കര്‍ശനമാക്കിയത് കണക്കിലെടുക്കണമെന്നും യു എ ഇയിലുള്ള ഫ്രഞ്ച് സ്ഥാനപതി മൈക്കേല്‍ മിറേയ്‌ലെറ്റ് വ്യക്തമാക്കി. ഷെങ്കന്‍ വിസയിലാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യു എ ഇ പൗരന്മാര്‍ പോവുന്നത്. നിലവിലെ സാഹചര്യത്തില്‍ പരിശോധനകള്‍ കൂടുതലായി. വിശേഷിച്ച് ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍. ഇത് കുറച്ചുകാലത്തേക്കെങ്കിലും നീണ്ടുനില്‍ക്കുമെന്നതാണ് ഭീകരാക്രമണത്തിന്റെ ഫലം.

---- facebook comment plugin here -----

Latest