Connect with us

Gulf

ഖത്വറിലെ ശക്തരുടെ പട്ടികയില്‍ ഹസാന്‍ അല്‍ തവാദി ഒന്നാമന്‍

Published

|

Last Updated

ദോഹ: രാജ്യത്തെ ശക്തരായ അമ്പതു പേരുടെ പട്ടികയില്‍ സുപ്രീം കമ്മിറ്റി ഫോര്‍ ലീഗസി ആന്‍ഡ് ഡെലിവറി സെക്രട്ടറി ജനറല്‍ ഹസാന്‍ അല്‍ തവാദി മുന്നില്‍. അറേബ്യന്‍ ബിസിനസ് മാഗസിനാണ് പട്ടിക തയാറാക്കിയത്. ദോഹയില്‍ കൂടുതല്‍ സ്വാധീനനം ചെലുത്തുന്നവരും പ്രവര്‍ത്തനരംഗത്തുള്ളവരുമായ പൗരന്‍മാരില്‍നിന്നാണ് അമ്പതു പേരെ തിരഞ്ഞെടുത്തത്.
ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ബോര്‍ഡ് മെമ്പര്‍ ഹുസൈന്‍ അലി അല്‍ അബ്്ദുല്ലയാണ് രണ്ടാംസ്ഥാനത്ത്, ഖത്വര്‍ നാഷനല്‍ ബേങ്ക് സി ഇ ഒ അലി അല്‍ കുവാരി, ഖത്വര്‍ പെട്രോളിയം ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സദ, അമീറിന്റെ ഉപദേശകന്‍ അഹ്്മദ് അല്‍ സെയ്ദ്, ഖത്വര്‍ പെട്രോളിയം പ്രസിഡന്റും സി ഇ ഒയുമായ സഅദ് ശരീദ അല്‍ കഅബി, പാരീസ് സെന്റ് ജര്‍മൈന്‍ പ്രസിഡന്റ് നാസര്‍ അല്‍ ഖുലൈഫി, ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍, അല്‍ ഫര്‍ദാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഹുസൈന്‍ ഇബ്രാഹിം അല്‍ ഫര്‍ദാന്‍, ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി സി ഒ ഒ ഖലീഫ ജാസിം അല്‍ കുവാരി എന്നിവരാണ് ആദ്യ പത്തില്‍ ഇടം പിടിച്ചവര്‍. മൂന്നു വനിതകളാണ് പട്ടികയിലുള്ളത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എം ഡി ഹനാന്‍ അല്‍ കുവാരി 20 ാം സ്ഥാനത്തും ഖത്വര്‍ ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ സി ഇ ഒ ഐശ അല്‍ മുദാഖ 32ാം സ്ഥാനത്തും ക്യു എന്‍ ബി കാപിറ്റല്‍ സി ഇ ഒ മീറ അല്‍ അതിയ്യ 36ാം സ്ഥാനത്തുമെത്തി.
രാജകുടുംബത്തില്‍ നിന്നും മന്ത്രിമാരില്‍ നിന്നും ആരെയും ഉള്‍പെടുത്താതെയാണ് ശക്തരെ കണ്ടെത്തിയത്. എന്നാല്‍ ഊര്‍ജ, വ്യവസായ മന്ത്രി മുഹമ്മദ് സ്വാലിഹ് അല്‍ സദയെ പരിഗണിച്ചു. ഇത് ഖത്വറിലെ മൂന്നു വലിയ കമ്പനികളുടെ ചെയര്‍മാന്‍ പദവി വഹിക്കുന്നതു പരിഗണിച്ചാണെന്ന് മാഗസിന്‍ അറിയിപ്പില്‍ വ്യക്തമാക്കി. നാലാമത് ഖത്വര്‍ പവര്‍ ലിസ്റ്റാണ് മാഗസിന്‍ ഇന്നലെ പ്രസിദ്ധീകരിച്ചത്. ഈ വര്‍ഷത്തെ പട്ടികയില്‍ പത്തു പേര്‍ പുതുതായി ഉള്‍പെട്ടു. മൂന്നു വനിതകള്‍ ഒഴിവായി. ഒരാള്‍ നാലാംസ്ഥാനത്തു നിന്നും താഴോട്ടു പോയി.
300 പേരുടെ പട്ടികയില്‍ നിന്നാണ് 50 പേരെ തിരഞ്ഞെടുത്തത്. ആറുമാസത്തെ നടപടിക്രമങ്ങളിലൂടെയാണ് വിവിധ മാനദണ്ഡങ്ങള്‍ വെച്ച് പരിശോധിച്ച് പട്ടിക തീര്‍പ്പാക്കിയത്. ഓരോരുത്തരും അവരവരുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ എത്ര സ്വാധീനം ചെലുത്തുന്നു. ബിസിനസ് രംഗത്തെ പ്രവര്‍ത്തനം, ഇതുവഴി കമ്പനി എന്തുമാത്രം ലാഭമുണ്ടാക്കുന്നു, എത്ര പേര്‍ക്ക് തൊഴില്‍ നല്‍കുന്നു തുടങ്ങിയവയെല്ലാം പരിഗണിച്ചു. പൊതുവേ പ്രവര്‍ത്തനം സാമ്പത്തിക മേഖലയെ എങ്ങനെ ബാധിച്ചു, സംരംഭങ്ങളിലും വിദ്യാഭ്യാസ രംഗത്തും എങ്ങിനെ ഇടപെട്ടു തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് പട്ടിക അന്തിമമാക്കിയത്.
കഴിഞ്ഞ വര്‍ഷത്തെ പട്ടികയിലെ രണ്ടാംസ്ഥാനത്തു നിന്നാണ് ഹസാന്‍ അല്‍ തവാദി ഇത്തവണ ഒന്നാമതെത്തിയത്. ഗള്‍ഫിലെ ആദ്യത്തെ ഗ്ലോബല്‍ ഇവന്റായ ലോകകപ്പ് 2022ന്റെ സംഘാടകന്‍ എന്ന അംഗീകാരം അദ്ദേഹത്തെ ഒന്നാമനാക്കാന്‍ സഹായിച്ചു. ഇനിയും ഏഴു വര്‍ഷമുണ്ടെങ്കിലും അദ്ദേഹത്തിന്റെ തിരക്കു പിടിച്ച നാളുകളാണിത്.