വരണ്ട ഭൂമിയിലേക്ക് മഴ പെയ്ത് തോര്‍ന്ന പോലെ

കണ്ണാടി
Posted on: November 15, 2015 9:38 pm | Last updated: November 16, 2015 at 10:40 pm
dubai book fare
സമാപന ദിവസം ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്കെത്തിയ പുസ്തകപ്രേമികള്‍

വരണ്ട ഭൂമിയിലേക്ക് നിലക്കാതെ മഴ പെയ്ത് തോര്‍ന്നത് പോലെ, അക്ഷര സ്‌നേഹികളുടെ മനസിലേക്ക് കുളിര്‍ കോരിയിട്ട് ഷാര്‍ജ രാജ്യാന്തര പുസ്തകമേള സമാപിച്ചു. ലക്ഷക്കണക്കിനാളുകളാണ് 11 ദിവസം ഷാര്‍ജ എക്‌സ്‌പോ സെന്ററിലേക്ക് ഒഴുകിയെത്തിയത്. വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ചകളില്‍ പൂരങ്ങളെ അനുസ്മരിപ്പിക്കുന്ന ആള്‍കൂട്ടമായിരുന്നു. ആയിരക്കണക്കിനാളുകള്‍ ഓരോ പവലിയനുകളിലും കയറിയിറങ്ങി. ചിലര്‍ സഞ്ചി നിറയെ പുസ്തകങ്ങള്‍ വാങ്ങി. ഡി സി ബുക്‌സ്, സിറാജ്, ഗ്രീന്‍ ബുക്‌സ്, മാതൃഭൂമി തുടങ്ങിയ പവലിയനുകളില്‍ കാല്‍ കുത്താന്‍ എളുപ്പം ഇടം ലഭിച്ചിരുന്നില്ല.
ഭൂരിപക്ഷവും വെറുംകൈയോടെയല്ല, മടങ്ങിയത്. കുറഞ്ഞ വരുമാനക്കാര്‍ പോലും ഒന്നോ രണ്ടോ പുസ്തകങ്ങള്‍ വാങ്ങി. പണം തികയാത്തതിനാല്‍, ഇഷ്ട പുസ്തകം ഉപേക്ഷിക്കേണ്ടിവന്നവരുടെ സങ്കടവും കാണാനായി.
പുസ്തകങ്ങള്‍ക്ക് മരണമില്ലെന്ന് ധൈര്യമായി പറയാന്‍ കഴിയും. ഡിജിറ്റല്‍ യുഗത്തിലും കടലാസില്‍ രേഖപ്പെടുത്തുന്ന വാക്കുകള്‍ക്കാണ് പ്രിയം. മിക്ക അറബികളുടെയും മലയാളികളുടെയും അലമാരകളില്‍ പുസ്തകങ്ങള്‍ ഇടം പിടിച്ചിരിക്കും.
ഈ മേളയെ ധന്യമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം. മറ്റു ദേശക്കാര്‍ യു എ ഇയില്‍ ധാരാളമായി ഉണ്ടെങ്കിലും മലയാളികളെപ്പോലെ വായനയെ നെഞ്ചേറ്റുന്നവര്‍ വേറെയില്ലെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു.
64 രാജ്യങ്ങളില്‍ നിന്നാണ് പ്രസാധകരെത്തിയത്. ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ നിന്ന്. 112 ഇന്ത്യന്‍ പ്രസാധകരില്‍ ഏറെയും മലയാളവുമായി ബന്ധമുള്ളത്. ലക്ഷക്കണക്കിന് കൃതികള്‍ അവര്‍ വില്‍പന നടത്തി.
എഴുത്തുകാരെ സംബന്ധിച്ച് ആനന്ദവും അഭിമാനവും നല്‍കുന്ന മേളയാണിത്. മലയാളത്തില്‍ നിന്ന് നിരവധി എഴുത്തുകാരെത്തി. അവസാന ദിവസങ്ങളില്‍ ഡി ബാബു പോളും ടി ഡി രാമകൃഷ്ണനും പി സുരേന്ദ്രനും മറ്റും ആസ്വാദകരുമായി സംവദിച്ചു. പുസ്തക പ്രകാശനങ്ങള്‍ ധാരാളമായി നടന്നു. അത്തരം ചടങ്ങുകള്‍ക്കെല്ലാം നൂറുകണക്കിനാളുകള്‍ എത്തി. ഒരു ചടങ്ങ് കാണുമ്പോള്‍, ആളു കുറവാണെന്നും കണ്ടാല്‍, കയറിയിരുന്ന് വിളയിപ്പിക്കുന്നവരും അത്ഭുതകാഴ്ചയായിരുന്നു. ആശയമെന്തെന്നോ, ഭാഷയേതെന്നോ നോക്കാതെ, അക്ഷരത്തോടും വാക്കുകളോടുമുള്ള ബഹുമാനമാണ് അവര്‍ പ്രകടിപ്പിച്ചത്.
ഷാര്‍ജ മേളക്ക് ഇനി ഒരു വര്‍ഷം കാത്തിരിക്കണമല്ലോയെന്ന നിരാശയാണ് ഏവരെയും നഷ്ട സ്മൃതിയിലാഴ്ത്തുന്നത്. ഇത്തരമൊരു മേള കേരളത്തിലും നടന്നിരുന്നെങ്കിലെന്ന് ആഗ്രഹം പ്രകടിപ്പിച്ചവരും കുറവല്ല.