Connect with us

Gulf

സന്ദര്‍ശക വിസയില്‍ ഒമാനിലേക്ക് പോയ മലയാളി മുങ്ങി; ട്രാവല്‍സിന് ആയിരക്കണക്കിന് റിയാലിന്റെ നഷ്ടം

Published

|

Last Updated

മസ്‌കത്ത്: ഒരു മാസത്തെ സന്ദര്‍ശക വിസയില്‍ ഒമാനിലേക്ക് പോയ പാലക്കാട് കൂറ്റനാട് സ്വദേശി മുങ്ങിയതായി പരാതി. ചെല്ലിശ്ശേരി സ്വദേശി മുഹമ്മദ് വീരാന്‍ കുട്ടിയാണ് ട്രാവല്‍സിനെ കബളിപ്പിച്ച് മുങ്ങിയത്. വിസ കാലാവധി പൂര്‍ത്തിയായിട്ടും ഇയാള്‍ രേഖാമൂലം രാജ്യംവിടാത്തതിനെ തുടര്‍ന്ന് ട്രാവല്‍സിനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് അധികൃതര്‍. ഇയാളെ കണ്ടെത്തി നാട്ടിലേക്ക് അയച്ചിട്ടില്ലെങ്കില്‍ കമ്പനിയിലെ മലയാളികളടക്കമുള്ള തൊഴിലാളികള്‍ക്കെതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ട്. നാട്ടിലെ സുഹൃത്തുക്കളുടെ മുഖേനെയാണ് ഇയാള്‍ക്ക് ട്രാവല്‍സിലെ ജീവനക്കാരനായ അനീഷ് വിസ നല്‍കിയത്.
മൂന്നര മാസമായി മുഹമ്മദിനെ കുറിച്ച് ട്രാവല്‍സ് ഏജന്‍സിക്ക് യാതൊരു വിവരവുമില്ല. ബുറൈമി, ഇസ്‌കി എന്നിവിടങ്ങളില്‍ പല സ്ഥലങ്ങളിലായി ഇയാള്‍ ജോലി ചെയ്തിരുന്നുവെന്ന് ട്രാവല്‍സുകാര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. മുമ്പ് ദുബൈയില്‍ പ്രവാസിയായിരുന്ന ഇയാള്‍ അനധികൃതമായി റോഡ് മാര്‍ഗം ദുബൈയിലേക്ക് കടന്നതായും അവിടെ നിന്ന് നാട്ടിലേക്ക് വിളിച്ചിരുന്നതായും ട്രാവല്‍ ഏജന്‍സി മാനേജര്‍ പറഞ്ഞു.
ദുബൈയിലെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചില്ല. ഇയാള്‍ക്ക് വേണ്ടി ഒമാന്‍ – ദുബൈ അതിര്‍ത്തിയിലെ പല സ്ഥലങ്ങളിലും ഇസ്‌കി, ബുറൈമി എന്നിവിടങ്ങളിലും അന്വേഷണം നടത്തിയിട്ടുണ്ട്. ആര്‍ ഒ പിയിലും നാട്ടിലെ പോലീസ് സ്റ്റേഷനിലും പരാതിപ്പെട്ടിട്ടുണ്ടെന്ന് ട്രാവല്‍ ഏജന്‍സി ജീവനക്കാര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലും മറ്റും ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടെങ്കിലും കാര്യമുണ്ടായില്ല.
മുഹമ്മദ് രേഖാമൂലം ഒമാന്‍ വിടാത്തതിനാല്‍ ട്രാവല്‍സില്‍ പുതിയ വിസകളൊന്നും ലഭിക്കുന്നില്ല. ഇതേതുടര്‍ന്ന് ആയിരക്കണക്കിന് റിയാലിന്റെ നഷ്ടമാണ് ട്രാവല്‍സിനുണ്ടായിരിക്കുന്നത്. ജീവനക്കാരില്‍ പലര്‍ക്കും ഇക്കാരണത്താല്‍ ശമ്പളം വരെ ലഭിക്കുന്നില്ല.
മുഹമ്മദിനെ കണ്ടെത്താനാകാതെ ഇയാള്‍ക്ക് വിസ നല്‍കിയ അനീഷിന് നാട്ടിലേക്ക് പോകാന്‍ സാധിക്കില്ല. അടുത്തമാസം രണ്ട് മാസത്തിന് ശേഷം അനീഷിന്റെ വിവാഹം നടക്കാനിരിക്കെയാണ്. മുഹമ്മദിനെ കണ്ടെത്തിയാല്‍ പിഴയടക്കമുള്ള ചെലവുകള്‍ നല്‍കി നാട്ടിലേക്ക് അയക്കാന്‍ ട്രാവല്‍സ് ഏജന്‍സിയും ഇവിടുത്തെ ജീവനക്കാരും തയാറാണ്.
തന്റെ കൂട്ടുകാര്‍ മുഖേനയാണ് മുഹമ്മദിന് അനീഷ് വിസ തയാറാക്കി കൊടുത്തത്. എന്നാല്‍ മുഹമ്മദിന്റെ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ഇയാളെ കുറിച്ചുള്ള വിവരം കൃത്യമായി ലഭിച്ചിട്ടില്ല. “നെറ്റ്” ഫോണില്‍ നിന്ന് ഇടക്കിടെ വിളിക്കാറുണ്ടെന്നും എവിടെയാണെന്നോ എന്താണ് ജോലിയെന്നോ തങ്ങള്‍ക്കറിയില്ലെന്നും മുഹമ്മദിന്റെ ഭാര്യ പറയുന്നു.
ഒമാനില്‍ സന്ദര്‍ശക വിസയിലെത്തി നാട്ടിലേക്ക് തിരിച്ചുപോകാത്തവര്‍ സര്‍ക്കാറിന്റെ കണക്കില്‍ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിലാണ് ഉള്‍പ്പെടുക. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നി രാജ്യങ്ങളില്‍ നിന്നെത്തി ഒളിച്ചുകഴിയുന്നവര്‍ നിരവധിയുണ്ട്. ഇത്തരക്കാര്‍ പല ക്രിമിനല്‍ കേസിലും അകപ്പെടാറാണ് പതിവ്. മയക്കുമരുന്ന് വിതരണത്തിനും മറ്റും ഇത്തരക്കാരെ വ്യാപകമായി ഉപയോഗിക്കാറുണ്ട്.