Connect with us

Gulf

ജിദ്ദ കെ.എം.സി.സി കുടുംബസുരക്ഷാ പദ്ധതിയില്‍ കുടുംബിനികള്‍ക്കും അംഗത്വം നല്‍കും

Published

|

Last Updated

ജിദ്ദ: പതിറ്റാണ്ടുകള്‍ നീണ്ട പ്രവാസ ജീവിതത്തില്‍ കുടുംബത്തിന്റെ ഭാവി സുരക്ഷക്ക് വേണ്ടി ഒന്നും സമ്പാദിക്കാന്‍ കഴിയാതെ മക്കളെ അനാഥമാക്കി ആകസ്മിക മരണത്തിനിരയാവുന്ന പാവപ്പെട്ട പ്രവാസികളുടെ അനാഥ കുടുംബത്തിന് സംരക്ഷണം നല്‍കുക എന്ന സാമൂഹ്യ ഉത്തരവാദിത്വം മുന്‍നിര്‍ത്തി ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി 5 വര്‍ഷം മുമ്പ് തുടക്കമിട്ട കെ.എം.സി.സി കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി പ്രവാസിയുടെ കുടുംബിനിയെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ടും ജനറല്‍സെക്രട്ടറി അബൂബക്കര്‍ അരിമ്പ്രയും പത്ര സമ്മേളനത്തില്‍ പറഞ്ഞു. 50 റിയാല്‍ അടച്ച് പദ്ധതിയില്‍ അംഗമാവുന്നവര്‍ക്ക് മരണാനന്തര സഹായമായി കുടുംബത്തിന് 3 ലക്ഷം രൂപ നല്‍കും. കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അമ്പതിനായിരം രൂപയും മറ്റ് രോഗ ചികിത്സകള്‍ക്ക് മുപ്പതിനായിരം രൂപയും ആനുകൂല്യം ലഭിക്കും.
പദ്ധതി കാലയളവില്‍ 63 പേര്‍ക്ക് ചികിത്സാ സഹായവും നല്‍കി. മൊത്തം ഗുണഭോക്താക്കള്‍ക്ക് സഹായമായി നല്‍കിയത് 84 ലക്ഷം രൂപയാണ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജിദ്ദ കെ.എം.സി.സി പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും അടങ്ങുന്ന ജോയിന്റ് അക്കൗണ്ടിലാണ് പദ്ധതി ഫണ്ട് നിക്ഷേപിക്കുന്നത്.
സര്‍ക്കാറിന്റെയോ മറ്റു ഔദ്യോഗിക ഏജന്‍സികളുടെയോ യാതൊരു വിധ സഹായവുമില്ലാതെ അംഗങ്ങളില്‍ നിന്ന് വളരെ ചെറിയ പ്രീമിയം മാത്രം വാങ്ങിച്ച് നടത്തിക്കൊണ്ടുപോവുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ പദ്ധതിയെ സംസ്ഥാന സര്‍ക്കാര്‍ പോലും പ്രശംസിച്ചതായി കെ.എം.സി.സി നേതാക്കള്‍ പറഞ്ഞു.
ഈ മാസം 20ന് രാത്രി 8 മണിക്ക് ശറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് പുതിയ വര്‍ഷത്തെ പദ്ധതിയുടെ ഉല്‍ഘാടനവും ഫോം വിതരണവും നടക്കും.
നാട്ടിലെ പാവപ്പെട്ട രോഗികളെ സഹായിക്കുന്ന സി.എച്ച് സെന്ററുകള്‍ക്കും പ്രവാസികള്‍ക്കിടയില്‍ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുന്ന ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിനു വേണ്ടിയും പ്രതിവര്‍ഷം വന്‍തുക ചെലവിടുന്ന ജിദ്ദ കെ.എം.സി.സിയുടെ ഏറ്റവും വലിയ സേവനപദ്ധതിയായ ബൈത്തുറഹ്മയുടെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് നേതാക്കള്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ പി.എം.എ ജലീല്‍, സി.കെ.എ റസാഖ് മാസ്റ്റര്‍, മജീദ് പുകയൂര്‍, ഇസ്മായില്‍ മുണ്ടക്കുളം എന്നിവരും പങ്കെടുത്തു.

Latest