ഇന്റര്‍നാഷനല്‍ സ്‌കൂളുകള്‍: മുന്നേറുന്ന രാജ്യങ്ങളില്‍ ഖത്വറും

Posted on: November 15, 2015 8:38 pm | Last updated: November 15, 2015 at 8:38 pm
SHARE

qatar schoolദോഹ: ലോകത്ത് ഇന്റര്‍നാഷനല്‍ സ്‌കൂളുകള്‍ സ്ഥാപിച്ച് മുന്നേറ്റം പ്രതീക്ഷിക്കുന്ന രാജ്യങ്ങളില്‍ ഖത്വറും. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കും മലേഷ്യക്കുമൊപ്പമാണ് ഖത്വറും പട്ടികയില്‍ ഇടം പിടിച്ചത്. ഇന്റര്‍നാഷനല്‍ സ്‌കൂളുകള്‍ സ്ഥാപിച്ച് വിദ്യാഭ്യാസത്തിന് ആഗോള പ്രാധാന്യം നല്‍കി വളരുന്ന രാജ്യങ്ങളില്‍ ഖത്വറിനൊപ്പം യു എ ഇ, ഹോങ്‌കോംഗ് എന്നീ രാജ്യങ്ങളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്‍ര്‍നാഷനല്‍ സ്‌കൂള്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ എസ് സി റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിലാണ് ഈ രംഗത്ത് ഖത്വറിന്റെ വളര്‍ച്ച എടുത്തു പറയുന്നത്.
ഈ വര്‍ഷം ജനുവരിയിലെ കണക്ക് അനുസരിച്ച് രാജ്യത്ത് 147 ഇന്റര്‍നഷനല്‍ സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നാഷനല്‍ സ്‌കൂള്‍ കണ്‍സട്ടന്‍സിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതു പരിഗണിച്ചാണ് സ്‌കൂളുകളെ പട്ടികയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്‌കൂളുകള്‍ രാജ്യത്തു വരുന്നു എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഖത്വറിന് ഭാവി വളര്‍ച്ച പ്രവചിക്കപ്പെടുമ്പോള്‍ ഗള്‍ഫില്‍ ഇതിനകം കൂടുതല്‍ ഇന്റര്‍നാഷനല്‍ സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ട രാജ്യം യു എ ഇയാണ്. ലോകത്ത് രണ്ടാംസ്ഥാനവും യു എ ഇക്കാണ്. ചൈനയാണ് ഒന്നാമത്. യു എ ഇയില്‍ ഇപ്പോള്‍ 513 ഇന്റര്‍നാഷനല്‍ സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 143 സ്‌കൂളുകള്‍ 2011നു ശേഷം സ്ഥാപിച്ചവയാണ്. യു എ ഇക്കു പിന്നില്‍ മൂന്നാം സ്ഥാനത്ത് പാക്കിസ്ഥാനാണ്. അവിടെ 436 സ്‌കൂളുകളുണ്ട്. 401 സ്‌കൂളുകളുള്ള ഇന്ത്യ നാലാം സ്ഥാനത്തുണ്ട്. അതേസമയം വളര്‍ച്ചാ പട്ടികയില്‍ ഇന്ത്യയും ഇടം പിടിച്ചിരിക്കുന്നു. ഇന്ത്യക്കു പിറകില്‍ സഊദി അറേബ്യയാണ്. അവിടെ 245 ഇന്‍ര്‍നാഷനല്‍ സ്‌കൂളുകളേ ഉള്ളൂ എന്നു മാത്രം. ഗള്‍ഫ് നാടുകളില്‍ വിദേശികളായ വിദ്യാര്‍ഥികളാണ് സ്‌കൂളുകളുടെ മുഖ്യ ഗുണഭോക്താക്കള്‍. ഇതില്‍ മലയാളികളും ധാരാളമുണ്ട്.
ലോകവ്യാപകമായി 4.26 ദശലക്ഷം കുട്ടികളാണ് ഇന്റര്‍നാഷനല്‍ സ്‌കൂളുകളില്‍ പഠിച്ചു കൊണ്ടിരിക്കുന്നത്. 15,000 സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇന്റര്‍നാഷനല്‍ ഇംഗ്ലീഷ് സ്‌കൂളുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചു വരുന്നതായും വരും വര്‍ഷങ്ങളില്‍ എണ്ണം ഗണ്യമായി ഉയരുമെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ഒന്നാംസ്ഥാനത്തുള്ള ചൈനയില്‍ 526 സ്‌കൂളുകളുണ്ട്. നാലു വര്‍ഷം കൊണ്ടാണ് അവിടെ 218 സ്‌കൂളുകള്‍ ഉണ്ടായത്. ലോകവ്യാപകമായി ഇന്റര്‍നാഷനല്‍ സ്‌കൂളുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നു. ഇംഗ്ലീഷ് നന്നായി പഠിക്കുക എന്ന ഉദ്ദേശ്യമാണ് ഇന്റര്‍നാനല്‍ സ്‌കൂളുകള്‍ക്ക് പ്രിയം കൂടാന്‍ കാരണം.