വൈദ്യുതി രംഗത്ത് പുതിയ ചുവടുവെപ്പുമായി ദിവ

Posted on: November 16, 2015 8:39 pm | Last updated: November 16, 2015 at 8:39 pm
SHARE

Photo (1)ദുബൈ: ജല, വൈദ്യുതി രംഗത്ത് അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താനും 260 കോടി ദിര്‍ഹമിന്റെ പദ്ധതികള്‍ക്ക് ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ദിവ) രൂപംനല്‍കി.
പരിസ്ഥിതി സൗഹൃദം ലക്ഷ്യംവെച്ച് 6,000 കോടി ദിര്‍ഹം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ വൈദ്യുതി, ജല പദ്ധതികള്‍ക്കായി ചെലവഴിക്കും. ഇതിലൂടെ ഈ രംഗത്തേക്കു കൂടുതല്‍ നിക്ഷേപം എത്തിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. പരിസ്ഥിതി സൗഹൃദ സമീപനത്തില്‍ സൗരോര്‍ജ പദ്ധതികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സൗരോര്‍ജ പാര്‍ക്ക് പദ്ധതി, വീടുകളുടെ മേല്‍കൂരയില്‍ സ്ഥാപിക്കുന്ന ഫോട്ടോവോള്‍ട്ടെയ്ക് പദ്ധതി എന്നിവയെ ആശ്രയിച്ചാണ് ദിവയുടെ സൗരോര്‍ജ ലക്ഷ്യങ്ങള്‍.
മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സോളര്‍ പാര്‍ക്ക് വഴി 2030ല്‍ 3,000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ദിവ ലക്ഷ്യംവെക്കുന്നത്. വീടുകളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ പാനലുകള്‍ ഘടിപ്പിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയായ ശംസ്, ദുബൈ ദിവ ആവിഷ്‌കരിച്ചിരുന്നു. പുനരുപയോഗ ഊര്‍ജ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ദുബൈ സര്‍ക്കാരിന്റെ സ്മാര്‍ട് പദ്ധതിയോട് ചേര്‍ന്നാണു ദിവയുടെ ഈ നീക്കം. സൗരോര്‍ജ ഉല്‍പാദനത്തിനായി ഫോട്ടോവോള്‍ട്ടെയ്ക് പാനലുകള്‍ വീടുകളുടെ മേല്‍കൂരകളില്‍ പദ്ധതിയിലൂടെ സ്ഥാപിക്കും.
2030ല്‍ ദുബൈയുടെ ഊര്‍ജ ആവശ്യം 30 ശതമാനമായി കുറക്കാനാണ് ലക്ഷ്യമിടുന്നത്. 2020ല്‍ പുനരുപയോഗ ഊര്‍ജം ഏഴ് ശതമാനവും 2030 ല്‍ 15 ശതമാനവുമാക്കുകയാണ് ലക്ഷ്യം.
2021ഓടെ ലോകത്തിലെ മികച്ച ഊര്‍ജകാര്യശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് യു എ ഇയെ മാറ്റുകയെന്ന യു എ ഇ 2021 പദ്ധതിയുടെ ഭാഗമായാണ് ദിവയുടെ പദ്ധതികള്‍. 2020ല്‍ നടക്കുന്ന 2020 എക്‌സ്‌പോ ഏറ്റവും മികച്ച എക്‌സ്‌പോയാക്കാനും ദിവ ലക്ഷ്യമിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here